Image

വീണ്ടും ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രം

Published on 21 July, 2012
വീണ്ടും ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രം
സിനിമ എങ്ങനെയൊക്കെ മാറി മറിയുന്നുവെന്നു പറഞ്ഞാലും എല്ലാ വര്‍ഷവും തീര്‍ച്ചയായും മലയാളി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമുണ്ട്‌. ഒരു അന്തിക്കാടന്‍ ചിത്രം. അതെ വര്‍ഷത്തിലൊന്നു വെച്ച്‌ മലയാളിക്ക്‌ വിരുന്നൊരുക്കാന്‍ എത്തുന്ന സത്യന്‍ ചിത്രം. 2000 മുതല്‍ സത്യന്‍ അന്തിക്കാടിന്റെ പതിവ്‌ അങ്ങനെയാണ്‌. വര്‍ഷത്തില്‍ ഒരു ചിത്രം മാത്രം. അത്‌ എന്നും മലയാളിയോട്‌ ഇണങ്ങി നില്‍ക്കുന്ന മലയാളിയുടെ മനസിനൊപ്പിച്ച ഒരു ചിത്രം. എവിടെ നിന്നും കോപ്പിക്കട്ടുകളില്ലാതെ, അനുകരണങ്ങളില്ലാതെ സ്വന്തമായ വഴിയിലൂടെ സത്യന്‍ അന്തിക്കാട്‌ വെട്ടിയൊരുക്കിയ പാതയാണത്‌. സത്യന്‍ അന്തിക്കാട്‌ എന്ന ബ്രാന്‍ഡ്‌ നെയിം ഉണ്ടായതും അങ്ങനെ തന്നെ.

സിനിമ പൂര്‍ത്തിയായതിനു ശേഷമേ എന്നും സത്യന്‍ തന്റെ ചിത്രത്തിന്‌ പേരിടുകയുള്ളു. അതുവരെ വാര്‍ത്തകളില്‍ സത്യന്‍ ചിത്രം എന്ന പേരിലാവും ആ സിനിമ നിറഞ്ഞു നില്‍ക്കുക. സ്‌നേഹവീട്‌ എന്ന മോഹന്‍ലാല്‍ ചിത്രത്തിനു ശേഷം പതിവു ശൈലികളില്‍ നിന്നും അല്‌പം വിട്ടു നടക്കുകയാണ്‌ ഇത്തവണ സത്യന്‍ അന്തിക്കാട്‌. തന്റെ സിനിമകള്‍ക്ക്‌ സ്ഥിരമായി പശ്ചാത്തലമാകാറുള്ള പാലക്കാടന്‍ കാഴ്‌ചകള്‍ ഇത്തവണ സത്യന്‍ ചിത്രത്തില്‍ ഇല്ല. കടലിന്റെ പശ്ചാത്തലത്തിലാണ്‌ ഇത്തവണ സത്യന്‍ തന്റെ സിനിമയൊരുക്കുന്നത്‌. കടല്‍ പശ്ചാത്തലമായി ഏറെക്കാലത്തിനു ശേഷം ഒരുങ്ങുന്ന ചിത്രം കൂടിയാണിത്‌.

രസതന്ത്രം മുതല്‍ സ്വയം തിരക്കഥയെഴുതി വന്ന ശൈലിയില്‍ നിന്നും മാറി നടക്കുകയാണ്‌ ഇത്തവണ സത്യന്‍. ബെന്നി.പി.നായരമ്പലമാണ്‌ ഈ സത്യന്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌. ചാന്തുപൊട്ട്‌ എന്ന്‌ കടല്‍ പശ്ചാത്തലമായുള്ള ഹിറ്റ്‌ ചിത്രത്തിന്‌ തിരക്കഥയൊരുക്കിയ ബെന്നി.പി.നായരമ്പലം ആദ്യമായാണ്‌ സത്യന്‍ ചിത്രത്തിന്‌ തിരക്കഥയൊരുക്കുന്നത്‌.

അതുപോലെ തന്നെ കാമറക്ക്‌ മുമ്പിലും തീര്‍ത്തും പുതുമുഖങ്ങളുമായാണ്‌ ഇത്തവണ സത്യന്‍ ചിത്രം ഒരുങ്ങുന്നത്‌. സാധാരണ മോഹന്‍ലാല്‍, ജയറാം എന്നിവരില്‍ ആരെങ്കെലുമില്ലാതെ ഒരു സത്യന്‍ ചിത്രം എത്താറില്ല. നായകന്‍മാരില്ലാത്ത അച്ചുവിന്റെ അമ്മ പോലുള്ള ചിത്രങ്ങളും സത്യന്‍ അന്തിക്കാട്‌ ഒരുക്കിയിട്ടുണ്ടെങ്കിലും സമീപകാലത്തെല്ലാം നായക പ്രധാന്യമുള്ള ചിത്രങ്ങളായിരുന്നു സത്യന്റേത്‌. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമായി ഇത്തവണ പുതമുഖ താരങ്ങളുമായിട്ടാണ്‌ സത്യന്‍ എത്തുന്നത്‌.

ആദ്യമായിട്ടാണ്‌ നവാഗതര്‍ എന്നു തന്നെ പറയാവുന്ന താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി സത്യന്‍ ചിത്രമൊരുക്കുന്നത്‌. നമിതാ പ്രമോദ്‌ എന്ന യുവനായികയാണ്‌ സത്യന്‍ ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. ട്രാഫിക്ക്‌ എന്ന ചിത്രത്തില്‍ റഹ്‌മാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മകളുടെ വേഷം അവതരിപ്പിച്ചാണ്‌ നമിതാ പ്രമോദ്‌ സിനിമയിലെത്തിയത്‌. അതിനു ശേഷം നമിത സിനിമകളിലൊന്നും അഭിനയിച്ചിരുന്നുമില്ല. എന്നാലിപ്പോള്‍ സത്യന്‍ ചിത്രത്തിലൂടെ നായികയായി അതും കേന്ദ്രകഥാപാത്രമായി സിനിമയിലെത്തുകയാണ്‌ നമിത. അസീന്‍, നയന്‍താര, സംയുക്തവര്‍മ്മ തുടങ്ങിയ നായികമാരെ മലയാള സിനിമയിലെത്തിച്ചത്‌ സത്യന്‍ അന്തിക്കാട്‌ തന്നെയായിരുന്നു. ഇവരെപോലെ തന്നെ സിനിമയില്‍ ഒരു പുതിയ പ്രതീക്ഷ തന്നെയായിരിക്കും നമിതയും.

നിവിന്‍പോളിയാണ്‌ ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നത്‌. മലര്‍വാടി ആര്‍ട്ടിസ്‌ ക്ലബ്‌ എന്ന ചിത്രത്തിനു ശേഷം നിവിന്‍പോളിക്ക്‌ സിനിമയില്‍ നല്ലൊരു വേഷം ലഭിക്കുന്നത്‌ തട്ടത്തിന്‍മറയത്ത്‌ എന്ന ചിത്രത്തിലൂടെയാണ്‌. തട്ടത്തിന്‍മറയത്ത്‌ സൂപ്പര്‍ഹിറ്റായതോടെ മലയാള സിനിമയില്‍ നിവിന്‍പോളിക്ക്‌ ഒരു ഇടം ലഭിച്ചിരിക്കുന്നു. അതിനൊപ്പമാണ്‌ ഇപ്പോള്‍ സത്യന്‍ അന്തിക്കാട്‌ ചിത്രവും നിവിന്‍പോളിയെ തേടിയെത്തുന്നത്‌. ഈ ചിത്രത്തോടെ മലയാള സിനിമയിലെ മുന്‍നിര താരമായി നിവിന്‍പോളി മാറുമെന്ന്‌ തന്നെ പ്രതീക്ഷിക്കാം.

സത്യന്‍ അന്തിക്കാടു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളില്‍ ഇത്തവണ ഒപ്പമുള്ളത്‌ നെടുമുടി വേണുവാണ്‌. ഇന്നസെന്റ്‌, മാമുക്കോയ, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ ഇത്തവത്തെ സത്യന്‍ ചിത്രത്തിലില്ല. കടലിന്റെ പശ്ചാത്തലത്തില്‍ ഒരു മുക്കുവ ഗ്രാമത്തിന്റെ കഥയാണ്‌ സത്യന്‍ ഈ ചിത്രത്തിലൂടെ പറയുന്നത്‌. കടലില്‍ മീന്‍ പിടുത്തം ജീവിതമാര്‍ഗമാക്കുകയും കരയിലെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുമയോടെ ജീവിക്കുകയും ചെയ്യുന്ന ഒരു ഗ്രാമം.

പന്ത്രണ്ടാം വയസില്‍ ഈ കടലോരഗ്രാമത്തില്‍ ഒറ്റപ്പെട്ടു പോയ പെണ്‍കുട്ടിയിലൂടെയാണ്‌ സിനിമ ആരംഭിക്കുന്നത്‌. ചെന്താമര എന്നു വിളിക്കുന്ന അവള്‍ ആ ഗ്രാമത്തിന്റെ പ്രീയപ്പെട്ടവളാണ്‌. നമിതാ പ്രമോദാണ്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌. താരമയുടെ ആഗ്രഹങ്ങളിലൂടെയും സ്വപ്‌നങ്ങളിലൂടെയും മുമ്പോട്ടു പോകുന്ന കഥയില്‍ പ്രണയത്തിന്‌ ഒരു പ്രധാന സ്ഥാനമുണ്ട്‌.

നിവന്‍പോളിയുടെ മോഹന്‍ എന്ന കഥാപാത്രമാണ്‌ ചിത്രത്തിലെ പ്രധാനപ്പെട്ട മറ്റൊരു വേഷം. മോഹന്‍ ടി.ടി.സി പാസായവനാണ്‌. ഗ്രാമത്തിലെ കുട്ടികള്‍ക്ക്‌ ട്യൂഷന്‍ എടുക്കുകയാണ്‌ അവന്റെ പ്രധാന ജോലി. ഒപ്പം എന്തു ജോലി ചെയ്യാനും അവനൊരു മടിയുമില്ല. അവന്റെ മനസില്‍ അവന്‍ എന്നും ഒളിപ്പിച്ചുവെച്ചൊരു പ്രണയമുണ്ടായിരുന്നു. അത്‌ ചെന്താമരയോടുള്ള പ്രണയമായിരുന്നു. ഈ പ്രണയം അവളും ആ ഗ്രാമവും തിരിച്ചറിയുന്നിടത്ത്‌ കഥക്ക്‌ പുതിയ വഴിത്തിരിവുകളുണ്ടാകുന്നു.

നെടുമുടി വേണുവിന്റെ കെ.പിയാണ്‌ ചിത്രത്തിലെ ശക്തമായ മറ്റൊരു കഥാപാത്രം. മല്ലിക, സിദ്ധാര്‍ഥ്‌ ശിവ, ചെമ്പില്‍ അശോകന്‍, ധര്‍മ്മജന്‍, കോവൂര്‍ വിനോദ്‌, അനിതാ സുരേഷ്‌ തുടങ്ങിയ താരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. വേണുവാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. കൈതപ്രത്തിന്റെ ഗാനങ്ങള്‍ക്ക്‌ ഇളയരാജ സംഗീതം നിര്‍വഹിക്കുന്നു.

ആലപ്പുഴ അര്‍ത്തുങ്കല്‍ കടപ്പുറത്താണ്‌ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ പുരോഗമിക്കുന്നത്‌. ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കി വരുന്ന ഓണക്കാലത്ത്‌ ചിത്രം തീയേറ്ററുകളിലെത്തും.
വീണ്ടും ഒരു സത്യന്‍ അന്തിക്കാട്‌ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക