Image

മന്ത്രിസഭയില്‍ എല്ലാവരും തുല്യരെന്ന്‌ ആന്റണി‍‍

Published on 21 July, 2012
മന്ത്രിസഭയില്‍ എല്ലാവരും തുല്യരെന്ന്‌ ആന്റണി‍‍
മുംബൈ: കേന്ദ്രമന്ത്രിസഭയില്‍ വലുപ്പ ചെറുപ്പമില്ലെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി. മന്ത്രിസഭയില്‍ രണ്ടാമനെന്നോ മൂന്നാമനെന്നോ ഇല്ലെന്നും എല്ലാവരും തുല്യരാണെന്നും ആന്റണി പറഞ്ഞു. മന്ത്രിസഭയിലെ രണ്ടാമനെ ചൊല്ലി കോണ്‍ഗ്രസും എന്‍സിപി നേതൃത്വവും തമ്മിലുള്ള തര്‍ക്കത്തെ കുറിച്ച്‌ പ്രതികരിക്കുകയായിരുന്നു ആന്റണി. നേവിയുടെ പുതിയ യുദ്ധക്കപ്പലായ ഐഎന്‍എസ്‌ സഹ്യാദ്രി കമ്മീഷന്‍ ചെയ്യുന്നതിന്‌ മുംബൈയില്‍ എത്തിയതായിരുന്നു ആന്റണി.

താന്‍ പ്രതിരോധമന്ത്രിയെന്ന നിലയിലാണ്‌ ചടങ്ങിനെത്തിയതെന്നും രാഷ്‌ട്രീയകാര്യങ്ങള്‍ ഇതിലേക്ക്‌ വലിച്ചിടരുതെന്നും ഇടയ്‌ക്ക് ആന്റണി മാധ്യമങ്ങള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി. പ്രതിരോധ മേഖലയിലെ അഴിമതിയെക്കുറിച്ച്‌ ആരാഞ്ഞ മാധ്യമങ്ങളോട്‌ 'ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണത്തിനു ശേഷം എന്തെങ്കിലും തെളിവ്‌ ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും' ആന്റണി പറഞ്ഞു. സൈന്യത്തില്‍ ഒരു തരത്തിലുമുള്ള അഴിമതിയും വെച്ചുപൊറുപ്പിക്കില്ല. മുന്‍ സൈനിക മേധാവി വി.കെ സിംഗിനെതിരായ അപകീര്‍ത്തിക്കേസിനെകുറിച്ച്‌ ചോദിച്ചപ്പോള്‍, അതെല്ലാം പഴയഅധ്യായമാണെന്നായിരുന്നു ആന്റണിയുടെ മറുപടി.

സേനയിലെ ആധുനികവ്‌തകരണത്തിനാണ്‌ താനിപ്പോള്‍ പ്രധാന്യം നല്‍കുന്നത്‌. സൈന്യത്തിലെയും വ്യോമസേനയിലെയും രേഖകള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. സിബിഐയും എന്‍ഫോഴ്‌സ്മെന്റ്‌ ഡയറക്‌ടറേറ്റും അന്വേഷിക്കട്ടെ എന്നാണ്‌ സര്‍ക്കാര്‍ നിലപാട്‌. അന്വേഷണം ഗൗരവമായിതന്നെ നടക്കുന്നുണ്ടെന്നും ആന്റണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക