Image

ഫൊക്കാനാ സമ്മേളനം; വിവാദങ്ങള്‍ക്ക് വിരാമമിടണം-പി.പി. ചെറിയാന്‍

Published on 20 July, 2012
ഫൊക്കാനാ സമ്മേളനം; വിവാദങ്ങള്‍ക്ക് വിരാമമിടണം-പി.പി. ചെറിയാന്‍
ഡാളസ് : "ആനകളില്ലാതെ, അംബാരിയില്ലാതെ ആറാട്ടുനടക്കാറുണ്ടിവിടെ" എന്ന് തുടങ്ങുന്ന ഗാനം അന്വര്‍ത്ഥമാക്കുന്ന ഒരു ദേശീയ സമ്മേളനത്തിനാണ് ഈയ്യിടെ ഹൂസ്റ്റണ്‍ നഗരം സാക്ഷ്യം വഹിച്ചത്.

കേരളത്തില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ സമുന്നത നേതാക്ക
ളും, മന്ത്രിമാരും, എം.പി.മാരും, എന്തിനുപറയുന്നു ഒരു ചോട്ടാ എം.എല്‍.എ. പോലും ഇല്ലാതെ വിജയകരമായി സംഘടിപ്പിച്ച നോര്‍ത്തമേരിക്കന്‍ പ്രവാസി സാംസ്‌ക്കാരിക സംഘടനയുടെ ആദ്യ ദേശീയ സമ്മേളനം എന്ന ബഹുമതി ഹ്യൂസ്റ്റന്‍ സമ്മേളനത്തോടെ ഫൊക്കാനയ്ക്ക് സ്വന്തമായി അവകാശപ്പെടാം.

ഫൊക്കാന സമ്മേളനത്തിന് സ്വരൂപിക്കുന്ന ഫണ്ടിന്റെ സിംഗഭാഗവും ചിലവഴിക്കേണ്ടിവരുന്നത് കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന രാഷ്ട്രീയ-സാംസ്‌ക്കാരി നേതാക്കന്മാരുടെ യാത്രാപിടിക്കും, "ശരിയായ സല്‍ക്കാര"ത്തിനുമാണ് എന്ന പറയുന്നതില്‍ അതിശയോക്തിയില്ല- ഈ വര്‍ഷം ഇത്തൊരമൊരു ധൂര്‍ത്ത് ഒഴിവാക്കാന്‍ സാധിച്ചു എന്നതും, ഫൊക്കാന സമ്മേളനത്തിന്റെ വിജയത്തിന് ആക്കം കൂട്ടിയ യാഥാര്‍ത്ഥ്യങ്ങളാണ്. സംഘാടകര്‍ അഭിനന്ദനവും അര്‍ഹിക്കുന്നു.

ഈ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ ഫൊക്കാന സമ്മേന നഗരിയില്‍ മറ്റു പ്രതിനിധികളെ പോലെ വിലയേറിയ സമയം ചിലവഴിച്ചു ആവശ്യമായ നിര്‍ദ്ദേശങ്ങളും, നേതൃത്വവും നല്‍കി ആദിയോടന്ത്യം പങ്കെടുക്കുന്ന വിവിധ മതനേതാക്കന്മാരെ അഭിനന്ദിക്കുന്നതിനു പകരം അപഹാസ്യമായി ചിത്രീകരിക്കുന്ന പ്രമേയങ്ങളും, പ്രസ്താവനകളും ഇറക്കുന്ന സംഘടനകളുടേയും, സാംസ്‌ക്കാരിക നേതാക്കന്മാരുടേയും സങ്കുചിത മനോഭാവം പ്രബുദ്ധരായ പ്രവാസി മലയാളി സമൂഹം പുച്ഛത്തോടെ തള്ളികളയുമെന്നതില്‍ തര്‍ക്കമില്ല.

മതനേതാക്കന്മാര്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതുകൊണ്ടു ഫൊക്കാന പോലുള്ള സാംസ്‌ക്കാരിക സംഘടനകളുടെ മതേതരത്വ സ്വഭാവം നഷ്ടമാകും എന്നതാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നതെങ്കില്‍ തെറ്റുപറ്റി എന്ന് പറയാതെ വയ്യ. "തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണെങ്കില്‍ അങ്ങ് തെറിക്കട്ടെ" എന്ന് ചെറുപ്പത്തില്‍ കേട്ട പഴമൊഴിയാണ് ഓര്‍മ്മയില്‍ ഓടിയെത്തുന്നത്.

വിജയകരമായി സംഘടിപ്പിക്കപ്പെട്ട ഫൊക്കാന സമ്മേളനത്തെക്കുറിച്ചുള്ള വാദങ്ങള്‍ക്ക് തിരകൊളുത്തിയതു സമ്മേളനം വിജയിപ്പിക്കുന്നതിന് അരയും തലയും മുറുക്കി രംഗത്ത് പ്രവര്‍ത്തിച്ച ഒരു അംഗ സംഘടനയാണെന്നുള്ളത് ആശ്ചര്യമായിരിക്കുന്നു.

മുന്‍കൂട്ടി പ്രസിദ്ധീകരിച്ച പരിപാടികളില്‍ നിന്നും വ്യതിചലിച്ചു ഫൊക്കാന നഗരിയില്‍ നടക്കുന്ന വ്യക്തിഗതചടങ്ങുകള്‍ ഒഴിവാക്കാന്‍ ചുമതലപ്പെട്ടവര്‍, പരിപാടി നടന്നതിനുശേഷം അതിനെ വിമര്‍ശിക്കുന്നത് വിരോധാഭാസമാണ്.

ഒരേ രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കന്മാര്‍ ചേരിതിരിഞ്ഞ് പ്രസ്താവനകളും, പ്രമേയങ്ങളും പാസ്സാക്കുന്ന കേരള രാഷ്ട്രീയതിതിലെ നാറിയ പ്രവണതകള്‍ മാതൃകയായി സ്വീകരിക്കാതെ സംഘടനയിലെ പ്രശ്‌നങ്ങള്‍ പൊതുജനങ്ങളിലേക്ക് വലിച്ചിഴയ്ക്കാതെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് ചര്‍ച്ച് ചെയ്ത് പരിഹരിക്കുന്നതിന് ശ്രമിക്കുന്നതാണ് ഉചിതം.

ഫൊക്കാന സമ്മേളനങ്ങള്‍ക്കായി തയ്യാറാക്കിയിരുന്ന വേദികളില്‍ മതപരമായ ചടങ്ങുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അത് തികച്ചും അപലപനീയമാണ്.

സാംസ്‌ക്കാരിക സംഘടനകളുടെ സമ്മേളനങ്ങളില്‍ മതസൗഹാര്‍ദ സമ്മേളനം സംഘടിപ്പിക്കുക എന്നത് സമ്മേളനത്തിന്റെ മാറ്റു വര്‍ദ്ധിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇവിടെ നടക്കുന്ന പ്രസംഗങ്ങളും, ചര്‍ച്ചകളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടും ആദരവോടും സ്വീകരിക്കുന്നതിന് പകരം അതിനെ തള്ളിപറയുകയും, ആക്ഷേപിക്കുകയും ചെയ്യുന്നത് സങ്കുചിത മനസ്സാക്ഷിയില്‍ നിന്നും ഉയരുന്ന ജല്പനമായിട്ടേ കരുതാനാകൂ.

മതസൗഹാര്‍ദ സമ്മേളനവേദിയില്‍ എല്ലാ വിഭാഗങ്ങളിലും ഉള്‍പ്പെട്ട പ്രതിനിധികളെ കാണാത്ത നിരാശയില്‍ നിന്നുടലെടുത്ത വിമര്‍ശനമാണെങ്കില്‍ വരും വര്‍ഷങ്ങളില്‍ ഇതാവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനുള്ള നടപടികള്‍ ഫൊക്കാന ഭാരവാഹികള്‍ സ്വീകരിക്കേണ്ടതാണ്.
ഫൊക്കാനാ സമ്മേളനം; വിവാദങ്ങള്‍ക്ക് വിരാമമിടണം-പി.പി. ചെറിയാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക