Image

തിരിച്ചറിയല്‍ കാര്‍ഡുകളുടെ ദുരുപയോഗം നിര്‍ത്തലാക്കാം

മൊയ്‌തീന്‍ പുത്തന്‍ചിറ Published on 21 July, 2012
തിരിച്ചറിയല്‍ കാര്‍ഡുകളുടെ ദുരുപയോഗം നിര്‍ത്തലാക്കാം
ന്യൂയോര്‍ക്ക്‌: കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ദുരുപയോഗം ചെയ്യുന്ന സ്ഥാപനങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ നിരപരാധികളായ ഒട്ടേറെ പേര്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ അകപ്പെടുമെന്നു തീര്‍ച്ച. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഫോട്ടോകോപ്പി എടുത്തു കൊടുക്കുമ്പോള്‍ അവ യഥാര്‍ത്ഥ ആവശ്യത്തിനു പുറമേ മറ്റു പല കാര്യങ്ങള്‍ക്കും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ്‌ അറിവ്‌.

മൊബൈല്‍ കണക്ഷന്‍, പാന്‍ കാര്‍ഡ്‌, ബാങ്ക്‌ ആവശ്യങ്ങള്‍ എന്നിവയ്‌ക്കാണ്‌ പൊതുജനങ്ങള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പികള്‍ സാധാരണ കൊടുക്കാറ്‌. എന്നാല്‍ ഇവയുടെ കോപ്പികള്‍ ആ കേന്ദ്രങ്ങളില്‍ നിന്ന്‌ വ്യാപകമായി ശേഖരിച്ചുകൊണ്ടുപോകുന്ന ഒരു സംഘം കേരളത്തില്‍ പലയിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടത്രേ. നിലവില്‍ പാന്‍ കാര്‍ഡുള്ള ഒരു വ്യക്തിക്ക്‌ മറ്റൊരു പാന്‍ കാര്‍ഡ്‌ തപാലില്‍ വന്നപ്പോള്‍ അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ ഈ തട്ടിപ്പിന്റെ വിവരം പുറത്തായത്‌. ഒരു സ്വകാര്യ സ്ഥാപനത്തില്‍ മൊബൈല്‍ കണക്ഷന്‌ അപേക്ഷ നല്‍കിയതോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും കൊടുത്തിരുന്നു. ആ കോപ്പി ഉപയോഗിച്ചാണ്‌ പാന്‍ കാര്‍ഡിന്‌ അപേക്ഷിച്ചതെന്ന്‌ പറയപ്പെടുന്നു.

ഉപഭോക്താക്കള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകളുടെ കോപ്പികള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതുകൊണ്ട്‌ അവ അനധികൃത വാണിഭക്കാരുടെ കൈകളില്‍ എത്തിച്ചേരുന്നുണ്ടെന്നും പറയുന്നു. മൊബൈല്‍ കണക്ഷന്‌ ഒരു ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും മാത്രം മതിയെന്നിരിക്കെ ചില കേന്ദ്രങ്ങളില്‍ രണ്ടു കോപ്പി വീതം വാങ്ങുന്നുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. ഈ ദുരുപയോഗത്തിന്‌ പ്രതിവിധിയായി യാതൊരു സംവിധാനവും നിലവിലില്ലെന്ന്‌ പോലീസും വ്യക്തമാക്കുന്നു.

ഒരേ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച്‌ പത്തും ഇരുപതും സിം കാര്‍ഡുകള്‍ എടുക്കുന്ന കടകള്‍ ഉള്ളപ്പോള്‍ തിരിച്ചറിയല്‍ രേഖയുടെ കോപ്പി എവിടെ കൊടുക്കുമ്പോഴും ക്രോസ്‌ ചെയ്‌ത്‌ എന്താവശ്യത്തിനാണ്‌ കൊടുക്കുന്നതെന്ന്‌ അതില്‍ രേഖപ്പെടുത്തണമെന്നാണ്‌ പോലീസ്‌ നിര്‍ദ്ദേശിക്കുന്നതത്രേ. പക്ഷേ, ഈ തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കുമ്പോള്‍ തന്നെ കൃത്രിമം തടയാനുള്ള സംവിധാനവും ഒരുക്കാം.

അമേരിക്കന്‍ ഗവണ്മെന്റ്‌ നല്‍കുന്ന രേഖകള്‍ (പാസ്‌പോര്‍ട്ട്‌, ഗ്രീന്‍ കാര്‍ഡ്‌, പൗരത്വ സര്‍ട്ടിഫിക്കറ്റ്‌ മുതലായവ) കോപ്പിയെടുത്തയുടന്‍ അതു നിറയെ `വോയ്‌ഡ്‌' എന്നോ `കോപ്പി' എന്നോ തെളിഞ്ഞുവരുന്ന വാട്ടര്‍ മാര്‍ക്ക്‌ സംവിധാനം ഇന്ത്യയിലെ (കേരളത്തിലെ) തിരിച്ചറിയല്‍ രേഖകളിലും പ്രയോഗിച്ചാല്‍ ക്രിമിനലുകള്‍ അവ ദുരുപയോഗം ചെയ്യുന്നത്‌ നിര്‍ത്തലാക്കാന്‍ സാധിക്കും.

അമേരിക്കയില്‍/ഐഡന്റിറ്റി തെഫ്‌റ്റ്‌' ഗൗരവമായ ക്രിമിനല്‍ കുറ്റമായിട്ടാണ്‌ കണക്കാക്കുന്നത്‌.  ഫെഡറല്‍/സ്റ്റേറ്റ്‌ ഗണ്മെന്റുകള്‍ വെവ്വേറെ ശിക്ഷകളാണ്‌ ഒരാളുടെ തിരിച്ചറിയല്‍ രേഖ അനധികൃതമായി മറ്റൊരാള്‍ ദുരുപയോഗം ചെയ്‌താല്‍ വിധിക്കുന്നത്‌. അഞ്ചു വര്‍ഷം മുതല്‍ ഏഴു വര്‍ഷം വരെ ജയില്‍ ശിക്ഷ ഫെഡറല്‍ കോടതി നല്‍കുമ്പോള്‍ ഏതു സംസ്ഥാനത്താണ്‌ കുറ്റകൃത്യം ചെയ്‌തിട്ടുള്ളത്‌ ആ സംസ്ഥാനത്തിന്റെ വേറെ ശിക്ഷയും അനുഭവിക്കണം. കൂടാതെ, 50,000 ഡോളര്‍ മുതല്‍ ഒരു ലക്ഷം ഡോളര്‍ വരെ പിഴയും കൊടുക്കേണ്ടിവരും. ഈ വിധം അല്ലെങ്കില്‍ ഈ ശിക്ഷാവിധിക്കനുസൃതമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍?ശിക്ഷാ സമ്പ്രദായം ഏര്‍പ്പെടുത്തിയാല്‍ ഒരു പരിധിവരെ കേരളത്തിലും ഐഡന്റിറ്റി തെഫ്‌റ്റിന്‌ അറുതി വരുത്താവുന്നതാണ്‌.
തിരിച്ചറിയല്‍ കാര്‍ഡുകളുടെ ദുരുപയോഗം നിര്‍ത്തലാക്കാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക