Image

കോണ്‍ഗ്രസ് നേതാവ് ധവാന്‍ അച്ച്‌ലയെ ജീവിതപങ്കാളിയാക്കി

Published on 22 July, 2012
കോണ്‍ഗ്രസ് നേതാവ് ധവാന്‍ അച്ച്‌ലയെ ജീവിതപങ്കാളിയാക്കി
ന്യൂഡല്‍ഹി: ദീര്‍ഘകാലത്തെ പരസ്പര സ്‌നേഹത്തിനും ബന്ധത്തിനും ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ. ധവാന്‍, ആത്മസഖി അച്ച്‌ല മോഹന്റെ കഴുത്തില്‍ താലിചാര്‍ത്തി. രാഷ്ട്രീയ നേതാക്കള്‍ക്ക് ക്ഷണമില്ലാതെ, ആര്‍ഭാടങ്ങളില്ലാതെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 12നാണ് എഴുപത്തിനാലുകാരനായ ധവാനും അമ്പത്തൊമ്പതുകാരി അച്ച്‌ലയും ദമ്പതിമാരായത്. ഡല്‍ഹിയില്‍ സുഹൃത്തിന്റെ വീട്ടില്‍വെച്ച് അധികമാരും അറിയാതെ നടന്ന ആ വിവാഹം ഇപ്പോഴാണ് പുറംലോകമറിയുന്നത്. 

നെഹ്രു കുടുംബത്തിന്റെ വിശ്വസ്തനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരം ക്ഷണിതാവുമായ ധവാനും അച്ച്‌ലയും തമ്മില്‍ എഴുപതുകള്‍ മുതല്‍ ബന്ധമുണ്ട്. ''ആത്മമിത്രങ്ങളെന്ന് ഞങ്ങളെ വിളിച്ചോളൂ. ദീര്‍ഘകാലമായി ഞങ്ങള്‍ക്ക് പരസ്പരം അറിയാം. എല്ലാ ദിവസവും അദ്ദേഹത്തെ ഞാന്‍ വീട്ടില്‍പ്പോയി കാണാറുണ്ട്'' അച്ച്‌ല പറയുന്നു. 

ആത്മസഖിയെ വിവാഹം കഴിക്കണമെന്ന് ധവാന് തോന്നാന്‍ നിമിത്തമായത് ഒരു പ്രത്യേക സംഭവമാണ്. കഴിഞ്ഞവര്‍ഷം ധവാനെ വൈറല്‍ പനി ബാധിച്ചു.ആസ്പത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ധവാനെ ശുശ്രൂഷിക്കാന്‍ അച്ച്‌ലയും 

ഒപ്പമുണ്ടായിരുന്നു. എന്നാല്‍ ആസ്പത്രിയില്‍ ഒരു സമ്മതപത്രം ഒപ്പിട്ടുനല്‍കേണ്ട സാഹചര്യം വന്നപ്പോള്‍ അച്ച്‌ലയ്ക്ക് മാറിനില്‍ക്കേണ്ടിവന്നു. ധവാനുമായി രക്തബന്ധമുള്ള മറ്റൊരാളാണ് ഒപ്പിട്ടത്. ''എന്നെ ഇത്രയധികം ശ്രദ്ധിക്കുന്ന അച്ച്‌ലയ്ക്ക് അതില്‍ ഒപ്പിടാന്‍ കഴിയാതെ വന്നപ്പോള്‍ വളരെ സങ്കടം തോന്നി'' ധവാന്‍ പറയുന്നു. 

ബന്ധുക്കളും സുഹൃത്തുക്കളും ഏറെക്കാലമായി ഇവരുടെ ബന്ധത്തിന് നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. ഒടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 12ന്, അച്ച്‌ലയുടെ പിറന്നാളിന് രണ്ടുദിവസം മുമ്പ്, അവരെ ധവാന്‍ നിയമപരമായും ജീവിതസഖിയാക്കി. ധവാന്റെ ആദ്യവിവാഹമാണിത്.ഒരു പൈലറ്റിനെ വിവാഹം കഴിച്ച് കാനഡയില്‍ കഴിയുകയായിരുന്ന അച്ച്‌ല 1990ലാണ് വിവാഹമോചിതയായത്. പൈലറ്റായ മകള്‍ റായിയയും അച്ച്‌ലയ്‌ക്കൊപ്പമാണ് കഴിയുന്നത്. 

രജീന്ദര്‍ കുമാര്‍ ധവാന്‍ എന്ന ആര്‍.കെ. ധവാന്‍ 1962ല്‍ ഇന്ദിരാഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ചേരുമ്പോള്‍ 24 വയസായിരുന്നു. പിന്നീട് കുറച്ചുകാലം മന്ത്രിയും രണ്ടുതവണ രാജ്യസഭാംഗവുമായി. ഇന്ദിരാഗാന്ധി കൊല്ലപ്പെടുമ്പോള്‍വരെ അവരോടൊപ്പം ധവാനുമുണ്ടായിരുന്നു. 


കോണ്‍ഗ്രസ് നേതാവ് ധവാന്‍ അച്ച്‌ലയെ ജീവിതപങ്കാളിയാക്കി കോണ്‍ഗ്രസ് നേതാവ് ധവാന്‍ അച്ച്‌ലയെ ജീവിതപങ്കാളിയാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക