Image

രണ്ടാം സ്ഥാനം മാത്രമല്ല, രാഹുല്‍ വരുന്നതും പവാറിനു പ്രശ്‌നം

Published on 20 July, 2012
രണ്ടാം സ്ഥാനം മാത്രമല്ല, രാഹുല്‍ വരുന്നതും പവാറിനു പ്രശ്‌നം
ന്യൂഡല്‍ഹി:രണ്ടാമന്‍ മുതല്‍ മഹാരാഷ്ട്രയിലെ സഖ്യംവരെ നീളുന്ന ഒട്ടേറെ വിഷയങ്ങളില്‍ എന്‍സിപി അസംതൃപ്തരാണ്. കേന്ദ്രമന്ത്രിസഭയിലും യുപിഎയിലും നിന്നു വിട്ടുനില്‍ക്കണമെന്നും പുറമേ നിന്നു പിന്തുണ നല്‍കിയാല്‍ മതിയെന്നും ശരദ് പവാര്‍ ആലോചന തുടങ്ങിയിട്ടു കുറച്ചുനാളായി.

രാഷ്ട്രപതി തിരഞ്ഞെടുപ്പു കഴിയുന്നതു വരെ കാത്തിരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രത്തില്‍ മാത്രമല്ല, കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ സഖ്യവും ഭരണപങ്കാളിത്തവുമുള്ളത്. മഹാരാഷ്ട്രയിലും ഇരുവരും ചേര്‍ന്നാണു ഭരണം. അതുകൊണ്ടു തന്നെ കേന്ദ്രത്തിലെ ഏതു നിലപാടും നാളെ മഹാരാഷ്ട്രയിലും വിള്ളലുണ്ടാക്കും. 

കോണ്‍ഗ്രസ് തങ്ങളോട് ഒന്നും ആലോചിക്കാതെയാണു തീരുമാനമെടുക്കുന്നത് എന്നു ശരദ് പവാറിനു പരാതിയുണ്ട്. മുന്നണി സംവിധാനത്തില്‍ പാലിക്കേണ്ട സാമാന്യമര്യാദ കോണ്‍ഗ്രസ് പുലര്‍ത്തുന്നില്ല എന്നാണു പരാതി. ഒന്‍പത് എംപിമാരേ ഉള്ളൂവെങ്കിലും കേന്ദ്രമന്ത്രിസഭയില്‍ ശരദ് പവാറിനു സീനിയര്‍ എന്ന സ്ഥാനമുണ്ട്. പ്രണബ് മുഖര്‍ജി ഒഴിഞ്ഞപ്പോള്‍ രണ്ടാമന്‍ പദവി കൈവരുമെന്നു പവാര്‍ കരുതി. ആ സ്ഥാനം എ.കെ. ആന്റണിക്കായി. ഇനി ലോക്‌സഭാ ലീഡറായി സുശീല്‍കുമാര്‍ ഷിന്‍ഡെ വരുമെന്ന് ഉറപ്പാണ്. അതും മറ്റൊരു മഹാരാഷ്ട്രക്കാരന്‍. ഒരുപക്ഷേ, ഷിന്‍ഡെ അടുത്ത ആഭ്യന്തരമന്ത്രിയും ആയേക്കാം. 

രാഹുല്‍ ഗാന്ധി കേന്ദ്രമന്ത്രിസഭയിലേക്കു വരുമെന്നതാണു മറ്റൊരു പ്രശ്‌നം. ഒരു പക്ഷേ, രാഹുല്‍ ഉപപ്രധാനമന്ത്രി ആയേക്കാം. അതിനു വേണ്ടിയാണു സോണിയ ഗാന്ധി പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതി പദവിയിലേക്ക് ഉയര്‍ത്തിയത് എന്നും കരുതുന്നുണ്ട്. രാഹുലിനു കീഴില്‍ പവാറിനു പ്രവര്‍ത്തിക്കേണ്ടിവരുന്നതും ഒരു പ്രശ്‌നമാണ്. 

2004 മുതല്‍ ശരദ് പവാര്‍ ആവശ്യപ്പെടുന്നതാണ് ഒരു ഏകോപനസമിതി വേണം എന്നത്. അതു പക്ഷേ, പ്രധാനമന്ത്രിയും സോണിയ ഗാന്ധിയും കണക്കിലെടുക്കുന്നില്ല. വെള്ളിയാഴ്ച നടന്ന ചര്‍ച്ചകളില്‍ മന്‍മോഹന്‍ സിങ്ങും സോണിയയും നിര്‍ദേശിച്ചത് ഒരു മൂന്നംഗ സമിതി ഉണ്ടാക്കാമെന്നാണ്. ശരദ് പവാറും എ.കെ. ആന്റണിയും ലോക്‌സഭയിലെ കോണ്‍ഗ്രസിന്റെ ലീഡറും ചേര്‍ന്ന സമിതി. ഇതും പക്ഷേ, പവാറിനു സ്വീകാര്യമായിട്ടില്ല. കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാ സമിതിയില്‍ പവാറിനെ ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല. 

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെതിരെയും പവാറിനും കൂട്ടര്‍ക്കും പരാതിയുണ്ട്. അടുത്തകാലത്ത് എന്‍സിപിയുടെ ചില സഹകരണ സംഘങ്ങള്‍ക്കു നേരേ നടന്ന റെയ്ഡ് ഒരു വിഷയമാണ്. ചവാനെ മാറ്റണം എന്നു പവാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും കോണ്‍ഗ്രസിന് അതു നടപ്പാക്കാന്‍ പ്രയാസമുണ്ട്. 
  എന്‍സിപി പുറമേ നിന്നു പിന്തുണയ്ക്കാന്‍ തീരുമാനിച്ചാല്‍ അത് യുപിഎയുടെ കെട്ടുറപ്പിനെ ബാധിക്കും. നേരത്തേ തന്നെ മമത ഇടഞ്ഞുനില്‍പ്പാണ്. 2014ലെ തിരഞ്ഞെടുപ്പുസമയത്ത് ഇതേ കക്ഷികള്‍ തന്നെ യുപിഎയില്‍ ഉണ്ടാകുമോ എന്ന വലിയൊരു ചോദ്യത്തിലേക്കാണ് ഈ സംഭവങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.

രണ്ടാം സ്ഥാനം മാത്രമല്ല, രാഹുല്‍ വരുന്നതും പവാറിനു പ്രശ്‌നം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക