Image

പെണ്‍വാണിഭം: രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ നാട്ടിലെത്തിക്കും

Published on 20 July, 2012
പെണ്‍വാണിഭം: രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ നാട്ടിലെത്തിക്കും
അജ്മാന്‍ (യുഎഇ):പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നു രക്ഷപ്പെടുത്തിയ മലയാളി യുവതിയെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായി വരുന്നു. യുവതി ഇപ്പോള്‍ റാസല്‍ഖൈമയിലെ അഭയകേന്ദ്രത്തിലാണ്. ദുബായിലെ മലയാളി ഡോക്ടറുടെ വീട്ടില്‍ ജോലിക്കെന്നു പറഞ്ഞാണു നാട്ടുകാരനായ ഏജന്റ് വന്‍തുക വാങ്ങി വീസ നല്‍കി യുവതിയെ യുഎഇയിലെത്തിച്ചത്. 

പെണ്‍വാണിഭ കേന്ദ്രത്തിലെത്തി കുറച്ചുദിവസങ്ങള്‍ക്കു ശേഷം യാദൃച്ഛികമായി കയ്യില്‍ക്കിട്ടിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണു യുവതി ഭര്‍ത്താവിനെ വിളിച്ചു വിവരമറിയിച്ചത്. അദ്ദേഹം നടത്തിപ്പുകാരിയുടെ  ഫോണ്‍ നമ്പറില്‍ വിളിച്ചു ഭാര്യയെ നാട്ടിലേക്കു തിരിച്ചയയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നാട്ടിലെ തന്റെ ഏജന്റിന്റെ കയ്യില്‍ ഒന്നരലക്ഷം രൂപ കൂടി കൊടുത്താലേ വിടൂ എന്നായിരുന്നു മറുപടി. തുടര്‍ന്നു ഭര്‍ത്താവ് സുഹൃത്തു മുഖേന യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകയുടെ സഹായം തേടി. 

ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അറിയിച്ചെങ്കിലും അവധി കഴിഞ്ഞ് ഇ-മെയില്‍ അയയ്ക്കാനായിരുന്നത്രേ മറുപടി. ഇവര്‍ തുടര്‍ന്നു നടത്തിപ്പുകാരിയുടെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു വീട്ടുജോലിക്കു യുവതിയെ ആവശ്യമുണ്ടെന്നും പണം നല്‍കാമെന്നും അറിയിച്ചു. സിഐഡി വിഭാഗത്തെയും കാര്യങ്ങള്‍ ധരിപ്പിച്ചു. അവധി ദിവസമായിരുന്നിട്ടും വന്‍ പൊലീസ് സംഘം അന്വേഷണത്തിനു തയാറായി. സിഐഡി സംഘം 4500 ദിര്‍ഹം സാമൂഹിക പ്രവര്‍ത്തകയ്ക്കു കൈമാറി. തുടര്‍ന്നു പെണ്‍വാണിഭ സംഘത്തോടു യുവതിയെയും കൂട്ടി അവര്‍ നിര്‍ദേശിച്ച സ്ഥലത്തെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. 

നടത്തിപ്പുകാരി തന്റെ സംഘത്തിലെ മനീഷ് എന്ന യുവാവിനെയായിരുന്നു യുവതിയോടൊപ്പം അയച്ചത്. പണം കൈമാറിയ ഉടനെ മനീഷിനെ മറഞ്ഞുനിന്നിരുന്ന സിഐഡി സംഘം അറസ്റ്റ് ചെയ്തു. തുടര്‍ന്നു യുവതിയെയും കൂട്ടി മനീഷ് കാണിച്ചുകൊടുത്ത പെണ്‍വാണിഭ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ രണ്ടു മലയാളികളടക്കം നാലു സ്ത്രീകളെയും പുരുഷന്‍മാരെയും പിടികൂടുകയായിരുന്നു. 

അതേസമയം, പെണ്‍വാണിഭകേന്ദ്രം നടത്തിപ്പുകാരിയായ വടക്കാഞ്ചേരി കരുമത്ര സ്വദേശിനിയെ പിടികിട്ടിയിട്ടില്ല. ലീന ബഷീര്‍ എന്ന അശ്വതി എന്നാണ് ഇവര്‍ പലരോടും പേരു പറഞ്ഞിരുന്നത്. പെണ്‍വാണിഭക്കേസുകളില്‍ ശിക്ഷിക്കപ്പെട്ടു മുന്‍പു ദുബായ് ജയിലിലും വിയ്യൂര്‍ ജയിലിലും കഴിഞ്ഞ സ്ത്രീയാണ് ഇവരെന്നു കേരള ക്രൈം ഡിറ്റാച്ച്‌മെന്റ് വിഭാഗത്തിനു സൂചന ലഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക