Image

എംപിയുടെ പിഎ ചമഞ്ഞ് സ്‌കൂള്‍ പ്രവേശനത്തിന് ശ്രമം; പ്രതി റിമാന്‍ഡില്‍

Published on 22 July, 2012
എംപിയുടെ പിഎ ചമഞ്ഞ് സ്‌കൂള്‍ പ്രവേശനത്തിന് ശ്രമം; പ്രതി റിമാന്‍ഡില്‍
കോതമംഗലം:നേര്യമംഗലം ജവഹര്‍ നവോദയ വിദ്യാലയത്തില്‍ മകന് ആറാം ക്ലാസില്‍ പ്രവേശനം നേടാന്‍ കെ.പി. ധനപാലന്‍ എംപിയുടെ പിഎ ചമഞ്ഞു പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ചേര്‍ത്തല തോട്ടുചിറ മുരളീധരനെ (46) കോടതി റിമാന്‍ഡ് ചെയ്തു. 

രണ്ടുവട്ടം ഹൃദയാഘാതമുണ്ടായിട്ടുള്ള താന്‍ ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ടാണ് രണ്ടാമത്തെ മകന് നവോദയ സ്‌കൂളില്‍ പ്രവേശനം നേടാന്‍ കുറുക്കുവഴികള്‍ തേടിയതെന്നു മുരളീധരന്‍ മൊഴി നല്‍കി. മൂത്തമകന്‍ ഇവിടെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ്. 

15 വര്‍ഷമായി കാലടി പുതിയേടത്ത് വാടകയ്ക്കു താമസിക്കുന്ന മുരളീധരന്‍ കാലടി, ഒക്കല്‍ മേഖലകളിലെ റൈസ് മില്ലുകളിലെ ബോയിലറുകളുടെ മെക്കാനിക്കാണ്. ഊന്നുകല്‍ പൊലീസിന്റെ പിടിയിലായ മുരളീധരന്‍, മകന് സ്‌കൂളില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആരോഗ്യ മന്ത്രിയുടെ പഴ്‌സണല്‍ സെക്രട്ടറിയെ വിളിച്ച് നേര്യമംഗലം നവോദയ വിദ്യാലയത്തില്‍ ഭക്ഷ്യ വിഷബാധയുണ്ടായിട്ടുണ്ടെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. 

ഇതേ തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നിര്‍ദേശപ്രകാരം പ്രത്യേക മെഡിക്കല്‍ സംഘം മിന്നല്‍ പരിശോധന നടത്തിയിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ ക്രമക്കേടുകള്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ജില്ലാ പൊലീസ് മേധാവിക്കു നല്‍കിയ പരാതിയെ തുടര്‍ന്ന് കോതമംഗലം സിഐ: കെ.പി ജോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക