Image

യൂസഫലി എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗത്വം രാജിവച്ചു‍‍‍‍

Published on 21 July, 2012
യൂസഫലി എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗത്വം രാജിവച്ചു‍‍‍‍
കൊച്ചി: എയര്‍ ഇന്ത്യ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗത്വം എം.എ യൂസഫലി രാജിവച്ചു. ഗള്‍ഫ് മലയാളികളോടുള്ള എയര്‍ ഇന്ത്യയുടെ അവഗണനയില്‍ പ്രതിഷേധിച്ചാണ്‌ പ്രവാസി വ്യവസായി പ്രമുഖന്‍ കൂടിയായ യൂസഫലിയുടെ രാജി. രണ്ടു വര്‍ഷം ഡയറക്ടര്‍ ബോര്‍ഡില്‍ പ്രവര്‍ത്തിച്ചിട്ടും പ്രവാസി മലയാളികളോട് നീതി പുലര്‍ത്താന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് യുസഫലി പറഞ്ഞു.

അടിയ്ക്കടി നിരക്ക് കൂട്ടുന്നതും അവസാന നിമിഷം സര്‍വീസ് റദ്ദാക്കുന്നതും യാത്രക്കാരെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. താനുള്‍പ്പെടെയുള്ള അംഗങ്ങള്‍ വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയിട്ടും വിശേഷ അവസരങ്ങളില്‍ പോലും സര്‍വീസ് റദ്ദാക്കപ്പെടുകയാണ്. എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ നിസ്സഹകരണ മനോഭാവമാണ് പ്രസ്ഥാനത്തെ നശിപ്പിക്കുന്നതെന്നും യൂസഫലി പറഞ്ഞു. ഡയക്ടര്‍ബോര്‍ഡ് എടുക്കുന്ന ഓരോ തീരുമാനവും ജീവനക്കാര്‍ അട്ടിമറിക്കുകയാണ്.

ആറു വര്‍ഷം മുന്‍പ് താനുള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവച്ച ‘എയര്‍കേരള’ എന്ന പദ്ധതി ഇപ്പോഴും മനസ്സിലുണ്ട്. എയര്‍ കേരളയുമായി മുന്നോട്ടു പോകേണ്ടത് അനിവാര്യമാണെന്ന് ഇപ്പോള്‍ തോന്നുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് രാജിയെന്നും യൂസഫലി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക