Image

മിഷനറി ബാബാ ക്രിസ്‌തുദാസ്‌ അന്തരിച്ചു

Published on 28 July, 2011
മിഷനറി ബാബാ ക്രിസ്‌തുദാസ്‌ അന്തരിച്ചു
കോട്ടയം: മിഷനറി ബാബാ ക്രിസ്‌തുദാസ്‌ (74) അന്തരിച്ചു. കുഷ്‌ഠരോഗികളുടെ ശുശ്രൂഷയ്‌ക്കു ജീവിതം മാറ്റിവെച്ചയാളായിരുന്നു. ഇന്നലെ വൈകുന്നേരം നാലിനു ബിഹാറിലെ സുന്ദര്‍പൂരിലായിരുന്നു അന്ത്യം.
ബിഹാറിലെ റക്‌സോളില്‍ നേപ്പാള്‍ അതിര്‍ത്തിയിലുള്ള സുന്ദര്‍പൂര്‍ എന്ന ഗ്രാമത്തില്‍ കുഷ്‌ഠരോഗികള്‍ക്കായി ഒരു ഗ്രാമം സ്ഥാപിച്ച്‌ അവരോടൊപ്പം കഴിയുകയായിരുന്നു.

1937 ഏപ്രില്‍ 12ന്‌ ഇടമറുകില്‍ വേലംമാരുകുടിയില്‍ ചാക്കോയുടെയും ഏലിയുടെയും ആറാമത്തെ പുത്രനായി ജനിച്ച വി.സി. കുര്യന്‍ ഇടമറുക്‌ സെന്റ്‌ ആന്റണീസ്‌, വലിയകുമാരമംഗലം സെന്റ്‌ പോള്‍സ്‌ സ്‌കൂളുകളില്‍ വിദ്യാഭ്യാസത്തിനുശേഷം വൈദികപഠനത്തിനു ചേര്‍ന്നു. ഏര്‍ക്കാട്‌, ബാംഗളൂര്‍ എന്നിവിടങ്ങളില്‍ വൈദിക പഠനത്തിനുശേഷം 1969 ഡിസംബറില്‍ കോല്‍ക്കത്തയില്‍ മദര്‍ തെരേസയുടെ സേവനപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. കുഷ്‌ഠരോഗികളുടെ ശുശ്രൂഷ ജീവിതവ്രതമായി സ്വീകരിച്ച ബ്രദര്‍ വി.സി. കുര്യനു ക്രിസ്‌തുദാസ്‌ എന്ന പേരു നല്‍കിയതു മദര്‍ തെരേസയാണ്‌.

വൈദികപട്ടം സ്വീകരിച്ചശേഷം 1981ല്‍ മദര്‍ തെരേസയുടെ നിര്‍ദേശത്തില്‍ ബിഹാറിലെ ചമ്പാരന്‍ ജില്ലയിലെ റക്‌സോളില്‍ കുഷ്‌ഠരോഗികള്‍ക്കായി ലിറ്റില്‍ ഫ്‌ളവര്‍ അഗതിമന്ദിരവും ചികിത്സാലയവും ആരംഭിച്ചു. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക്‌ ഒന്നിന്‌ സുന്ദര്‍പൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ ആശ്രമത്തില്‍ നടക്കും.
മിഷനറി ബാബാ ക്രിസ്‌തുദാസ്‌ അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക