Image

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ തിരുനാള്‍ നൈറ്റ്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 July, 2012
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ തിരുനാള്‍ നൈറ്റ്‌
ഷിക്കാഗോ: ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ സീറോ മലബാര്‍ കത്തീഡ്രലില്‍ ദുക്‌റാന തിരുനാളിനോടനുബന്ധിച്ച്‌ ജൂലൈ 7-ന്‌ ശനിയാഴ്‌ച പ്രൗഢഗംഭീരവും വര്‍ണ്ണാഭവുമായ തിരുനാള്‍ നൈറ്റ്‌ വിവിധ സ്റ്റേജ്‌ പരിപാടികളോടെ അരങ്ങേറി.

ശനിയാഴ്‌ച വൈകിട്ട്‌ 4.30-ന്‌ നടന്ന ലത്തീന്‍ റീത്തിലുള്ള ആഘോഷമായ ദിവ്യബലിയില്‍ റവ.ഫാ. തോംസണ്‍ പനയ്‌ക്കല്‍, ഫാ. ആന്റണി അരവിന്ദശേരി, ഫാ. ജോസ്‌ ലാഡ്‌ കോയിപ്പറമ്പില്‍, ഫാ. ആന്റണി ബനഡിക്‌ട്‌, ഫാ. ബഞ്ചമിന്‍ ചിന്നപ്പന്‍, ഫാ. ജയിംസ്‌ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്‌ ലദീഞ്ഞും പ്രദക്ഷിണവും ഉണ്ടായിരുന്നു.

തുടര്‍ന്ന്‌ കത്തീഡ്രല്‍ ഹാളില്‍ തിരുനാള്‍ നൈറ്റ്‌ അരങ്ങേറി. ഇതോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ നേഹാ, അല്‍ഫോന്‍സാ, റൊഫീന, ശ്രുതി എന്നിവര്‍ ചേര്‍ന്ന്‌ പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തിയ സെന്റ്‌ ആന്‍ഡ്രൂസ്‌ (മിഡ്‌വെസ്റ്റ്‌) വാര്‍ഡ്‌ പ്രസിഡന്റ്‌ ഷിബു അഗസ്റ്റിന്‍ ആമുഖ പ്രസംഗം നടത്തുകയും ഏവര്‍ക്കും സ്വാഗതം ആശംസിക്കുകയും ചെയ്‌തു. ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ അധ്യക്ഷതവഹിച്ചു. അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. മാണി പുതിയിടം സന്ദേശം നല്‍കുകയും ഭദ്രദീപം തെളിയിച്ച്‌ സമ്മേളനവും കലാപരിപാടികളും ഉദ്‌ഘാടനം ചെയ്യുകയും ചെയ്‌തു. വികാരി ഫാ. ജോയി ആലപ്പാട്ട്‌ ആശംസ അര്‍പ്പിച്ചു. ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴി, ഫാ. റ്റോം പന്നലക്കുന്നേല്‍, തിരുനാള്‍ കോര്‍ഡിനേറ്റേഴ്‌സായ ഷിബു അഗസ്റ്റിന്‍, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ബിജോ സി. മാണി, ഡേവിഡ്‌ കൈതാരം എന്നിവര്‍ സന്നിഹിതരായിരുന്നു. ജോണ്‍സണ്‍ കണ്ണൂക്കാടന്‍ തിരുനാള്‍ മോടിയാക്കുവാന്‍ സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകം പ്രത്യേകമായി നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ രാത്രി 11 മണിവരെ തുടര്‍ച്ചയായി അതിമനോഹരങ്ങളായ കണ്ണഞ്ചിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറി. മാത്യൂസ്‌ റ്റോബിന്‍, ലിന്‍ജു ജേക്കബ്‌ എന്നിവരായിരുന്നു അവതാരകര്‍.

പ്രഗത്ഭ ഡാന്‍സ്‌ മാസ്റ്റേഴ്‌സായ തോമസ്‌ ഒറ്റക്കുന്നേല്‍, ലാലു പാലമറ്റം, ജിനു വര്‍ഗീസ്‌, സ്വാതി ഷാ, സുസ്‌മിത തുടങ്ങിയവര്‍ സംവിധാനം നിര്‍വഹിച്ച ഒരു ഡസനിലധികം കലാവിഭവങ്ങള്‍, വിശാലമായ ഓഡിറ്റോറിയം തിങ്ങിനിറഞ്ഞിരുന്ന ആയിരക്കണക്കിന്‌ കാണികളെ മായാ പ്രപഞ്ചത്തിലാഴ്‌ത്തി. പല വിഭാഗങ്ങളിലായി, പല ഗ്രൂപ്പുകളിലായി ഇരുനൂറിലധികം പ്രഗത്ഭരായ കലാപ്രതിഭകള്‍ മൂന്നരമണിക്കൂര്‍ നീണ്ടുനിന്ന കലാപരിപാടികളില്‍ പങ്കെടുത്തു.

ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന കള്‍ച്ചറല്‍ അക്കാഡമിയുടെ നേതൃത്വത്തിലാണ്‌ തിരുനാള്‍നൈറ്റ്‌ പരിപാടികള്‍ വിജയകരമായി നടത്തപ്പെട്ടത്‌. ബിജോ സി. മാണി, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, രാജന്‍ കല്ലുങ്കല്‍, പോള്‍ വാത്തിക്കുളം എന്നിവരാണ്‌ പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സായി സ്‌തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്‌ചവെച്ചത്‌.
ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രലില്‍ വര്‍ണ്ണാഭമായ തിരുനാള്‍ നൈറ്റ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക