Image

ഷാഹിനയുടെ സിമ്മില്‍ നിന്ന് ഒട്ടേറെ വിദേശ കോളുകള്‍

Published on 20 July, 2012
ഷാഹിനയുടെ സിമ്മില്‍ നിന്ന് ഒട്ടേറെ വിദേശ കോളുകള്‍
കൊച്ചി:തടിയന്റവിട നസീറിനു കൈമാറാന്‍ വ്യാജത്തെളിവു നല്‍കി ദീപ ചെറിയാന്‍ എന്ന ഷാഹിന സമ്പാദിച്ച സിംകാര്‍ഡില്‍ നിന്ന് എറണാകുളം സബ്ജയില്‍ ഉള്‍പ്പെടുന്ന ഹൈക്കോര്‍ട്ട് ടവര്‍ കേന്ദ്രീകരിച്ച് 13 ദിവസം തുടര്‍ച്ചയായി വിദേശ രാജ്യങ്ങളിലേക്കു കോള്‍ പോയതായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. 

രണ്ടു സിംകാര്‍ഡുകളില്‍ ഒന്നില്‍ നിന്ന് യുഎഇ, യുകെ, കസാക്കിസ്ഥാന്‍, ഇന്ത്യയില്‍ തമിഴ്‌നാട്, യുപി എന്നിവിടങ്ങളിലേക്കുള്ള ഫോണ്‍ കോളുകള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായിരുന്നുവെന്നാണു നിഗമനം.     

ഒന്നാംപ്രതി ഷാഹിനയുടെ പൊലീസ് കസ്റ്റഡി നീട്ടിക്കിട്ടാന്‍ പാലാരിവട്ടം എസ്‌ഐ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍. 25 വരെ കസ്റ്റഡി നീട്ടി ജസ്റ്റിസ് സി. ടി. രവികുമാര്‍ ഉത്തരവിട്ടു.     ജയിലില്‍ തടിയന്റവിട നസീറിനും കൂട്ടാളികളായ 16 പേര്‍ക്കും ഒപ്പമുണ്ടായിരുന്ന മൂന്നാംപ്രതി വി. നൗഷാദിനെ ഏല്‍പിക്കാനാണു ഷാഹിന രണ്ടു സിംകാര്‍ഡ് വാങ്ങിയതെന്നു ഹര്‍ജിയില്‍ പറയുന്നു. പശ്ചിമ ബംഗാളില്‍ ബംഗ്ലദേശ് അതിര്‍ത്തിയിലുള്ള മൂര്‍ഷിദാബാദ്, സോളപുരം എന്നിവിടങ്ങളില്‍ ഷാഹിനയും നൗഷാദും ഒപ്പം കഴിഞ്ഞിരുന്നു. 

സിംകാര്‍ഡ് വാങ്ങിയതു നൗഷാദ് പറഞ്ഞിട്ടാണെന്നാണു ഷാഹിനയുടെ കുറ്റസമ്മത മൊഴി. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലുള്‍പ്പെട്ട പ്രതികള്‍ക്കൊപ്പം നൗഷാദ് ജയിലില്‍ ഉണ്ടായിരുന്നു. രണ്ടാംപ്രതി സെല്‍ഫോണ്‍ കമ്പനി ഉദ്യോഗസ്ഥനായ അരുണ്‍ പോളിന്റെ സഹായത്തോടെയാണു വ്യാജ തെളിവില്‍ രണ്ടു സിം സമ്പാദിച്ചത്. ഇവ ദേശസുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിച്ചോ എന്നു പരിശോധിക്കണം. സോളപുരത്തും മൂര്‍ഷിദാബാദിലും ഷാഹിനയെ അന്വേഷണത്തിനു കൊണ്ടുപോകാന്‍ കൂടുതല്‍ ദിവസം വേണമെന്ന് അപേക്ഷയില്‍ പറയുന്നു.      

പൊലീസ് 11 മുതല്‍ 15 ദിവസം ഷാഹിനയുടെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും അഞ്ചു ദിവസം മാത്രം അനുവദിച്ച എറണാകുളം ഒന്നാം മജിസ്‌ട്രേട്ട് കോടതി ഉത്തരവിനെതിരെയാണു സര്‍ക്കാര്‍ ഹൈക്കോടതിയിലെത്തിയത്.    

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക