Image

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും

Published on 22 July, 2012
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും
ദോഹ: ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ അത്യാഹിത വിഭാഗത്തില്‍ സൗകര്യങ്ങളും സേവനങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുമെന്നും എമര്‍ജന്‍സി വിഭാഗത്തിന്റെ പുതിയ ചെയര്‍മാന്‍ പ്രൊഫ. പീറ്റര്‍ കാമറൂണ്‍ പറഞ്ഞു. എച്ച്.എം.സി എമര്‍ജന്‍സി വകുപ്പിനെ അടിയന്തിര ചികില്‍സാ രംഗത്ത് മേഖലയിലെ മികച്ച പരിശീലന, ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തകുയാണ് ലക്ഷ്യമെന്നും പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ പ്രതിദിനം 1500ഓളം പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. ഇവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാണ് ശ്രമം. ഒരുവര്‍ഷത്തിനകം അത്യാഹിത വിഭാഗത്തിലെ മനുഷ്യവിഭവ ശേഷി ഗണ്യമായി വര്‍ധിപ്പിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യ, പാകിസ്ഥാന്‍, ആസ്‌ത്രേലിയ, ബ്രിട്ടന്‍, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യും. നിലവില്‍ 200ഓളം ഡോക്ടര്‍മാരും മുന്നൂറോളം നഴ്‌സുമാരുമാണ് അത്യാഹിത വിഭാഗത്തില്‍ സേവനമനുഷ്ഠിക്കുന്നത്. എമര്‍ജന്‍സി മെഡിസിനില്‍ 30ഓളം സീനിയര്‍ കണ്‍സള്‍ട്ടന്റുമാര്‍ ജോലിചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം ഒരു വര്‍ഷത്തിനകം 25 മുതല്‍ 30 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

അടിയന്തിര ചികില്‍സ എന്നത് വൈദ്യശാസ്ത്രരംഗത്ത് പുതിയൊരു മേഖലയായി വളര്‍ന്നു കഴിഞ്ഞു.
എന്നാല്‍, പല രാജ്യങ്ങളിലും ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വളരെ കുറവാണ്. മിക്ക രാജ്യങ്ങളിലും അടിയന്തിരചികില്‍സാ മേഖയില്‍ സ്‌പെഷലിസ്റ്റുകള്‍ ഇല്ലാത്ത അവസ്ഥയുണ്ട്. ഈ പശ്ചാത്തലത്തിലാണ് എച്ച്.എം.സി അത്യാഹിത വിഭാഗത്തെ ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലന, ഗവേഷണ കേന്ദ്രമായി വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് പ്രൊഫ. പീറ്റര്‍ വിശദീകരിച്ചു. കോര്‍പറേഷന് കീഴിലെ മറ്റ് ആശുപത്രികളുമായി അത്യാഹിതവിഭാഗത്തിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.

റോഡപകടങ്ങളിലും നിര്‍മാണമേഖലയിലെ അപകടങ്ങളിലും പരിക്കേല്‍ക്കുന്നവര്‍ക്ക് പുറമെ നിസ്സാര പ്രശ്‌നങ്ങളും പരിക്കുകളുമുള്ളവരും അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്.
കോര്‍പറേഷനില്‍ മൊത്തത്തില്‍ നടക്കുന്ന നവീകരണത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗത്തിലും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. അടുത്ത പത്ത് വര്‍ഷത്തിനകം അത്യാഹിത വിഭാഗത്തില്‍ കാര്യമായ വികസനം നടക്കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക