Image

സൗദിയില്‍ ശമ്പളമില്ലാതെ വീട്ടുതടങ്കലിലെന്ന് മലയാളി യുവതിയുടെ പരാതി

Published on 22 July, 2012
സൗദിയില്‍ ശമ്പളമില്ലാതെ വീട്ടുതടങ്കലിലെന്ന് മലയാളി യുവതിയുടെ പരാതി
ദമാം:ജോലിയും ശമ്പളവുമില്ലാതെ ഒരു മാസത്തിലധികമായി സൗദി - ജോര്‍ദാന്‍ അതിര്‍ത്തിയായ സക്കാക്കയില്‍ മലയാളി യുവതിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിക്കുന്നെന്നു പരാതി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി ചാമക്കാലാ ലിസി ആന്റണി (38) യാണ് ഇന്ത്യന്‍ എംബസിക്കുള്‍പ്പെടെ പരാതി നല്‍കി കാത്തിരിക്കുന്നത്.എംബസി ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നില്ലെന്നും ലിസി പറയുന്നു. 

മഞ്ചേരിയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി 30,000 രൂപ നല്‍കിയാണു ലിസി സൗദിയില്‍ എത്തിയത്. താമസസൗകര്യവും ഭക്ഷണവും കൂടാതെ 1,200 റിയാലായിരുന്നു (ഏകദേശം 17,000 രൂപ) ശമ്പളമായി പറഞ്ഞത്. റിയാദിലെ കരാര്‍ കമ്പനിയുടെ വീസയില്‍ ശുചീകരണ തൊഴിലാളിയായി ഒന്‍പതു മാസം മുന്‍പ് എത്തിയ ലിസിയെ റിയാദില്‍നിന്ന് 1,200 കിലോമീറ്റര്‍ അകലെയുള്ള സക്കാക്കയിലേക്കു വിടുകയായിരുന്നു. 

നേരത്തേ റിയാദില്‍ ഒരു വീട്ടില്‍ ജോലി നോക്കിയ പരിചയംവച്ചാണു റിയാദിലേക്കെന്നു പറഞ്ഞപ്പോള്‍ വീസയ്ക്കു പണം നല്‍കിയത്. സക്കാക്കയില്‍ രാവിലെ ആറുമുതല്‍ രാത്രി 11 വരെയായിരുന്നുവത്രേ ജോലി. ശരിയായി ഭക്ഷണവും ലഭിച്ചിരുന്നില്ല. ശമ്പളമായി 600 റിയാല്‍ (ഏകദേശം 8,500 രൂപ) നല്‍കും എന്നാണ് അറിയിച്ചത്.

ഒന്‍പതു മാസത്തോളം മാനസികരോഗാശുപത്രി അടക്കം രണ്ട് ആശുപത്രികളില്‍ ജോലി ചെയ്ത തനിക്കു ശമ്പളമായി ലഭിച്ചത് വെറും 900 റിയാല്‍ മാത്രമാണെന്നും ലിസി പറഞ്ഞു. 1000 റിയാല്‍ 'തൊഴില്‍ അനുമതി ഇനത്തില്‍ ശമ്പളത്തില്‍നിന്നു പിടിക്കുമെന്നു പറഞ്ഞെങ്കിലും ഇതുവരെയായി അനുമതി രേഖകള്‍ നല്‍കിയിട്ടില്ല. 

അതില്ലാത്തതിനാല്‍ പുറത്തുപോകാനും സാധിക്കുന്നില്ല. നിലവില്‍ സഹപ്രവര്‍ത്തകരോടൊപ്പം താമസിക്കുന്ന ഇവര്‍ക്ക് ആരെങ്കിലും എത്തിച്ചുകൊടുക്കുന്ന ഭക്ഷണമാണ് ആകെ ലഭിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക