Image

പ്രകാശം പകര്‍ന്നും പ്രതിജ്ഞയെടുത്തും കുരുന്നുകള്‍ കൂടാരം പിരിഞ്ഞു

എം.കെ. ആരിഫ്‌ Published on 21 July, 2012
പ്രകാശം പകര്‍ന്നും പ്രതിജ്ഞയെടുത്തും കുരുന്നുകള്‍ കൂടാരം പിരിഞ്ഞു
ദോഹ: പ്രകാശം പകരുകയും പ്രതിജ്ഞയെടുക്കുകയും ചെയ്‌ത്‌ സ്റ്റുഡന്‍സ്‌ ഇന്ത്യ `വേനല്‍ കൂടാരം' ക്യാമ്പിന്‌ പരിസമാപ്‌തി. പൊള്ളുന്ന ചൂടില്‍ അറിവിന്റെ വിനോദ കൂട്ട്‌ തീര്‍ത്ത്‌ ഒരുക്കിയ ത്രിദിന വേനല്‍ ക്യാമ്പ്‌ കുട്ടികള്‍ക്ക്‌ ആസ്വാദനത്തിന്റെ തണലേകി. കുട്ടികള്‍ വിദ്യാഭ്യാസത്തോടൊപ്പം തിരിച്ചറിവിന്റെ ബാലപാഠങ്ങള്‍ അഭ്യസിക്കേണ്‌ടതിന്റെ അനിവാര്യത വിവിധ സെഷനുകള്‍ നയിച്ചവര്‍ ഓര്‍മ്മപ്പെടുത്തി. ഉള്ളടക്കം കൊണ്‌ടും പുതുമ കൊണ്‌ടും വേറിട്ട്‌ നിന്ന ഓരൊ സെഷനുകളും കുട്ടികള്‍ തികഞ്ഞ ആവേശത്തോടെ ഏറ്റുവാങ്ങി.

വ്യാഴാഴ്‌ച്ച നടന്ന `ഐസ്‌ബ്രെയ്‌ക്‌' മഞ്ഞുരുക്കത്തിന്റെ പുതുരീതികളും പരിചയപ്പെടലിന്റെയും പങ്കുവയ്‌ക്കലിന്റെയും പാരസ്‌പര്യം കുട്ടികള്‍ക്ക്‌ പകര്‍ന്ന്‌ നല്‍കി. സാങ്കേതികവിദ്യയുടെ ദുരുപയോഗം ജീവിതത്തില്‍ വരുത്തുന്ന ദൂഷ്യങ്ങളെ ഒര്‍മപ്പെടുത്തുകയും പ്രശ്‌നങ്ങളെ ചൂണ്‌ടികാണിക്കുകയും ചെയ്യുന്ന 'സാങ്കേതിക വിദ്യ: ഗുണദോഷങ്ങള്‍' എന്ന സെഷന്‍, സ്‌നേഹവും ലാളനയും പ്രണയവും മാതൃസ്‌നേഹവും വേറിട്ടറിയിക്കുന്ന `സസ്‌നേഹം' എന്ന സെഷന്‍, ഇന്ത്യന്‍ നിയമങ്ങളില്‍ കുട്ടികള്‍ ശ്രദ്ധിക്കേണ്‌ട വശങ്ങള്‍ നല്‍കുന്ന നിയമ ബോധനം, ഓര്‍മകളില്‍ അക്കങ്ങള്‍ മാത്രമല്ല, വസ്‌തുക്കളും ക്രമമായി ഓര്‍മിക്കാനാവുന്ന പുതിയ സൂത്രവിദ്യ പകര്‍ന്നു നല്‍കിയ `മെമ്മറിക്ലിനിക്‌', ജീവിത മുഹൂര്‍ത്തങ്ങളിലൂടെ അഭിനയവും എഴുത്തും പഠിപ്പിക്കുന്ന വര്‍ക്‌ഷോപ്പുകള്‍, കണക്കിലെ കെട്ടുകളഴിക്കുന്നതും സ്‌കൂള്‍ ജീവിതത്തെ ആസ്വാദ്യകരമാക്കുന്ന `ജീവിതാസ്വാധനം' സെഷന്‍ എന്നിവയെല്ലാം കുട്ടികള്‍ക്ക്‌ കൗതുകമായി. വര്‍ത്തമാന കാല സിനിമയെ നിരൂപണം ചെയ്യുന്ന ചര്‍ച്ചയും കാലിക പ്രധാനമായ സിനിമ പ്രദര്‍ശനവും കാഴ്‌ച്ചയുടെ സാധ്യതയെ ഉപയോഗപ്പെടുത്താന്‍ ഓര്‍മിപ്പിച്ചു.

വേനല്‍ ക്യാമ്പിന്റെ സമാപന ച്ചടങ്ങിലേക്ക്‌ രക്ഷിതാക്കളുമെത്തിയിരുന്നു. രക്ഷിതാക്കളുടെ സെഷനില്‍ കുട്ടികളേയും രക്ഷിതാക്കളേയും ഒന്നിച്ചിരുത്തിയത്‌ ഭൂതകാലത്തിന്റെയും വര്‍ത്തമാനത്തിന്റെയും ഒര്‍മ്മപ്പെടുത്തലായി. പുതിയ കാലത്ത്‌ കുട്ടികളോടും മാതാപിതാക്കളൊടും ഇണങ്ങേണ്‌ടതിന്റെയും അടുപ്പമുണ്‌ടാക്കേണ്‌ടതിന്റെയും പ്രാധാന്യം കാണിക്കുന്ന വീഡിയോകളും പ്രദര്‍ശിപ്പിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രചോദനം നല്‍കുന്ന സെഷന്‍ ഏറെ പുതുമയുള്ളതായി.

ക്യാമ്പുകള്‍ക്ക്‌ ആവേശം പകര്‍ന്ന വിവിധ സെഷനുകള്‍ ബച്ചുസുലൈമാന്‍ (ഐസ്‌ബ്രേക്‌, മെമ്മറി ക്ലിനിക്‌), താഹ മുഹമ്മദ്‌ (ടെക്‌നോളജി:ഗുണദോഷങ്ങള്‍), ആസ്വാദ്യകരമായ സ്‌കൂള്‍ ജീവിതവും നേതൃത്വവും (നഈം ബദീഉസമാന്‍ ദുബൈ),സ്‌നേഹം (ഹിഷാം പി), നിയമബോധനം (അഡ്വ. നസറുല്‍ അസ്ലം), ജീവിതം ഒരു കല: അഭിനയവും എഴുത്തും, (ഉസ്‌മാന്‍ മാരാത്ത്‌, ഹാരിസ്‌ എടവന) സിനിമ വര്‍ത്തമാനം, ആസ്വാദനം (തസ്‌നീം, അന്‍വര്‍ ബാബു) ടീം ഗെയിംസ്‌ (അനസ്‌ എടവണ്ണ, നബീല്‍), ഷൈജര്‍ നവാസ (ബ്ലോഗ്‌ നിര്‍മാണം) എന്നിവര്‍ വിവിധ സെഷനുകളിലായി കുട്ടികളോട്‌ സംവദിച്ചു.

ക്യാമ്പില്‍ 50 ഓളം കുട്ടികള്‍ പങ്കെടുത്തു. സമാപന സെഷനില്‍ ഐഐഎ പ്രസിഡന്റ്‌ കെ.ടി. അബ്ദുള്‍ റഹ്മാന്‍ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത്‌ ഫോറം പ്രസിഡന്റ്‌ സാജിദ്‌ റഹ്മാന്‍ അധ്യഷത വഹിച്ചു. പ്രോഗ്രാം ജനറല്‍ കന്‍വീനര്‍ ഹക്കിം പെരുമ്പിലാവ്‌ സ്വാഗതം പറഞ്ഞു. ക്യാമ്പില്‍ നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക്‌ കെ.ടി. അബ്ദുള്‍ റഹമാന്‍, ബച്ചുസുലൈമാന്‍, താഹമുഹമ്മദ്‌, സാജിദ്‌ റഹ്മാന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി.
പ്രകാശം പകര്‍ന്നും പ്രതിജ്ഞയെടുത്തും കുരുന്നുകള്‍ കൂടാരം പിരിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക