Image

പൃഥ്വിരാജ് ചവാനെ മാറ്റാന്‍ എന്‍.സി.പി. സമ്മര്‍ദം തുടങ്ങി

Published on 22 July, 2012
പൃഥ്വിരാജ് ചവാനെ മാറ്റാന്‍ എന്‍.സി.പി. സമ്മര്‍ദം തുടങ്ങി
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് പൃഥ്വിരാജ് ചവാനെ നീക്കാന്‍ എന്‍.സി.പി. സമ്മര്‍ദം തുടങ്ങി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ്സില്‍നിന്ന് തിങ്കളാഴ്ചയോടെ ഉറപ്പുലഭിക്കണമെന്നാണ് എന്‍.സി.പി. യുടെ നിലപാട്. കേന്ദ്രമന്ത്രിസഭയില്‍നിന്ന് പിന്‍മാറുമെന്നുപറഞ്ഞ് സമ്മര്‍ദം ചെലുത്തുന്നതിനിടയിലാണ് പുതിയ നീക്കം. 

ശരദ് പവാറും പ്രഫുല്‍ പട്ടേലും മുംബൈയിലെത്തി എന്‍.സി.പി. നേതാക്കളുടെയും എം.എല്‍.എ. മാരുടെയും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേസമയം, ഡല്‍ഹിയാത്ര, മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ മാറ്റിയിട്ടുണ്ട്. ഈ ആഴ്ചയൊടുവില്‍ അദ്ദേഹം ഡല്‍ഹിയിലേക്ക് പോകുമെന്നാണ് അറിയുന്നത്. 

മഹാരാഷ്ട്രയില്‍ എന്‍.സി.പി.യെ ശക്തിപ്പെടുത്തി കോണ്‍ഗ്രസ്സിനേക്കാള്‍ മുന്നിലെത്തിക്കാന്‍ ശ്രമിക്കുന്ന ശരദ് പവാറും ഉപമുഖ്യമന്ത്രി അജിത് പവാറും മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്റെ നീക്കങ്ങളില്‍ അസന്തുഷ്ടരാണ് . അഴിമതിയാരോപണത്തെ ഭയന്ന് മുഖ്യമന്ത്രി പദ്ധതികള്‍ക്കൊന്നും അനുമതി നല്‍കുന്നില്ല. കെട്ടിടനിര്‍മാണലോബി അടുത്തിടെ മുഖ്യമന്ത്രിയെ മാറ്റാന്‍ ശക്തമായ നീക്കം നടത്തിയിരുന്നു. 

മഹാരാഷ്ട്രയിലെ ജലസേചനപദ്ധതികളിലെ ക്രമക്കേടുകള്‍ വെളിച്ചത്തുകൊണ്ടുവരുന്ന ധവളപത്രം പുറപ്പെടുവിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജലസേചനവകുപ്പ് കൈകാര്യംചെയ്യുന്ന എന്‍.സി.പി.ക്ക് സഹിക്കാവുന്നതിലപ്പുറമായിട്ടുണ്ട്. എന്‍.സി.പി.യുടെ മന്ത്രിമാര്‍ക്കെതിരെ നിരന്തരം ഉയരുന്ന അഴിമതിയാരോപണങ്ങള്‍ക്ക് പിന്നിലും പൃഥ്വിരാജ് ചവാന്റെ കരങ്ങളുണ്ടെന്ന് ശരദ് പവാര്‍ കരുതുന്നു. 

ഊര്‍ജമന്ത്രി സുനില്‍ തട്ക്കരെയുടെ പേരിലുള്ള കോടിക്കണക്കിന് രൂപയുടെ ഭൂമിയിടപാടും ഡല്‍ഹിയിലെ മഹാരാഷ്ട്രസദനും മുംബൈയിലെ മലബാര്‍ ഹില്ലിലുള്ള ഗസ്റ്റ്ഹൗസ്‌റൂമും നിര്‍മിച്ചതിനുപിന്നില്‍ കോടിക്കണക്കിന് രൂപയുടെ വെട്ടിപ്പ് നടന്നതായുള്ള ആരോപണവും അടുത്തയിടെ ഉണ്ടായി . രണ്ട് ആരോപണങ്ങളും ഉന്നയിച്ചത് ബി.ജെ.പി.യുടെ കിരിട് സോമയ്യയാണെങ്കിലും എന്‍.സി.പി.ക്ക് മുഖ്യമന്ത്രിയെയാണ് സംശയം.

എന്‍.സി.പി.യോട് കുറേയെങ്കിലും വിധേയത്വം പുലര്‍ത്തുന്ന വിലാസ് റാവു ദേശ്മുഖിനെയോ സുശീല്‍ കുമാര്‍ ഷിന്‍ഡെയെയോ മുഖ്യമന്ത്രിയാക്കി കോണ്‍ഗ്രസ്സുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമമാണ് പവാറിന്‍േറതെന്ന് അറിയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക