Image

മലബാര്‍ സിമന്റ്‌സ് കല്‍ക്കരി ഇടപാടും വിവാദത്തിലേക്ക്

Published on 22 July, 2012
മലബാര്‍ സിമന്റ്‌സ് കല്‍ക്കരി ഇടപാടും വിവാദത്തിലേക്ക്
പാലക്കാട്: മലബാര്‍ സിമന്റ്‌സ് കമ്പനിയില്‍ മുന്‍വര്‍ഷങ്ങളില്‍നടന്ന കല്‍ക്കരി കരാറുകള്‍ വിവാദത്തിലേക്ക്. ഗുണമേന്മയില്ലാത്തതും അളവില്‍ കൃത്രിമം കാണിച്ചും കല്‍ക്കരി കൊണ്ടുവന്നത് തെളിഞ്ഞതിനുപുറമെ 201011 വര്‍ഷത്തില്‍ വാര്‍ഷിക കണക്കെടുപ്പുപോലും നടത്തിയില്ലെന്ന് തെളിഞ്ഞു. നടപ്പുവര്‍ഷത്തില്‍ കല്‍ക്കരിച്ചെലവ് കൂടുതല്‍കാണിച്ച് കമ്പനിയുടെ ലാഭത്തില്‍ കുറവും വന്നിരിക്കുന്നു. അതിനിടെ, കേന്ദ്ര സര്‍ക്കാരിന്റെ കോള്‍ ഇന്ത്യാ ലിമിറ്റഡിനുകീഴിലുള്ള കല്‍ക്കരിഖനിയില്‍നിന്ന് അനുവദിച്ച കല്‍ക്കരിപോലും മലബാര്‍ സിമന്റ്‌സ് വാങ്ങിയിട്ടില്ലെന്നും കണ്ടെത്തി.

201011 വര്‍ഷത്തില്‍ കല്‍ക്കരിയുടെ യഥാര്‍ഥ കണക്കെടുപ്പ് നടത്താതെയാണ് ബാലന്‍സ്ഷീറ്റ് തയ്യാറാക്കി ഡയറക്ടര്‍ബോര്‍ഡില്‍ സമര്‍പ്പിച്ചത്. ഇതിന് ബോര്‍ഡ് അംഗീകാരം നല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം മാനേജിങ് ഡയറക്ടര്‍ കെ. പത്മകുമാര്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. വിശദമായ കണക്കെടുപ്പുനടത്താതെ എത്ര ഉപയോഗിച്ചെന്നോ എത്ര ബാക്കിയുണ്ടെന്നോ നോക്കാതെയുള്ള കണക്കാണ് ബാലന്‍സ്ഷീറ്റില്‍ രേഖപ്പെടുത്തിയത്.

മാസം 5,000 ടണ്‍ കല്‍ക്കരിയാണ് മലബാര്‍ സിമന്റ്‌സിന് വേണ്ടത്. മുന്‍വര്‍ഷങ്ങളില്‍ കല്‍ക്കരിയുടെ ഗുണമേന്മ പോലും പരിശോധിച്ചിരുന്നില്ല. പുതിയ മാനേജ്‌മെന്റ് വന്നശേഷം നടത്തിയ പരിശോധനയില്‍ ഒമ്പതുകോടി വിലവരുന്ന നാല് റേക്ക് കല്‍ക്കരി ഗുണമേന്മയില്ലെന്നുകണ്ട് തിരിച്ചയച്ചിരുന്നു. കല്‍ക്കരിയിറക്കുന്ന കമ്പനിയിലെ വേ ബ്രിഡ്ജിലെ തുടര്‍ച്ചയായ തകരാറുമൂലം ലക്ഷങ്ങളുടെ നഷ്ടംവന്നതായും കണ്ടെത്തി. ഇത് അടുത്തിടെയാണ് പരിഹരിച്ചത്.

ഇപ്പോള്‍ കല്‍ക്കരിച്ചെലവ് കൂടിയതാണ് പ്രശ്‌നമായിരിക്കുന്നത്. ഫൈഌആഷിനുപകരം സ്ലാഗ് ഉപയോഗിച്ച് സിമന്റ് നിര്‍മിക്കുന്നതിനാല്‍ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് കുറയുകയാണ് വേണ്ടത്. ഇത് ലാഭവിഹിതം വര്‍ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍, ചുണ്ണാമ്പുകല്ല്, സ്ലാഗ് എന്നിവയുടെ ചെലവ് കുറഞ്ഞെങ്കിലും കല്‍ക്കരിയുടേത് ഗണ്യമായി കൂടിയിട്ടുണ്ട്. 

ഒരുവര്‍ഷംമുമ്പ് കരാര്‍നല്‍കിയ കല്‍ക്കരിയാണ് ഇപ്പോഴുള്ളത്. അതുകൊണ്ടുതന്നെ ഉപയോഗത്തിലാണോ വിലയിലാണോ വ്യത്യാസംവന്നിരിക്കുന്നതെന്ന് കണ്ടെത്താന്‍ കമ്പനിമാനേജ്‌മെന്റ് മൂന്നംഗസമിതിയെ അന്വേഷണത്തിന് നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം ഇതിന്റെ റിപ്പോര്‍ട്ട് ലഭിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക