Image

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഗിരീഷ്‌ നാട്ടിലേക്ക്‌

അനില്‍ കുറിച്ചിമുട്ടം Published on 21 July, 2012
നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഗിരീഷ്‌ നാട്ടിലേക്ക്‌
ദമാം: പത്തനംതിട്ട മാരൂര്‍ ഇന്ദുവിലാസത്തില്‍ ഗിരീഷ്‌കുമാര്‍ (31) എലിവേറ്റര്‍ ആന്‍ഡ്‌ എസ്‌കലേറ്റര്‍ ടെക്‌നീഷ്യനായി 2011 ജനുവരിയില്‍ ദമാമിലെ സാനിയോ എലിവേറ്റര്‍ ആന്‍ഡ്‌ എസ്‌കലേറ്റര്‍ കമ്പനിയില്‍ ജോലിക്കെത്തിയതായിരുന്നു. 2012 ഫെബ്രുവരിയില്‍ കൂടെ ജോലി ചെയ്‌തിരുന്ന സുഹൃത്തായ വര്‍ഗീസിന്റെ പിതാവ്‌ മരിച്ചു. വര്‍ഗീസിന്‌ നാട്ടില്‍ പോകണമെങ്കില്‍ ആരെങ്കിലും ജാമ്യം നില്‍ക്കണമെന്ന്‌ കമ്പനി ആവശ്യപ്പെട്ടു. സുഹൃത്തിന്റെ അവസ്ഥ മനസിലാക്കിയ ഗിരീഷ്‌കുമാര്‍ വര്‍ഗീസിന്‌ നാട്ടില്‍ പോകാന്‍ ജാമ്യംനിന്നു. എന്നാല്‍ നാട്ടിലേയ്‌ക്കു പോയ വര്‍ഗീസ്‌ തിരിച്ചെത്തിയില്ല. നാട്ടില്‍ പിതാവിന്റെ ജോലി വര്‍ഗീസിനു ലഭിക്കുമെന്നുറപ്പുള്ളതിനാലാണ്‌ തിരിച്ചു വരാതിരുന്നത്‌. വര്‍ഗീസ്‌ തിരിച്ചുവരില്ലെന്ന്‌ മനസിലാക്കിയ കമ്പനി നഷ്‌ടപരിഹാരമായി 20,000 റിയാല്‍ ഗിരീഷിനോട്‌ ആവശ്യപ്പെട്ടു. ഇത്‌ നല്‍കാതിരുന്ന ഗിരീഷിന്‌ രണ്‌ടു മാസത്തെ ശമ്പളം നല്‍കിയില്ല. ഇതിനെതിരെ ചോദ്യം ചെയ്‌ത ഗിരീഷിന്‌ താമസസ്ഥലത്തുനിന്നും ഇറക്കിവിട്ടു. തുടര്‍ന്ന്‌ ഗിരീഷ്‌ ഒരു സുഹൃത്തിനൊപ്പം താമസിച്ച്‌ കമ്പനിക്കെതിരെ കേസുകൊടുത്തു. ഈ സാഹചര്യത്തിലാണ്‌ ഗിരീഷ്‌ നവയുഗം ജീവകാരുണ്യ വിഭാഗം ജോയിന്റ്‌ കണ്‍വീനര്‍ സഫിയ അജിത്തിന്റെ സഹായം തേടിയത്‌.

സഫിയയുടെ മധ്യസ്ഥതയില്‍ കോടതിക്കു പുറത്തുവച്ച്‌ ഗിരീഷും സ്‌പോണ്‍സറും തമ്മില്‍ പ്രശ്‌നപരിഹാരത്തിന്‌ ചര്‍ച്ച നടത്തി. ഇതിന്റെ ഫലമായി ഗിരീഷിന്റെ കൈവശമുള്ള കമ്പനി രേഖകളും കമ്പനി ടെലിഫോണും തിരികെ കൊടുക്കണമെന്നും കമ്പനി ടിക്കെറ്റെടുത്ത്‌ നാട്ടില്‍ കയറ്റിവിടാമെന്നും സമ്മതിക്കുകയായിരുന്നു.

നവയുഗം നിയമസഹായവേദിയില്‍ ഗിരീഷ്‌കുമാറിന്റെ ടിക്കറ്റും യാത്രാരേഖകളും സഫിയ അജിത്‌ ഗിരീഷ്‌ കുമാറിന്‌ കൈമാറി. ചടങ്ങില്‍ ദിലീപ്‌ വെള്ളല്ലൂര്‍, നവാസ്‌ ചാന്നാങ്കര, മണികണ്‌ഠന്‍, ടിറ്റോ ജോയിക്കുട്ടി എന്നിവര്‍ പങ്കെടുത്തു. തന്നെ സഹായിച്ച സഫിയ അജിത്തിനും നവയുഗം പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു.

നവയുഗം നിയമസഹായവേദി എല്ലാ ചൊവ്വാഴ്‌ചയും വൈകുന്നേരം ആറു മുതല്‍ നെസ്റ്റോ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കണ്‍വീനര്‍ പ്രിജി കൊല്ലവുമായി ബന്ധപ്പെടുക. 0508831665.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിലൂടെ ഗിരീഷ്‌ നാട്ടിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക