Image

ഷാര്‍ജയില്‍ പൊതു സ്ഥലങ്ങളില്‍ ചുവരെഴുതുന്നതും നോട്ടീസ്‌ പതിക്കുന്നതും നിരോധിച്ചു

Published on 21 July, 2012
ഷാര്‍ജയില്‍ പൊതു സ്ഥലങ്ങളില്‍ ചുവരെഴുതുന്നതും നോട്ടീസ്‌ പതിക്കുന്നതും നിരോധിച്ചു
ഷാര്‍ജ: പൊതു സ്ഥലങ്ങളില്‍ ചുവരെഴുതുന്നതും നോട്ടീസ്‌ പതിക്കുന്നതും കര്‍ശനമായി വിലക്കി മുനിസിപ്പാലിറ്റി ഉത്തരവിറക്കി. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ്‌ സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ ആല്‍ ഖാസിമിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ്‌ ഉത്തരവിറക്കിയതെന്ന്‌ മുനിസിപ്പാലിറ്റി ഡയറക്ടര്‍ എന്‍ജിനീയര്‍ സുല്‍ത്താന്‍ അബ്ദുല്ല അല്‍ മുല്ല പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇവ നീക്കം ചെയാത്ത പക്ഷം നിയമ നടപടി കൈക്കൊള്ളാനാണ്‌ നിര്‍ദേശം. ഭൂഗര്‍ഭ നടപാതകള്‍, കെട്ടിടങ്ങള്‍, വില്ലകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്‌ പ്രധാനമായി ചുവരെഴുത്തുകള്‍ നടക്കുന്നത്‌. താമസിക്കാന്‍ മുറി വാടകക്ക്‌ നല്‍കാനുള്ളത്‌ മുതല്‍ വന്‍കിട ബിസിനസുകള്‍ വരെ ആളുകളെ അറിയിക്കാനാണ്‌ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പതിക്കുകയും എഴുതുകയും ചെയ്യുന്നത്‌. എന്നാല്‍ രാജ്യത്തിന്‍െറ പ്രധാന ഇടങ്ങളില്‍ ഇത്തരത്തിലുള്ള പരസ്യങ്ങള്‍ കുത്തിവരയുന്നത്‌ അഭംഗിക്ക്‌ കാരണമാകുന്നത്‌ കണക്കിലെടുത്താണ്‌ ഇത്‌ കര്‍ശനമായി നിരോധിക്കാന്‍ ഉത്തരവായത്‌. നിലവിലെ പരസ്യങ്ങള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്നും അല്ലാത്ത പക്ഷം 1000 ദിര്‍ഹം പിഴ നല്‍കേണ്ടി വരുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.

ഇത്‌ കൂടാതെ നിയമവിരുദ്ധമായി രാജ്യത്ത്‌ തങ്ങുന്നവരെ കണ്ടെത്താന്‍ കര്‍ശന നിര്‍ദേശമാണ്‌ മുനിസിപ്പാലിറ്റി മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. ഇതുപ്രകാരം പൊലീസ്‌ താമസ കുടിയേറ്റ വകുപ്പ്‌ എന്നിവയുമായി സഹകരിച്ച്‌ വ്യാപക പരിശോധന നടത്തും. രാജ്യത്ത്‌ തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ നിയമം അനുശാസിക്കുന്ന പ്രകാരം സ്‌പോണ്‍സറുടെ കീഴില്‍ തന്നെയാണോ ജോലി ചെയ്യന്നതെന്ന്‌ പരിശോധിക്കും. നിയമ ലംഘനം കണ്ടെത്തിയാല്‍ ഇതുമായി ബന്ധപ്പെട്ട വകുപ്പിന്‌ പ്രതിയെ കൈമാറുകയും നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിവരം ലഭിക്കുന്നവര്‍ 993 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന്‌ പൊലീസ്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക