Image

കുവൈറ്റില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു

Published on 20 July, 2012
കുവൈറ്റില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു
കുവൈറ്റ്‌ സിറ്റി: പ്രധാനമന്ത്രി ശൈഖ്‌ ജാബിര്‍ അല്‍ മുബാറക്‌ അല്‍ ഹമദ്‌ അസ്വബാഹിന്റെ നേതൃത്വത്തില്‍ കുവൈത്തില്‍ പുതിയ മന്ത്രിസഭ നിലവില്‍വന്നു. ഇതുസംബന്ധമായ അമീരി വിളംബരം അമീര്‍ ശൈഖ്‌ സബാഹ്‌ അല്‍ അഹ്മദ്‌ അല്‍ ജാബിര്‍ അസ്വബാഹ്‌ വ്യാഴാഴ്‌ച പുറപ്പെടുവിച്ചു.
കുവൈത്തിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്ന്‌ ശൈഖ്‌ ജാബിറിന്റെ തന്നെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ മന്ത്രിസഭ രാജിവെച്ചതിനെ തുടര്‍ന്നാണ്‌ പുതിയ മന്ത്രിസഭ രൂപവത്‌കരിക്കേണ്ടി വന്നത്‌. മുന്‍ മന്ത്രിസഭയിലെ ഒരാളൊഴിച്ച്‌ മറ്റെല്ലാവരും സ്ഥാനം പിടിച്ച പുതിയ മന്ത്രിസഭയില്‍ പക്ഷേ, പലരുടെയും വകുപ്പുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്‌.

അതേസമയം, അംഗങ്ങളെ കുറച്ചും ഒരു വനിതാ അംഗത്തിന്‌ ഇടം നല്‍കിയെന്നതുമാണ്‌ പുതിയ മന്ത്രിസഭയിലെ പ്രധാന മാറ്റം. ശൈഖ്‌ ജാബിര്‍ അല്‍ മുബാറകിന്റെ നേതൃത്വത്തില്‍ നേരത്തെയുണ്ടായിരുന്ന മന്ത്രിസഭയില്‍ പ്രധാനമന്ത്രിയെ കൂടാതെ പതിനഞ്ച്‌ അംഗങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ പുതിയ മന്ത്രിസഭയില്‍ പ്രധാനമന്ത്രിയടക്കം പതിനാല്‌ പേരാണുള്ളത്‌. നേരത്തേ സ്വതന്ത്രമായിരുന്ന ചില വകുപ്പുകള്‍ മറ്റ്‌ മന്ത്രിമാര്‍ക്ക്‌ അധികം നല്‍കിയാണ്‌ ഇത്‌ സാധിച്ചത്‌. മുന്‍ മന്ത്രിസഭയില്‍ വനിതാ പ്രാതിനിധ്യം ഇല്ലാതിരുന്നു. ഇക്കുറി ആസൂത്രണ, പാര്‍ലമെന്ററി കാര്യ മന്ത്രിയായിരിക്കുന്നത്‌ ഡോ. റോള അബ്ദുല്ല ദശ്‌തി എന്ന വനിതയാണ്‌.

2012ലെ പാര്‍ലമെന്റിനെ അയോഗ്യമാക്കിയും 2009ലെ പഴയ പാര്‍ലമെന്റിനെ പുനത്തസ്ഥാപിച്ചുമുള്ള ഭരണഘടനാ കോടതി വിധിയെ തുടര്‍ന്നാണ്‌ മുന്‍ മന്ത്രിസഭക്ക്‌ രാജിവെക്കേണ്ടി വന്നത്‌. സര്‍ക്കാും പാര്‍ലമെന്റും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്‌മ വര്‍ധിക്കുകയും മന്ത്രിസഭാംഗങ്ങള്‍ക്കെതിരെ കുറ്റവിചാരണാ പ്രമേയങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ 2009ലെ പാര്‍ലമെന്റ്‌ പിരിച്ചുവിട്ട്‌ 2012ല്‍ തെരഞ്ഞെടുപ്പിലൂടെ പുതിയ പാര്‍ലമെന്റും ശൈഖ്‌ ജാബിര്‍ അല്‍ മുബാറകിന്റെ നേതൃത്വത്തില്‍ മന്ത്രിസഭയും നിലവില്‍ വന്നിരുന്നത്‌. സമാനമായ സാഹചര്യത്തിലൂടെ തന്നെ മുന്നോട്ട്‌ പോയിക്കൊണ്ടിരിക്കെയാണ്‌ ജാസിം ഖറാഫി സ്‌പീക്കറായ 2009ലെ പാര്‍ലമെന്റിനെ പുനത്തസ്ഥാപിച്ചുകൊണ്ടുള്ള ഭരണഘടനാ കോടതി വിധി വന്നത്‌.
കുവൈറ്റില്‍ പുതിയ മന്ത്രിസഭ നിലവില്‍ വന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക