Image

ട്രാഫിക് വകുപ്പും ഖത്തര്‍ ഗ്യാസും ചേര്‍ന്ന് റമദാന്‍ റോഡ് സുരക്ഷാ കാമ്പയിന്‍ നടത്തുന്നു

Published on 19 July, 2012
ട്രാഫിക് വകുപ്പും ഖത്തര്‍ ഗ്യാസും ചേര്‍ന്ന് റമദാന്‍ റോഡ് സുരക്ഷാ കാമ്പയിന്‍ നടത്തുന്നു
ദോഹ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വകുപ്പും ഖത്തര്‍ ഗ്യാസും സംയുക്തമായി റമദാനില്‍ റോഡ് സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മറദാന്റെ ആദ്യ ദിനത്തില്‍ കാമ്പയിന് തുടക്കം കുറിക്കും.
റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ തുടര്‍ച്ചയായി ആറാം വര്‍ഷമാണ് ഖത്തര്‍ ഗ്യാസിന്റെ സഹകരണത്തോടെ ട്രാഫിക് വകുപ്പ് റമദാന്‍ റോഡ് സുരക്ഷാ കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

കാമ്പയിന്റെ ഭാഗമായി ഈ വര്‍ഷം ഇഫ്താര്‍ കിറ്റ് വിതരണം, വാഹനയാത്രക്കാര്‍ക്ക് ബോധവത്കരണ ലഘുലേഖകളുടെ വിതരണം, ഷോപ്പിംഗ് മാളുകളില്‍ പ്രത്യേക റോഡ് സുരക്ഷാ പരിപാടികള്‍, ഖത്തരി താരങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് റോഡ് സുരക്ഷാ സന്ദേശ പ്രചാരണം, പ്രധാന ഷോപ്പിംഗ് മാളുകളില്‍ കുട്ടികള്‍ക്കായി കറന്‍ഗവു ആഘോഷം, എച്ച്.എം.സിയില്‍ കുഞ്ഞുങ്ങള്‍ക്കായി കാര്‍ സീറ്റ് വിതരണം, പ്രധാന തിയേറ്ററുകളിലും പ്രാദേശിക ടെലിവഷന്‍ ചാനലുകളിലും റോഡ് സുരക്ഷാ ഡോക്യുമെന്ററികളുടെ പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടക്കും.
ഈത്തപ്പഴം, കുടിവെള്ളം, സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളുള്ള ലഘുലേഖ എന്നിവയടങ്ങിയ ഇഫ്താര്‍ കിറ്റുകളാണ് കാമ്പയിന്റെ ഭാഗമായി ദോഹ, അല്‍ഖോര്‍,വക്‌റ എന്നിവിടങ്ങളിലെ പ്രധാന ഇന്റര്‍സെക്ഷനുകളിലും റൗണ്ട് എബൗട്ടുകളിലും ട്രാഫിക് പട്രോള്‍ വിഭാഗം വിതരണം ചെയ്യുക. വാരാന്ത്യ അവധി ദിനങ്ങളില്‍ ദി മാള്‍, ഹയാത്ത് പ്‌ളാസ, ലാന്റ്മാര്‍ക്ക് എന്നിവിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന പ്രത്യേക ഡിന്നറില്‍ കായിക, മാധ്യമ, സാംസ്‌കാരിക രംഗങ്ങളിലെ പ്രശസ്തര്‍ പങ്കെടുക്കും.
റോഡ് സുരക്ഷാ സന്ദേശ പ്രചാരണത്തില്‍ ഇവരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. റമദാന്‍ 14ാം രാവില്‍ നടക്കുന്ന കറന്‍ഗവൂ ആഘോഷത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ വിതരണംചെയ്യും. രാജ്യത്ത് നടന്ന ചില പ്രധാന അപകടങ്ങളെ ആധാരമാക്കിയെടുത്ത ‘വാസ് ഇറ്റ് വര്‍ത്ത് ഇറ്റ്’ എന്ന ഡോക്യുമെന്ററിയാണ് ചാനലുകളിലും തിയേറ്ററുകളിലും ഖത്തര്‍ ഗ്യാസ് പ്രദര്‍ശിപ്പിക്കുന്നത്.
സാമൂഹിക ഉത്തരവാദിത്തമുള്ള കമ്പനി എന്ന നിലയില്‍ റോഡ് സുരക്ഷാ ബോധവത്കരണത്തിന് ട്രാഫിക് വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനുള്ള സുവര്‍ണാവസരമായാണ് കാമ്പയിനെ കാണുന്നതെന്ന് ഖത്തര്‍ ഗ്യാസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ (അഡ്മിനിസ്‌ട്രേഷന്‍) ഗാനിം അല്‍ കുവാരി പറഞ്ഞു.

ഇഫ്താര്‍ വിരുന്നുകള്‍ വഴി കൂടുതലാളുകളിലേക്ക് റോഡ് സുരക്ഷാ സന്ദേശങ്ങള്‍ എത്തിക്കാന്‍ കഴിയുന്ന സമയമാണ് റമദാന്‍ എന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി കാമ്പയിന് ഖത്തര്‍ ഗ്യാസ് നല്‍കിവരുന്ന പിന്തുണ വിലപ്പെട്ടതാണെന്നും ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി അഭിപ്രായപ്പെട്ടു. കുടുംബങ്ങളും വ്യക്തികളും ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് റോഡപകടങ്ങള്‍. ട്രാഫിക് നിയമങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണമെന്നും െ്രെഡവിംഗില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

അമിത വേഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, െ്രെഡവിംഗിനിടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗം, ഒപ്പം യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കതിരിക്കല്‍ എന്നിവയാണ് റോഡപകടങ്ങളുടെ പ്രധാന കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക