Image

സിറിയ ചാവേറാക്രമണം: സുരക്ഷാമേധാവിയും മരിച്ചു

Published on 20 July, 2012
സിറിയ ചാവേറാക്രമണം: സുരക്ഷാമേധാവിയും മരിച്ചു
ദമാസ്‌കസ്: സിറിയയില്‍ ബുധനാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ പരിക്കേറ്റ ദേശീയ സുരക്ഷാമേധാവി ഹിഷാം ഇക്ത്യാര്‍ മരിച്ചു. രാജ്യമൊട്ടാകെ ഭരണകൂടത്തെ അനുകൂലിക്കുന്നവരുമായി ഏറ്റുമുട്ടലുകള്‍ നടക്കുന്നതിനിടെ ഇറാഖിലേക്കും തുര്‍ക്കിയിലേക്കുമുള്ള അഞ്ച് അതിര്‍ത്തി ചെക്‌പോസ്റ്റുകള്‍ വിമതര്‍ നിയന്ത്രണത്തിലാക്കി. രാജ്യത്താകമാനം പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തിന് സമാനമായ ഏറ്റുമുട്ടലുകളില്‍ വ്യാഴാഴ്ചമാത്രം 300 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

നാഷണല്‍ സെക്യൂരിറ്റി ഓഫീസില്‍ ബുധനാഴ്ചയുണ്ടായ ചാവേറാക്രമണത്തില്‍ പ്രതിരോധമന്ത്രി ദാവൂദ് രജ്ഹയും ഉപപ്രതിരോധമന്ത്രിയും പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ബന്ധുവുമായ ജനറല്‍ അസഫ് ഷൗക്കത്തും പ്രസിഡന്റിന്റെ െ്രെകസിസ് മാനേജ്‌മെന്റ് ഓഫീസ് മേധാവി ജനറല്‍ ഹസന്‍ തുര്‍ക്കുമാനിയും കൊല്ലപ്പെട്ടിരുന്നു. ഇവരുടെ ശവസംസ്‌കാരം കഴിഞ്ഞയുടനെയാണ് കൂട്ടത്തിലുണ്ടായ ഒരാള്‍കൂടി മരിച്ചത്. 

അതിനിടെ തലസ്ഥാനമായ ദമാസ്‌കസിലെ മിദാന്‍ മേഖല തിരിച്ചുപിടിച്ചതായി സര്‍ക്കാര്‍ അവകാശപ്പെട്ടു. കനത്ത ബോംബാക്രമണത്തെത്തുടര്‍ന്ന് തങ്ങള്‍ പിന്‍വാങ്ങിയതായി വിമതരും അറിയിച്ചിട്ടുണ്ട്. തലസ്ഥാനം ഏതുവിധേനയും തങ്ങളുടെ അധീനതയിലാക്കാനുള്ള ശ്രമമാണ് സൈന്യം നടത്തുന്നത്. ഈ സാഹചര്യത്തില്‍ സിറിയയില്‍ സൈന്യം രാസായുധം പ്രയോഗിക്കാന്‍ ഒരുങ്ങുന്നതായി രഹസ്യവിവരമുണ്ടെന്ന് അമേരിക്ക അറിയിച്ചു. 

ഇറാഖിലേക്കുള്ള നാല് അതിര്‍ത്തിപോസ്റ്റുകളും തുര്‍ക്കിയിലേക്കുള്ള ഒരുപോസ്റ്റുമാണ് വിമതര്‍ നിയന്ത്രണത്തിലാക്കിയത്. ഇറാഖിലേക്കുള്ള പോസ്റ്റുകള്‍ വിമതനിയന്ത്രണത്തിലായതോടെ സിറിയയില്‍നിന്ന് തിരിച്ചുവരാന്‍ ശ്രമിക്കുന്ന ഇറാഖികള്‍ക്ക് തിരിച്ചടിയായി. ഇക്കാര്യം ഇറാഖ് സ്ഥിരീകരിച്ചിട്ടുണ്ട്. 

വ്യാഴാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ 93 പട്ടാളക്കാരും 155 നാട്ടുകാരും 60 വിമതരുമാണ് കൊല്ലപ്പെട്ടതെന്ന് മനുഷ്യാവകാശ സംഘടന അറിയിച്ചു. 16 മാസമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങളില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മരണസംഖ്യകളിലൊന്നാണിത്. ദമാസ്‌കസിലെ ഖാബൗണില്‍ സൈന്യം റോക്കറ്റാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഒട്ടേറെപ്പേര്‍ ലബനനിലേക്ക് പലായനംചെയ്തു. പ്രസിഡന്റ് അസദ് എവിടെയുണ്ടെന്നകാര്യം ഇതുവരെ വ്യക്തമായിട്ടില്ല. 

യു.എന്‍. രക്ഷാസമിതിയില്‍ സിറിയയിലെ പ്രശ്‌നം പരിഹരിക്കാന്‍ പ്രമേയം പാസാക്കാന്‍ കഴിയാത്തതില്‍ യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും സിറിയയിലെ യു.എന്‍.അറബ്‌ലീഗ് ദൂതന്‍ കോഫി അന്നനും നിരാശ പ്രകടിപ്പിച്ചു. അസദ് ഭരണകൂടത്തിനെതിരെ കടുത്ത ഉപരോധനടപടികള്‍ ശുപാര്‍ശചെയ്യുന്ന പ്രമേയം വെള്ളിയാഴ്ച രക്ഷാസമിതിയില്‍ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇന്ത്യയടക്കമുള്ള 11 രാജ്യങ്ങള്‍ പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തപ്പോള്‍ പാകിസ്താനും ദക്ഷിണാഫ്രിക്കയും വിട്ടുനിന്നു.

അതിനിടെ, കഴിഞ്ഞമാസം ജനീവയില്‍ നടന്ന യോഗത്തില്‍ അസദ് ഭരണത്തില്‍നിന്ന് താഴെയിറങ്ങാന്‍ സന്നദ്ധനായിരുന്നുവെന്ന ഫ്രാന്‍സിലെ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ ഒര്‍ലോവിന്റെ വെളിപ്പെടുത്തല്‍ സിറിയയില്‍ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാനരഹിതമായ അവകാശവാദമാണ് ഇതെന്ന് സിറിയ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക