Image

പന്നിഫാം ഉടമയെ കൊന്ന കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍

Published on 22 July, 2012
പന്നിഫാം ഉടമയെ കൊന്ന കേസില്‍ ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
ഈരാറ്റുപേട്ട:പന്നിഫാം ഉടമയെ കമ്പിവടികൊണ്ടടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പള്ളി തെക്കേപ്പറമ്പില്‍ ഉപ്പായി എന്നു വിളിക്കുന്ന ജോയി (33) ആണ് അറസ്റ്റിലായത്. 20നു രാത്രി ഒന്‍പതുമണിയോടെ കൊല്ലപ്പള്ളിയിലാണു പന്നിഫാം ഉടമയായ രാമപുരം മരങ്ങാട് എടക്കര ടോമി (47) അടിയേറ്റു മരിച്ചത്. 

രണ്ടാഴ്ച മുന്‍പു കൊല്ലപ്പള്ളിയിലെ ഹോട്ടലില്‍ ടോമി നല്‍കിയ മാംസം മോശമാണെന്നു പറഞ്ഞു ഹോട്ടല്‍ ജീവനക്കാരനായ ജോയിയും ടോമിയും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കൊല്ലപ്പള്ളിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന ടോമിയുടെ സഹോദരന്‍ ജോബിയുടെ മുന്‍പില്‍വച്ചായിരുന്നു സംഭവം. 

ജോയിയോടൊപ്പം മറ്റു രണ്ടുപേര്‍കൂടി ഉണ്ടായിരുന്നതായും കട്ടപ്പന, ഉള്ളനാട് സ്വദേശികളായ ഇവരും പൊലീസ് പിടിയിലായതായും സൂചനയുണ്ട്. അറസ്റ്റിലായ ജോയിയെ റിമാന്‍ഡ് ചെയ്തു.  തലയ്‌ക്കേറ്റ മാരകമായ അടിയാണു മരണകാരണമെന്നു കേസന്വേഷിക്കുന്ന സിഐ: ബാബു സെബാസ്റ്റിയന്‍ പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക