Image

വിധി കാത്ത് വി.എസ്

ജി.കെ. Published on 20 July, 2012
 വിധി കാത്ത് വി.എസ്
സംസ്ഥാന സമ്മേളനത്തില്‍ തന്നെ സംസ്ഥാന നേതൃത്വം ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച പ്രതിപക്ഷ നേതാവും സിപിഎമ്മിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളുമായ വി.എസ്.അച്യുതാനന്ദന്റെ വിധി നടപ്പാക്കുമോ എന്നറിയാന്‍ ഇനി മൂന്നു ദിവസത്തെ കാത്തിരിപ്പ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങള്‍ വിഎസിനെതിരെ സംസ്ഥാന നേതൃത്വം തയാറാക്കിയ കുറ്റപത്രം ഔദ്യോഗികമായി വായിച്ചു കേള്‍പ്പിക്കും. അതിനുശേഷം പാര്‍ട്ടിയുടെ പരമോന്നത നേതൃത്വം സംസ്ഥാന നേതൃത്വം വിധിച്ച ക്യാപിറ്റല്‍ പണിഷ്‌മെന്റ ശരിവെയ്ക്കുമോ എന്നു മാത്രമെ ഇനി അറിയാനുള്ളു. വി.എസിനെതിരെ. അച്ചടക്കനടപടിക്കായുള്ള സംസ്ഥാന നേതൃത്വത്തിന്റെ അതിശക്തമായ സമ്മര്‍ദം പിബിയും സിസിയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണു പാര്‍ട്ടിയും അണികളും കേരളവും ഉറ്റുനോക്കുന്നത്.

ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷം പാര്‍ട്ടി നിലപാടുകളെ പരസ്യമായി വെല്ലുവിളിച്ച് മുന്നോട്ടുപോകുന്ന വിഎസിന്റെ ശൈലി ഇനിയും വച്ചുപൊറുപ്പിക്കാന്‍ കഴിയില്ല എന്നതാണ് ഔദ്യോഗികപക്ഷ നിലപാട്. പാര്‍ട്ടി സെക്രട്ടറിയെ പരസ്യമായി നിരന്തരം ചോദ്യംചെയ്യുന്ന വി.എസിന്റെ നടപടികള്‍ക്കു തെളിവൊന്നും ആവശ്യമില്ലാത്തതിനാല്‍ നടപടി കൂടിയേതീരൂവെന്നും അവര്‍ വാദിക്കുന്നു. ഉടന്‍ തെരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്തതിനാല്‍ യുക്തമായ സമയം ഇതാണെന്നും നേതൃത്വം ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അച്ചടക്കനടപടി പ്രതീക്ഷിക്കുമ്പോള്‍ തന്നെ അത് എത്രത്തോളം ആവാം എന്നതില്‍ ഔദ്യോഗിക നേതൃത്വത്തിനും ഉറച്ച അഭിപ്രായമില്ല.

കേന്ദ്ര കമ്മിറ്റിയില്‍ നിന്നു വിഎസിനെ നീക്കുമെന്ന് ഔദ്യോഗിക പക്ഷം ഇപ്പോഴും ഉറച്ചു വിശ്വസിക്കു്ന്നുണ്ട്. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് നീക്കുന്നതോടെ സ്വാഭാവികമായും വി.എസ് പ്രതിപക്ഷ നേതൃസ്ഥാനമൊഴിയുമെന്നും പിന്നെ കാര്യങ്ങള്‍ കുറച്ചുകൂടി എളുപ്പമാകുമെന്നും സംസ്ഥാന നേതൃതൃത്വം കണക്കുക്കൂട്ടുന്നു. ഈയൊരു ഘട്ടത്തില്‍ വി.എസിനെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് അണികള്‍ക്കിടയില്‍ വലിയ ചലനമുണ്ടാക്കില്ലെന്ന് കണ്ണൂര്‍ നേതാക്കള്‍ വാദിക്കുന്നുണ്‌ടെങ്കിലും അവര്‍ക്കും അക്കാര്യമങ്ങ് തറപ്പിച്ചു പറയാനാവുന്നില്ല. കമ്മ്യൂണിസ്റ്റ് രീതിയനുസരിച്ചാമെങ്കില്‍ അച്ചടക്ക നടപടിയെടുക്കേണ്ട കുറ്റങ്ങള്‍ വി.എസ് എന്നേ ചെയ്തു കഴിഞ്ഞു. പാര്‍ട്ടി സെക്രട്ടറിയെ ഡാങ്കെയോട് ഉപമിച്ചു എന്ന കുറ്റം മാത്രം മതിയാകും വി.എസിനെതിരെയുള്ള അച്ചടക്കത്തിന്റെ വാള്‍ വീശാന്‍.

എന്നാല്‍ വി.എസിന്റെ അച്ചടക്കലംഘനങ്ങള്‍ ഏത് സാഹചര്യത്തിലായിരുന്നുവെന്ന് കേന്ദ്ര നേതൃത്വത്തിന് കാണാതിരിക്കാനും കഴിയില്ല. ടി.പി.ചന്ദ്രശേഖരന്‍ വധത്തെത്തുടര്‍ന്ന് പാര്‍ട്ടിക്കു നേരെ ചൂണ്ടുവിരലുയര്‍ന്നു നില്‍ക്കെ ടി.പിയെ വീണ്ടും കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ചപ്പോഴായിരുന്നു പാര്‍ട്ടി സെക്രട്ടറിയെ വി.എസിന് ഡാങ്കേയോട് ഉപമിക്കേണ്ടി വന്നത്. എന്നാല്‍ സാഹചര്യമേതായാലും സ്വന്തം സഖാക്കളെ തള്ളിപ്പറഞ്ഞുകൊണ്ട് പൊതുസമൂഹത്തില്‍ വേറിട്ടൊരു നിലപാട് സ്വീകരിക്കുന്നത് എത്ര ഉന്നതനായ സഖാവായാലും നടപടി അര്‍ഹിക്കുന്ന കുറ്റമാണെന്ന് ഔദ്യോഗികപക്ഷം പറയുന്നു. ഇത് സാധൂകരിക്കാനായി ലാവലിന്‍ വിഷയത്തിലും മുഖ്യമന്ത്രിയായിരുന്നപ്പോഴും വി.എസ് സ്വീകരിച്ച പാര്‍ട്ടി വിരുദ്ധ നിലപാടുകള്‍ അവര്‍ കുറ്റപത്രിത്തില്‍ അക്കമിട്ട് നിരത്തുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം എങ്ങനെ ചിന്തിക്കുന്നുവെന്നതായിരിക്കും വിഎസിന്റെ കാര്യത്തില്‍ നിര്‍ണായകമാവുംക.

സമീപകാലത്ത് നടന്ന പാര്‍ട്ടി റിപ്പോര്‍ട്ടിംഗുകളെല്ലാം നിര്‍ണായകമായതെന്തോ സംഭവിക്കാന്‍ പോവുന്നുവെന്നൊരു സന്ദേശം അണികള്‍ക്ക് നല്‍കാനും അവരെ അതിന് സജ്ജരാക്കാനും ഔദ്യോഗിക നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്നതും ഇവിടെ കാണാതിരുന്നുകൂടാ. കേന്ദ്രനേതൃത്വം തങ്ങള്‍ക്കൊപ്പമാണെന്ന ഉറച്ചവിശ്വാസത്തിലാണ് ഔദ്യോഗികപക്ഷം ഇത്തരമൊരു വിഎസ് വിരുദ്ധ സന്ദേശം അണികള്‍ക്ക് കൈമാറിയത്. കഴിഞ്ഞമാസം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി യോഗങ്ങളില്‍ പങ്കെടുത്ത പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ നിലപാടും ഇവിടെ നിര്‍ണായകമാകും.

ടി.പി.വധത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായ പാര്‍ട്ടിയുടെ പ്രതിച്ഛായ പാതാളത്തോളം താഴ്ത്തുന്നതായിരിക്കും ഈ വിഷയത്തില്‍ ജനപക്ഷ നിലപാടെടുത്ത വി.എസിനെതിരായ അച്ചടക്ക നടപടിയെന്നൊരു പൊതുവികാരം കേന്ദ്ര നേതൃത്വത്തിലുണ്‌ടെന്നത് വി.എസിനെ സംബന്ധിച്ചിടത്തോളം ശുഭസൂചനയാണ്. എന്നാല്‍ വി.എസിനെതിരെ കടുത്തനടപടിതന്നെ വേണമെന്ന് പോളിറ്റ്ബ്യൂറോയേക്കാളും ശക്തമായ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാല്‍ ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങാനേ കേന്ദ്ര നേതൃത്വത്തിനും കഴിയുകയുള്ളൂ.

ബംഗാളില്‍ അധികാരം പോയതിനെത്തുടര്‍ന്നുള്ള ക്ഷീണം മാറുന്നതിന് മുമ്പുതന്നെ പാര്‍ട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായ കേരളത്തില്‍ അഴിമതിക്കും കൊലപാതകരാഷ്ട്രീയത്തിനും എതിരെ നിലകൊള്ളുന്ന, വലിയ പാരമ്പര്യമുള്ള നേതാവിനെതിരെ നടപടിയെടുക്കുന്നതു സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുടെ ഉത്തരവാദിത്തം പേറാന്‍ കേന്ദ്രനേതൃത്വത്തിനു വിഷമമുണ്ട്. എന്നാല്‍ പാര്‍ട്ടിയിലെ ഏറ്റവും പ്രബലമായ സംസ്ഥാന ഘടകം ഉയര്‍ത്തുന്ന അതിശക്തമായ സമ്മര്‍ദവും കേന്ദ്രനേതൃത്വത്തിന് അവഗണിക്കാനും കഴിയുന്നില്ല.

തന്റെ കത്തിലൂടെയും കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ നടത്തിയ പ്രസംഗത്തിലൂടെയും പാര്‍ട്ടി നേതൃത്വത്തിനെതിരെ വി.എസ്. മുന്നോട്ടുവച്ച ആരോപണങ്ങളും നടപടിയെടുക്കുന്നതിന് മുമ്പ് പരിഗണിക്കണം. അതുകൊണ്ടു തന്നെ ശാസന തുടങ്ങിയ ലഘുവായ നടപടികളേ വി.എസ്. അനുകൂലികള്‍ പ്രതീക്ഷിക്കുന്നുള്ളു. കേന്ദ്ര കമ്മിറ്റിക്കു ശേഷം ഇടവേളയില്ലാതെ തൊട്ടുപിറ്റേന്നു തന്നെ സംസ്ഥാനത്ത് സെക്രട്ടേറിയറ്റും തുടര്‍ന്ന് രണ്ടു ദിവസം സംസ്ഥാന കമ്മിറ്റിയും വിളിച്ചിട്ടുണ്ട്. എകെജി സെന്ററില്‍ വലിയെതെന്തോ സംഭവിക്കാന്‍ പോവുന്നുവെന്നതിന്റെ സൂചനയാണിതെന്നാണ് വിലയിരുത്തല്‍. എന്തായാലും 2006ലും 2011ലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പൊതുവികാരം മാനിച്ച് വി.എസിന് മുന്നില്‍ വഴങ്ങേണ്ടിവന്ന പാര്‍ട്ടി കേന്ദ്ര നേതൃത്വം ചരിത്രം ആവര്‍ത്തിക്കുമോ അതോ ചരിത്രം തിരുത്തുമോ എന്നാണ് ഇനി കണ്ടറിയേണ്ത്.

 വിധി കാത്ത് വി.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക