Image

പാര്‍ട്ടിനേതൃത്വത്തെ മുള്‍മുനയിലാക്കി വി.എസ്. കളി ജയിച്ചു

Published on 22 July, 2012
പാര്‍ട്ടിനേതൃത്വത്തെ മുള്‍മുനയിലാക്കി വി.എസ്. കളി ജയിച്ചു
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് മുന്നില്‍ പാര്‍ട്ടി ഒരിക്കല്‍ക്കൂടി കീഴടങ്ങി. നിയമസഭാതിരഞ്ഞെടുപ്പില്‍ തനിക്ക് സീറ്റ് നിഷേധിക്കപ്പെട്ട സന്ദര്‍ഭത്തിലെപ്പോലെ പാര്‍ട്ടികേന്ദ്രനേതൃത്വത്തെ മുള്‍മുനയിലാക്കി വി.എസ്. ഇത്തവണയും കളി ജയിച്ചു. വി.എസ്സിനെതിരെ കടുത്ത അച്ചടക്ക നടപടിക്കായി പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും വാദിച്ച സംസ്ഥാന നേതൃത്വത്തിനെ കടുത്ത നിരാശയിലാഴ്ത്തുന്നതാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം.

ഒരര്‍ഥത്തില്‍ വി.എസ്സിന്റെ നേട്ടത്തേക്കാളേറെ സംസ്ഥാന നേതൃത്വത്തിനുള്ള തിരിച്ചടിയാണിത്. വി.എസ്സിനെതിരെ കടുത്ത നടപടി ഉറപ്പിച്ച നേതൃത്വം തുടര്‍നടപടികളും ആസൂത്രണം ചെയ്തിരുന്നു. പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെയും അവലോകന റിപ്പോര്‍ട്ടിങ്ങിലൂടെ വി.എസ്സിനെതിരായ വിശദമായ കുറ്റവിചാരണയായിരുന്നു സംസ്ഥാന നേതൃത്വം നടത്തിയിരുന്നത്. ജില്ലാതലങ്ങളിലെ ഏരിയ, ലോക്കല്‍ ബ്രാഞ്ചുതല റിപ്പോര്‍ട്ടിങ്ങുകളിലൂടെ അച്ചടക്കനടപടിക്ക് വി.എസ്. സര്‍വഥാ അര്‍ഹനാണെന്ന് സ്ഥാപിക്കാനും സംസ്ഥാനനേതൃത്വം ശ്രമിച്ചിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തെ പാര്‍ട്ടിയുടെ പൊതുവികാരം വി.എസ്സിനെതിരാണെന്ന് കേന്ദ്രനേതൃത്വത്തിനു മുന്നില്‍ സമര്‍ഥിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെയും സംസ്ഥാനസമിതിയോഗത്തിന്റെയും മിനിട്‌സും കേന്ദ്രകമ്മിറ്റിപൊളിറ്റ് ബ്യൂറോ യോഗങ്ങള്‍ക്കു മുന്നില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കേന്ദ്രകമ്മിറ്റി കാര്യമായി പരിഗണിച്ചില്ല.

കേന്ദ്രകമ്മിറ്റിക്കുശേഷം കാര്യമായ പരിക്കില്ലാതെ വി.എസ്. പുറത്തുവരുമ്പോള്‍ വ്യക്തിപരമായി ഏറ്റവും ക്ഷീണിതനാകുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ്. പിണറായിയെ എസ്.എ. ഡാങ്കേയോട് പരസ്യമായി ഉപമിച്ച വി.എസ്സിന്റെ നടപടിയാണ് ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം സി.പി.എം കേരള ഘടകത്തില്‍ സംഘര്‍ഷം നിറച്ചത്.

വി.എസ്സിനെതിരെ നടപടിയെടുക്കാന്‍ കഴിഞ്ഞില്ലെന്നതു മാത്രമല്ല സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെ ഉറക്കം കെടുത്തുന്നത്. തങ്ങള്‍ക്ക് പങ്കില്ലെന്ന് പലതവണ പ്രഖ്യാപിച്ച ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകം അന്വേഷിക്കാനുള്ള കേന്ദ്രകമ്മിറ്റിയുടെ തീരുമാനവും സംസ്ഥാന നേതൃത്വത്തിനെ വിഷമിപ്പിക്കുന്നതാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് കേന്ദ്രനേതൃത്വവും ആവര്‍ത്തിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടി സംവിധാനത്തിനുപുറത്ത്, പാര്‍ട്ടിക്കാര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നാണ് യോഗം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഒരര്‍ഥത്തില്‍ സംസ്ഥാന നേതൃത്വത്തിലുള്ള അവിശ്വാസ പ്രഖ്യാപനമാണ്. ഇത്തരമൊരു പരിശോധനയുടെ ആവശ്യമില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. 

ഇടുക്കി ജില്ലാസെക്രട്ടറിയായിരുന്ന എം.എം. മണിക്കെതിരെ കൂടുതല്‍ നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവും കേന്ദ്രകമ്മിറ്റി നല്‍കിയിട്ടുണ്ട്. വിവാദ പ്രസംഗത്തിലൂടെ പാര്‍ട്ടിയെ വെട്ടിലാക്കിയ എം.എം. മണിയെ സെക്രട്ടറിസ്ഥാനത്തുനിന്നും കഴിഞ്ഞ സംസ്ഥാന സമിതി യോഗം മാറ്റിയിരുന്നു. വി.എസ്സിന്റെ കടുത്ത വിമര്‍ശകനായ എം.എം. മണിക്കെതിരെ കൂടുതല്‍ കടുത്ത നടപടി വേണ്ടെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഇതാണ് കേന്ദ്രകമ്മിറ്റി തള്ളിയിരിക്കുന്നത്. മണിക്കെതിരെ കൂടുതല്‍ നടപടി വേണമെന്ന് സംസ്ഥാന നേതൃത്വത്തോടു നിര്‍ദേശിച്ച കേന്ദ്രകമ്മിറ്റി അക്കാര്യം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ സംഘടനാപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേന്ദ്രകമ്മിറ്റി ഒരു പ്രമേയം അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മാധ്യമങ്ങളോട് വിശദീകരിച്ചിട്ടുണ്ട്. ആ പ്രമേയത്തിന്റെ ഉള്ളടക്കം സംബന്ധിച്ച് ഇപ്പോള്‍ വ്യക്തതയില്ല.വി.എസ്സിനും സംസ്ഥാന നേതൃത്വത്തിനുമുള്ള ഒരു പെരുമാറ്റച്ചട്ടമായിരിക്കും പ്രമേയത്തിന്റെ അന്തസ്സത്തയെന്നാണ് സൂചനകള്‍.
തന്നെ പരസ്യമായി ശാസിക്കാനുള്ള കേന്ദ്രകമ്മിറ്റി തീരുമാനത്തെ കേന്ദ്രകമ്മിറ്റിയില്‍ വി.എസ്. എതിര്‍ത്തതായാണ് സൂചനകള്‍. എന്നാല്‍ ഈ കാര്യത്തില്‍ ഭൂരിപക്ഷ തീരുമാനം താന്‍ അംഗീകരിക്കുമെന്നും കേന്ദ്ര കമ്മിറ്റിയില്‍ അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പുദിവസം ടി.പി. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ തിരഞ്ഞെടുത്തത് തെറ്റായിപ്പോയി എന്ന് സമ്മതിച്ചുവെങ്കിലും താന്‍ ഉന്നയിച്ച മറ്റു കാര്യങ്ങളിലൊന്നും വിട്ടുവീഴ്ചയില്ലെന്ന് വി.എസ്. കേന്ദ്രകമ്മിറ്റിയിലും പ്രഖ്യാപിച്ചിട്ടുണ്ട്. 

പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് താത്കാലികമായ ഒരു വെടിനിര്‍ത്തല്‍ മാത്രമാണെന്ന സൂചനയാണ് വി.എസ്സിന്റെ ഈ നിലപാട് നല്‍കുന്നത്. മാത്രമല്ല ലാവലിന്‍ കരാര്‍, ടി.പി. ചന്ദ്രശേഖരന്‍ വധം, എ.ഡി.ബി. കരാര്‍, എല്‍.ഡി.എഫിന്റെ ശിഥിലീകരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ വി.എസ്. കേന്ദ്രകമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നു. ഇതിനുപുറമേ കടുത്ത വലതുപക്ഷ വ്യതിയാനത്തിന് കീഴ്‌പ്പെട്ട സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി വേണമെന്നും വി.എസ്. ആവശ്യപ്പെട്ടിരുന്നു. ആ കാര്യങ്ങളൊന്നും കേന്ദ്രകമ്മിറ്റി പരിഗണിച്ചിട്ടില്ല. ആ നിലയ്ക്ക് ചെറിയ ഒരു ഇടവേളയ്ക്കുശേഷം പാര്‍ട്ടിക്കുള്ളില്‍ വീണ്ടും അശാന്തി പൊട്ടിപ്പുറപ്പെടാന്‍ തന്നെയാണ് സാദ്ധ്യതകള്‍.


പാര്‍ട്ടിനേതൃത്വത്തെ മുള്‍മുനയിലാക്കി വി.എസ്. കളി ജയിച്ചു
പാര്‍ട്ടിനേതൃത്വത്തെ മുള്‍മുനയിലാക്കി വി.എസ്. കളി ജയിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക