Image

സിനിമ മാറി, പിന്നാലെ പുരസ്‌കാരങ്ങളും

Published on 20 July, 2012
സിനിമ മാറി, പിന്നാലെ പുരസ്‌കാരങ്ങളും
മലയാള സിനിമ മാറിയെന്ന്‌ ഉറപ്പിച്ചു തന്നെ പറയാം. ആ മാറ്റം സാധ്യമാക്കിയ വര്‍ഷമായിരുന്നു 2011. അതൊരു താത്‌കാലിക പ്രതിഭാസമായിരുന്നില്ല എന്ന്‌ ഉറപ്പിച്ചുകൊണ്ട്‌ മികച്ച സിനിമകള്‍ 2012ലും ഉണ്ടായിക്കൊണ്ടിരിക്കുന്നു. മൗലീകതയുടെ അഭാവവും, അനുകരണങ്ങളുമൊക്കെ വിമര്‍ശനങ്ങളാകുമ്പോഴും പ്രേക്ഷകര്‍ മാറിയ കാലത്തിന്റെ സിനിമയെ അംഗീകരിച്ചു കഴിഞ്ഞിരിക്കുന്നുവെന്നു തന്നെയാണ്‌ ഉറപ്പിക്കപ്പെടുന്നത്‌. താരാധിപത്യമില്ലാതെ ഒരു മധ്യവര്‍ത്തി ചലച്ചിത്ര സംസ്‌കാരം തീയേറ്ററുകളില്‍ വന്‍ കളക്ഷന്‍ റിക്കോര്‍ഡുകള്‍ നേടുന്നത്‌ അതാണ്‌ സൂചിപ്പിക്കുന്നത്‌.

കൊമേഴ്‌സ്യല്‍ സിനിമ, സമാന്തര സിനിമ എന്നീ വേര്‍തിരിവുകള്‍ ഇല്ലാതാകുകയും പ്രേക്ഷന്‍ ഇഷ്‌ടപ്പെടുന്ന നിലവാരമുള്ള സിനിമകള്‍ തന്നെ മികച്ച സിനിമകളാകുകയും ചെയ്യുന്നു എന്നതാണ്‌ ഇവിടെ ശ്രദ്ധേയമാകുന്നത്‌. ഈ മാറ്റം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്‌കാരങ്ങളിലും വളരെ പ്രകടമായി കഴിഞ്ഞു. നമ്മുടെ സിനിമക്കാര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും വേരോടിത്തുടങ്ങിയ പുതിയ മാറ്റത്തെ അവാര്‍ഡ്‌ നിര്‍ണ്ണയ ജൂറിയും അംഗീകരിച്ചു എന്നതാണ്‌ ഇവിടെ ശ്രദ്ധേയമാകുന്നത്‌.

ഇതിന്‌ ഉദാഹരണായി എടുത്തു പറയാവുന്ന ചില തിരഞ്ഞെടുപ്പുകളുണ്ട്‌. അതില്‍ പ്രധാനം മികച്ച ചിത്രമായി ഇന്ത്യന്‍ റുപ്പി തിരഞ്ഞെടുത്തത്‌ തന്നെ. തീയേറ്ററില്‍ നൂറു ദിവസം വന്‍ വിജയമായി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രമാണ്‌ രഞ്‌ജിത്തിന്റെ ഇന്ത്യന്‍ റുപ്പി. അതുപോലെ തന്നെ മികച്ച സംവിധായകനായി പ്രണയം ഒരുക്കിയ ബ്ലസിയെ തിരഞ്ഞെടുത്തത്‌. തീയേറ്ററില്‍ മികച്ച കളക്ഷന്‍ നേടിയ ചിത്രമായിരുന്നു പ്രണയം. അതൊരുക്കിയ സംവിധാന രീതി പതിവ്‌ സമാന്തര സിനിമകളുടെ ഫോര്‍മാറ്റിലുമായിരുന്നില്ല. നിലവാരമുള്ള കൊമേഴ്‌സ്യല്‍ ഫോര്‍മാറ്റില്‍ തന്നെയാണ്‌ പ്രണയം ബ്ലസി ഒരുക്കിയത്‌.

അതുപോലെ തന്നെ മികച്ച രണ്ടാമത്തെ നടനായി ഫഹദ്‌ ഫാസിലിനെ തിരഞ്ഞെടുത്തിരിക്കുമ്പോള്‍ തീര്‍ച്ചയായും അത്ഭുതപ്പെട്ടു പോകുന്നു. ന്യൂജനറേഷന്‍ സിനിമ സംസ്‌കാരത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്‌ ഫഹദ്‌ ഫാസില്‍ എന്ന നടന്‍. പുതിയ തലമുറ മികച്ച അഭിനയ ശേഷിയുള്ള നടന്‍ എന്ന്‌ അംഗീകരിച്ചു കഴിഞ്ഞിരുന്നു ഫഹദിനെ. ഏറ്റവും പ്രധാനം ഇതുവരെ ഫഹദ്‌ അഭിനയിച്ചു വന്ന സിനിമകളെല്ലാം തന്നെ പൂര്‍ണ്ണമായും കൊമേഴ്‌സ്യല്‍ സിനിമകളായിരുന്നു എന്നതാണ്‌. ചാപ്പുക്കുരിശ്‌ എന്ന ചിത്രം തന്നെ ആക്ഷനും, പാട്ടും, സെക്‌സുമെല്ലാം അടങ്ങിയ പുത്തന്‍ ആഖ്യാന ശൈലിയിലുള്ള ഒരു ഒത്ത എന്റര്‍ടെയിനര്‍. അങ്ങനെയൊരു ചിത്രത്തിലെ അഭിനയത്തിന്‌ ഒരാളെ തിരഞ്ഞെടുത്തത്‌ നമ്മുടെ ചലച്ചിത്ര അക്കാദമിയുടെ രീതികളും മാറി തുടങ്ങി എന്നതിന്റെ ഉദാഹരണമാണ്‌. വെറും മെലോഡ്രാമാ അഭിനയങ്ങളില്‍ മാത്രം അഭിനയ മികവ്‌ കാണുന്ന ``ആ പഴഞ്ചന്‍ ഏര്‍പ്പാട്‌'' അവസാനിച്ചിരിക്കുന്നു എന്നത്‌ തന്നെ ഏറെ ആശ്വാസം പകരുന്ന കാര്യമാണ്‌. ഇത്‌ മലയാള സിനിമയുടെ പുതുതലമുറയെ കൂടുതല്‍ പ്രചോദിപ്പിക്കും എന്നതു തന്നെയാണ്‌ വിലയിരുത്തേണ്ടത്‌.

എന്നാല്‍ ചില വിവാദങ്ങളും പുരസ്‌കാര നിര്‍ണ്ണയം ബാക്കി വെക്കാതെയിരിക്കുന്നില്ല. മികച്ച ഹാസ്യനടന്‍ എന്ന പുരസ്‌കാരം ജഗതി ശ്രീകുമാറിന്‌ നല്‍കിയത്‌ വലിയ അവളില്‍ തന്നെ വിമര്‍ശന വിധേയകമാകേണ്ട കാര്യമാണ്‌. സ്വപ്‌നസഞ്ചാരി എന്ന താരതമ്യേന ശരാശരയില്‍ താഴെ നില്‍ക്കുന്ന ഒരു സിനിമയിലെ വെറും സാധാരണമായ ഒരു പ്രകടനത്തിന്‌ ജഗതിക്ക്‌ അവാര്‍ഡ്‌ പ്രഖ്യാപിച്ചത്‌ ആ നടനോടുള്ള ബഹുമാനക്കുറവും പിന്നെ പ്രഖ്യാപിച്ച അവാര്‍ഡില്‍ വലിയ ഗൗരവമില്ല എന്ന സര്‍ക്കാരിന്റെ നിലപാടുമാണ്‌ വ്യക്തമാകുന്നത്‌. ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍നിരയില്‍ നില്‍ക്കാന്‍ യോഗ്യനായ ജഗതി ശ്രീകുമാറിനെ ഒരു ഹാസ്യ നടന്‍ എന്ന നിലയില്‍ പരിഗണിച്ചു എന്നതു തന്നെ അപഹാസ്യമായ കാര്യമാണ്‌. അതിലും എത്രയോ ഉയരത്തിലാണ്‌ ഈ നടന്റെ സ്ഥാനമെന്നത്‌ കുറഞ്ഞ പക്ഷം ജൂറി ഓര്‍മ്മിക്കേണ്ടതായിരുന്നു.

രണ്ടാമത്തെ വിഷയം വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ ദിലീപിന്റെ അഭിനയത്തിന്‌ മികച്ച നടനുള്ള അവാര്‍ഡ്‌ ലഭിച്ചു എന്നതാണ്‌. മികച്ച നടനുള്ള പുരസ്‌കാരലബ്‌ദിക്ക്‌ അര്‍ഹമായ പ്രകടനങ്ങള്‍ മുമ്പ്‌ പലതവണ ദിലീപ്‌ അവതരിപ്പിച്ചിട്ടുണ്ട്‌. സല്ലാപം, ചാന്തുപൊട്ട്‌, കഥാവശേഷന്‍, കല്‍ക്കട്ടന്യൂസ്‌ തുടങ്ങിയ ചിത്രങ്ങളിലൊക്കെ ദിലീപ്‌ ശക്തമായ അഭിനയം കാഴ്‌ചവെച്ചിട്ടുണ്ട്‌. എന്നാല്‍ ഈ നിലവാരത്തിലൊന്നും പെടുത്താന്‍ കഴിയാത്ത ഒരു ചിത്രമായിരുന്നു വെള്ളരിപ്രാവിന്റെ ചങ്ങാതി. അതിലെ ദിലീപിന്റെ അഭിനയത്തിന്‌ ഒരു മിമിക്രി ചുവ ആര്‍ക്കും തോന്നുകയും ചെയ്യാം. പ്രണയത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രത്തോടും അഭിനയത്തോടും വെള്ളരിപ്രാവിലെ ദിലീപിന്റെ കഥാപാത്രം മത്സരിച്ച്‌ പുരസ്‌കാരം നേടിയെന്നത്‌ എത്രത്തോളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമാണ്‌. തീര്‍ച്ചയായും മികച്ച നടന്‍ എന്ന പുരസ്‌കാരത്തിന്‌ അര്‍ഹരായിരുന്നവര്‍ പ്രണയത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ച മോഹന്‍ലാലും, അനുപം ഖേറും ഒപ്പം ഇന്ത്യന്‍ റുപ്പിയില്‍ പ്രധാന വേഷം അവതരിപ്പിച്ച തിലകനുമായിരുന്നു. ഇവരുടെ അഭിനയ പ്രകടനത്തിന്‌ അപ്പുറം നില്‍ക്കുന്ന ഒന്ന്‌ വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ ദിലീപിന്റെ അഭിനയ പ്രകടനത്തില്‍ ഉണ്ടായിരുന്നില്ല എന്ന്‌ നിസംശയം പറയാം.

അവാര്‍ഡ്‌ നിര്‍ണ്ണയത്തിലെ പ്രധാന അപാകതകള്‍ ചൂണ്ടിക്കാണിക്കപ്പെടേണ്ടത്‌ ഈ രണ്ടു പുരസ്‌കാരങ്ങളിലാണ്‌. ഇവയൊഴിച്ചു നിര്‍ത്തായ്‌ നിലവാരമുള്ള ഒരു വിധി നിര്‍ണ്ണയം തന്നെയാണ്‌ 2011ലെ മലയാള ചലച്ചിത്ര പുരസ്‌കാരത്തില്‍ നടന്നിട്ടുള്ളത്‌.

ജൂറി അധ്യക്ഷസ്ഥാനത്തേക്ക്‌ തമിഴിലെ മധ്യവര്‍ത്തി സിനിമകളുടെ അല്ലെങ്കില്‍ ജനപ്രീയ സിനിമകളുടെ എഴുത്തുകാരനും സംവിധായകനുമായ ഭാഗ്യരാജ്‌ കടന്നുവന്നിടത്ത്‌ തുടങ്ങുന്നു ഒരു ശക്തമായ മാറ്റം. നടനും എഴുത്തുകാരനും, സംവിധായകനുമായ ഭാഗ്യരാജ്‌ നിലവാരമുള്ളതും എന്നാല്‍ കൊമേഴ്‌സ്യല്‍ ഹിറ്റുകളുമായ സിനിമകളുടെ വക്താവാണ്‌. മുന്‍കാലങ്ങളില്‍ സമാന്തര സിനിമകളുടെ വക്താക്കളാണ്‌ ജൂറി അധ്യക്ഷസ്ഥാനവും ജൂറി അഗത്വവുമൊക്കെ അലങ്കരിച്ചിരുന്നത്‌. ഇവരൊക്കെ പ്രഗത്ഭരായിരുന്നു എന്നതില്‍ തര്‍ക്കമില്ല. 2007 ജാനു ബറുവയും 2008 ഗിരീഷ്‌ കാസവള്ളിയും, 2009 സായ്‌പരഞ്ച്‌ പൈയുമൊക്കെയായിരുന്നു ജൂറി അധ്യക്ഷന്‍മാര്‍. ഇവരെല്ലാം തന്നെ ഇന്ത്യന്‍ സിനിമയിലെ പാരലല്‍ സിനിമയുടെ തികഞ്ഞ വക്താക്കളായിരുന്നു. അപ്പോള്‍ സ്വാഭാവികമായും അവരുടെ തിരഞ്ഞെടുപ്പുകളില്‍ മുമ്പിട്ടു നില്‍ക്കുക സമാന്തര സിനിമകള്‍ തന്നെയായിരിക്കും.

എന്നാല്‍ ഇതില്‍ നിന്ന്‌ വ്യത്യസ്‌തമായി മുഖ്യധാര സിനിമക്ക്‌ പ്രാമുഖ്യം നല്‍കിക്കൊണ്ട്‌ ശക്തമായ ഒരു നിലപാട്‌ സ്വീകരിക്കുവാന്‍ ഭാഗ്യരാജ്‌ ജൂറി അധ്യക്ഷനായപ്പോള്‍ കഴിഞ്ഞിരിക്കുന്നു. സിനിമയോടുള്ള നമ്മുടെ ചലച്ചിത്ര അക്കാദമിയുടെയും സര്‍ക്കാരിന്റെയും വീക്ഷണത്തില്‍ വന്ന മാറ്റം തന്നെയാണ്‌ ഇത്‌ സൂചിപ്പിക്കുന്നത്‌. അക്കാദമിക്‌ സിനിമകള്‍ക്ക്‌ അംഗീകാരം നല്‍കി മുഖ്യധാര സിനിമയെ മാറ്റി നിര്‍ത്തുമ്പോഴുള്ള പ്രധാന പ്രശ്‌നം പലപ്പോഴും പുരസ്‌കാരം നേടിയ ചിത്രങ്ങളെക്കുറിച്ച്‌ പ്രേക്ഷകന്‌ ഒന്നുമറിയില്ല എന്നതാണ്‌. കാരണം ആ ചിത്രങ്ങളൊന്നും തീയേറ്ററില്‍ എത്തിയിട്ടുണ്ടാവില്ല. തീയേറ്ററില്‍ എത്തിക്കാന്‍ അതിന്റെ സംവിധായകനും അണിയറക്കാര്‍ക്കും താത്‌പര്യമുണ്ടാവില്ല. കാരണം അവയെല്ലാം അവാര്‍ഡും ഫെസ്റ്റിവെലും മാത്രം ലക്ഷ്യം വെച്ച്‌ ഒരുക്കുന്നവയാണ്‌. അവിടെ സാമാന്യ പ്രേക്ഷകന്‍ തഴയപ്പെടുന്നു. അത്തരം സിനിമകളില്‍ നിന്നും മാറി മുഖ്യധാര സിനിമക്ക്‌ തന്നെ പ്രാമുഖ്യം കൊടുക്കുന്നത്‌ നമ്മുടെ മുഖ്യധാര സിനിമയുടെ നിലവാരം കൂടുതല്‍ മെച്ചപ്പെടുന്നതിന്‌ സഹായകരമാകും.

ഇവിടെ പ്രണയത്തിനും, ഇന്ത്യന്‍ റുപ്പിക്കും, ട്രാഫിക്കിനും, സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിനും നല്‍കിയ അംഗീകാരങ്ങ പൂര്‍ണ്ണമായും ക്രെഡിബിലിറ്റിയുള്ളതാകുന്നു. മാത്രമല്ല അവ മികച്ച പ്രോല്‍സാഹനങ്ങളാകുന്നു. അങ്ങനെ ഒരു ഈ ചിത്രങ്ങളുടെ അണിയറക്കാര്‍ക്ക്‌ ലഭിക്കുന്ന പുരസ്‌കാരങ്ങളിലൂടെ ഈ സിനിമകളെ വിജയിപ്പിച്ച പ്രേക്ഷകരും അംഗീകരിക്കപ്പെടുന്നു. അവാര്‍ഡ്‌ നിര്‍ണ്ണയ രീതികളില്‍ കാലങ്ങള്‍ക്ക്‌ മുമ്പേ കടന്നു വരേണ്ട വലിയ മാറ്റമായിരുന്നു ഇത്‌. ഇപ്പോഴെങ്കിലും ഇത്‌ സാധ്യമായതില്‍ അഭിനന്ദിക്കാം.

സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ മികച്ച ജനകീയ ചിത്രമാകുമ്പോള്‍ ആ സിനിമ അക്ഷരാര്‍ഥത്തില്‍ ജനകീയ ചിത്രം തന്നെയായിരുന്നു എന്നതാണ്‌ ശ്രദ്ധേയമാകുന്നത്‌. വെറും 19 തീയേറ്ററുകളില്‍ മാത്രം റിലീസ്‌ ചെയ്‌ത സൂപ്പര്‍താരങ്ങളില്ലാത്ത ചിത്രമായിരുന്നു സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍. ഒരു വാരം പിന്നിട്ടപ്പോള്‍ അറുപത്‌ തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം പുരോഗമിച്ച്‌ നൂറു ദിവസം ഓടിയ സിനിമയായി മാറി സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍. പുതിയ തലമുറയുടെ ടേസ്റ്റുകളും എന്നാല്‍ മലയാളിത്തമുള്ള കഥയും നവീനമായ അവതരണ ശൈലിയുമായിരുന്നു സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിനെ ന്യൂജനറേഷന്‍ ചിത്രങ്ങളുടെ തുടക്കക്കാരനാക്കിയത്‌. എന്നാല്‍ അടിപൊളി പാട്ടുകളും ഡാന്‍സുകളും ഹ്യൂമറുകളുമെല്ലാം ആ സിനിമയില്‍ സമാസമം സമ്മേളിച്ചിരുന്നു. അപ്പോഴും സിനിമ എന്ന മാധ്യമത്തോട്‌ ഇണങ്ങി നില്‍ക്കാന്‍ സോള്‍ട്ട്‌ ആന്‍ഡ്‌ പെപ്പറിന്‌ കഴിഞ്ഞു. അതുപോലെ തന്നെ ഇങ്ങനെയൊരു പക്കാ കൊമേഴ്‌സ്യല്‍ സിനിമയിലെ അഭിനയത്തിന്‌ ശ്വേതാ മേനോന്‍ പുരസ്‌കാരം നേടിയതും ഏറെ ശ്രദ്ധേയമാണ്‌. ഏതെങ്കിലും മെലോഡ്രാമയിലെ സംഭാഷണങ്ങളില്ലാത്ത അഭിനയത്തിന്‌ ചെന്നുവീഴേണ്ട പുരസ്‌കാരം കൃത്യമായി ശ്വേതക്ക്‌ ലഭിച്ചു. കൊമേഴ്‌സ്യല്‍ സിനിമയില്‍ ഭംഗിയുള്ള അഭിനയ മൂഹര്‍ത്തങ്ങളുണ്ട്‌ എന്ന യഥാര്‍ഥ്യത്തിനുള്ള അംഗീകാരമാകുന്നു ശ്വേതയുടെ പുരസ്‌കാരം.

മികച്ച തിരക്കഥക്കുള്ള പുരസ്‌കാരം ട്രാഫിക്കിന്‌ ലഭിച്ചതും ഇവിടെ ഏറെ ശ്രദ്ധേയമാകേണ്ടതാണ്‌. നല്ല നിലവാരമുള്ള കൊമേഴ്‌സ്യല്‍ സിനിമയുടെ എഴുത്തുകാരും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും പ്രമേയത്തിന്റെ വൈവിധ്യമാണ്‌ ഒരു നല്ല തിരക്കഥയുടെ ലക്ഷണമെന്നും ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്‌ജയ്‌ ടീം ഈ പുരസ്‌കാരത്തിലൂടെ തെളിയിച്ചിരിക്കുന്നു.

ചില വിമര്‍ശനങ്ങള്‍ ബാക്കി നില്‍ക്കുമെങ്കിലും 2011ലെ മലയാള ചലച്ചിത്ര പുരസ്‌കാരം ഒരു വലിയ മാറ്റത്തിനു തന്നെ വഴിതുറന്നിരിക്കുന്നു എന്നതില്‍ സംശയമില്ല. മലയാള സിനിമയില്‍ ഇനി മുന്നിട്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ സിനിമ, തീയേറ്റര്‍ സിനിമ എന്നീ വേര്‍തിരിവുകളില്ല മറിച്ച്‌ നവീനമായ നല്ല മധ്യവര്‍ത്തി ചലച്ചിത്ര സംസ്‌കാരം തന്നെയാകും എന്നാണ്‌ ഈ പുരസ്‌കാരങ്ങള്‍ അടിവരയിട്ടു പറയുന്നത്‌. 2012ല്‍ കാണുന്നതും അതു തന്നെയാണ്‌. സെക്കന്റ്‌ഷോ, 22 ഫീമെയിര്‍ കോട്ടയം, സ്‌പിരിറ്റ്‌, ഉസ്‌താദ്‌ ഹോട്ടല്‍ തുടങ്ങി ഒരുകൂട്ടം സിനിമകള്‍ വീണ്ടും പുതുമകളുമായി ഈ വര്‍ഷവും വന്നു കഴിഞ്ഞു. അവയുടെ തുടര്‍ച്ചയായി പ്രതീക്ഷയുള്ള ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയും ചെയ്യുന്നു. അതെ, മലയാള സിനിമ മാറിക്കഴിഞ്ഞു. ഇപ്പോഴിതാ പുരസ്‌കാരങ്ങളും.
സിനിമ മാറി, പിന്നാലെ പുരസ്‌കാരങ്ങളും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക