Image

റമദാന്‍: ശൈഖ് സായിദ് മസ്ജിദില്‍ വന്‍ ഒരുക്കങ്ങള്‍

Published on 19 July, 2012
റമദാന്‍: ശൈഖ് സായിദ് മസ്ജിദില്‍ വന്‍ ഒരുക്കങ്ങള്‍
അബൂദബി: വിശുദ്ധ റമദാനോടനുബന്ധിച്ച് ശൈഖ് സായിദ് മസ്ജിദില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആയിരക്കണക്കിന് പേര്‍ക്ക് എല്ലാ ദിവസവും ഇഫ്താര്‍ ഒരുക്കുന്നതിന് പുറമെ തറാവീഹ് നമസ്‌കാരത്തിനും വന്‍ തോതിലുള്ള സംവിധാനങ്ങളാണുള്ളത്. ഇഫ്താര്‍, തറാവീഹ്, പള്ളി സന്ദര്‍ശനം എന്നിവക്കായി എത്തുന്നവരുടെ സൗകര്യാര്‍ഥം അബൂദബി സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഇവിടേക്ക് സൗജന്യ ബസ് സര്‍വീസുണ്ടാകും. ഇതോടൊപ്പം, സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ബസില്‍ സൗജന്യമായി പള്ളിയിലെത്താം. ശൈഖ് സായിദ് മസ്ജിദ് സെന്ററും ഗതാഗത വകുപ്പും ചേര്‍ന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

വിപുലമായ ഇഫ്താറാണ് ഇവിടെ നടത്തുന്നത്. ഇതിനുവേണ്ടി പള്ളിക്ക് സമീപം നിരവധി വിശാലമായ ടെന്റുകള്‍ തയാറായി. ഓരോരുത്തര്‍ക്കും വിഭവങ്ങളടങ്ങിയ കിറ്റ് നല്‍കും. സന്ദര്‍ശനത്തിനും ഇഫ്താറിനും എത്തുന്നവര്‍ക്ക് പുറമെ, വിവിധ പ്രദേശങ്ങളിലെ ലേബര്‍ ക്യാമ്പുകളില്‍നിന്ന് തൊഴിലാളികളെ ഇഫ്താറിന് പ്രത്യേകമായി ബസുകളില്‍ എത്തിക്കും. ഈ വര്‍ഷം ഏതാണ്ട് ആറു ലക്ഷം പേര്‍ ഇഫ്താറിന് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 
ഒമ്പത് റൂട്ടുകളിലാണ് പള്ളിയിലേക്ക് സൗജന്യ ബസ് സര്‍വീസ് ഏര്‍പ്പെടുത്തിയത്. അബൂദബി സിറ്റിയില്‍നിന്ന് മൂന്നും സിറ്റി പരിസരങ്ങളില്‍നിന്ന് ആറും റൂട്ടുകളില്‍ വൈകിട്ട് അഞ്ച് മുതല്‍ രാത്രി 10 വരെയാണ് സര്‍വീസ്. റൂട്ട് നമ്പര്‍ 32 (മറീനമഖ്ത), 44 (മുനിസിപ്പാലിറ്റി ഉമ്മുന്നാര്‍), 54 (ടൂറിസ്റ്റ് ക്‌ളബ് ഏരിയ ഉമ്മുന്നാര്‍) എന്നിവയാണ് സിറ്റിയില്‍ നിന്നുള്ള സൗജന്യ ബസ് റൂട്ടുകള്‍. റൂട്ട് നമ്പര്‍ 202 (അല്‍ശംഹ്), 115 (മുസഫ വര്‍ക്കേഴ്‌സ് വില്ലേജ്), 117 (അബൂദബി ഇന്‍ഡസ്ട്രിയല്‍ സിറ്റി), 102 (മുസഫ സ്‌റ്റേഷന്‍), 400 (ബനിയാസ് വെസ്റ്റ് ബസ്് സ്‌റ്റേഷന്‍), 500 (മഫ്‌റഖ് വര്‍ക്കേഴ്‌സ് സിറ്റി) എന്നിവയാണ് സിറ്റി പരിസരങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍.

സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ പാര്‍ക്കിങ് മേഖലയില്‍ വാഹനം നിര്‍ത്തിയിട്ട്, ഇവിടെനിന്ന് സൗജന്യമായി പ്രത്യേക ബസുകളില്‍ പള്ളിയിലെത്താന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പള്ളിയിലെ പാര്‍ക്കിങ് മേഖലയിലെ തിരക്കും ഈ പ്രദേശത്ത് ഗതാഗതക്കുരുക്കും ഒഴിവാക്കാനാണ് ഈ സംവിധാനം. റമദാന്‍ അവസാന പത്തില്‍ പ്രത്യേക രാത്രി നമസ്‌കാരത്തില്‍ പങ്കെടുക്കുന്നവരുടെ സൗകര്യത്തിന് സൗജന്യ ബസ് സര്‍വീസ് പുലര്‍ച്ചെ നാല് വരെ നീട്ടും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക