Image

ഇടുക്കിയില്‍ എട്ടുമണിക്കൂറിനുള്ളില്‍ വീണ്ടും ഭൂമി കുലുങ്ങി

Published on 22 July, 2012
ഇടുക്കിയില്‍ എട്ടുമണിക്കൂറിനുള്ളില്‍ വീണ്ടും ഭൂമി കുലുങ്ങി
തൊടുപുഴ: മുല്ലപ്പെരിയാര്‍ ഡാമിനോടുചേര്‍ന്ന പ്രദേശത്ത് എട്ടുമണിക്കൂറിനുള്ളില്‍ രണ്ടാമതും ഭൂചലനം. ശനിയാഴ്ച വൈകീട്ട് 6.30ന് റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതാണ്. ഞായറാഴ്ച പുലര്‍ച്ചെ 3.35ന് 2.2 രേഖപ്പെടുത്തിയ മറ്റൊരു ചലനവും ഉണ്ടായി. അതേസമയം, രാത്രി ഒരുമണിക്ക് മറ്റൊരു ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ശനിയാഴ്ച വൈകീട്ടത്തെ ചലനത്തിന്റെ പ്രഭവകേന്ദ്രം ഇനിയും കൃത്യമായി നിര്‍ണയിച്ചിട്ടില്ല. പീരുമേടിനും വണ്ടിപ്പെരിയാറിനും മധ്യേയാകാമെന്നാണ് പ്രാഥമികനിഗമനം. ഭൂകമ്പമാപിനികളില്‍നിന്നുള്ള ഡാറ്റഷീറ്റുകളുടെ വിശകലനം തിങ്കളാഴ്ച നടത്തുമെന്ന് കെ.എസ്.ഇ.ബി. ഗവേഷണവിഭാഗം അറിയിച്ചു. ഞായറാഴ്ച രാവിലെ 3.35ന് 2.2 രേഖപ്പെടുത്തിയ ചലനം, ജില്ലയില്‍ സ്ഥിരംപ്രഭവകേന്ദ്രമായ വെഞ്ഞൂര്‍മേട് കേന്ദ്രീകരിച്ചായിരുന്നു. ഇടുക്കി ഡാമില്‍നിന്ന് 9.5ഉം കുളമാവ് ഡാമില്‍നിന്ന് ഏഴും മുല്ലപ്പെരിയാര്‍ ഡാമില്‍നിന്ന് 32ഉം കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

രാത്രി ഒരുമണിയോടെ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പൂവന്തിക്കുടി ഭാഗത്ത് താമസിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇത് കെ.എസ്.ഇ.ബി.യുടെ മാപിനികളില്‍ രേഖപ്പെടുത്തിയിട്ടില്ല. ഭൂചലനങ്ങളില്‍ നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുമില്ല. ജില്ലയില്‍ ഇക്കൊല്ലം ഒന്‍പത് ഭൂമികുലുക്കമുണ്ടായി. ഇതില്‍ ആറെണ്ണത്തിന്റെയും പ്രഭവകേന്ദ്രം കണ്ണമ്പടി വനമേഖലയിലെ വെഞ്ഞൂര്‍മേടായിരുന്നു. 2011 ജൂലായ്ക്കുശേഷം ഇടുക്കിജില്ലയില്‍ 36 ഭൂചലനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക