Image

ന്യൂനപക്ഷക്ഷേമം: 1000 പ്രൊമോട്ടര്‍മാര്‍ വരുന്നു

Published on 22 July, 2012
ന്യൂനപക്ഷക്ഷേമം: 1000 പ്രൊമോട്ടര്‍മാര്‍ വരുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് 1000 ന്യൂനപക്ഷ പ്രൊമോട്ടര്‍മാരെ സര്‍ക്കാര്‍ നിയമിക്കും. കേന്ദ്ര സംസ്ഥാനതലത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിവരുന്ന വിവിധ ന്യൂനപക്ഷ ക്ഷേമപ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ കൂടുതല്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടിയാണിത്. ആനുകൂല്യങ്ങള്‍ കൃത്യമായി ഗുണഭോക്താക്കളില്‍ എത്തിക്കുകയാണ് പ്രൊമോട്ടര്‍മാരുടെ ജോലി.

ന്യൂനപക്ഷക്ഷേമം സംബന്ധിച്ച് കാലാകാലങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ആനുകൂല്യങ്ങള്‍ ജില്ലാ കളക്ടറേറ്റുകളിലെ ന്യൂനപക്ഷസെക്ഷന്‍ വഴിയും അഞ്ച് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മുസ്‌ലിം യുവജനതയ്ക്കായുള്ള പരിശീലനകേന്ദ്രങ്ങള്‍ വഴിയും ഗുണഭോക്താക്കളിലെത്തിച്ചുവരികയാണ്. ഇതിനുപുറമെയാണ് പ്രൊമോട്ടര്‍മാരെ നിയമിച്ച് ക്ഷേമപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്.

സൈനിക, സായുധസേനകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ന്യൂനപക്ഷ ക്ഷേമവിഭാഗ മത്സരാര്‍ഥികള്‍ക്ക് പരിശീലനം, വിവാഹമോചിതരും കിടപ്പാടമില്ലാത്തവരുമായ വനിതകള്‍ക്ക് വീടുവയ്ക്കാന്‍ ധനസഹായം, എല്ലാ ജില്ലകളിലും പരിശീലന കേന്ദ്രങ്ങള്‍, സബ് സെന്ററുകള്‍, മദ്രസ്സ അധ്യാപക ക്ഷേമനിധി പെന്‍ഷന്‍, എം.എസ്.ഡി.പി. പദ്ധതി, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുവേണ്ടി പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റ് തുടങ്ങിയ ക്ഷേമപദ്ധതികളെപ്പറ്റിയുള്ള ബോധവത്കരണം പ്രൊമോട്ടര്‍മാരുടെ ചുമതലയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക