Image

പ്രേഷിത വര്‍ഷാചരണത്തിന്‌ തിലകക്കുറിയായി ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ പ്രേഷിത സംഗമം

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ Published on 19 July, 2012
പ്രേഷിത വര്‍ഷാചരണത്തിന്‌ തിലകക്കുറിയായി ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ പ്രേഷിത സംഗമം
പിതാവായ ദൈവത്തിന്റെ സ്‌നേഹം മനുഷ്യകുലത്തോട്‌ പ്രഘോഷിക്കാന്‍ അയയ്‌ക്കപ്പെട്ട ഏറ്റവും വലിയ മിഷണറിയാണ്‌ ഈശോ മിശിഹ. അവിടുത്തെ പ്രേഷിത പ്രവര്‍ത്തനത്തിന്റെ ഫലമായ സഭയിലേക്ക്‌ നമ്മെ നയിക്കാനായി ഭാരതത്തിലേക്ക്‌ അയയ്‌ക്കപ്പെട്ട വിശുദ്ധ തോമസ്‌ അപ്പസ്‌തോലന്‍, എ.ഡി ഒന്നാം നൂറ്റാണ്ടില്‍ സ്ഥാപിതമായ സീറോ മലബാര്‍ സഭ ഇന്ന്‌ അഭിമാനപൂരിതയാണ്‌. കാരണം. വിശുദ്ധ തോമാശ്ശീഹാ ഭാരത മണ്ണില്‍ തെളിച്ച പ്രേഷിത ദീപം കത്തി ജ്വലിച്ച്‌, പ്രകാശപൂരിതമായി ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നു. കൊച്ചു കേരളത്തിന്റെ അതിര്‍ത്തികള്‍ക്കപ്പുറം തമിഴ്‌നാട്ടിലേക്കും, കര്‍ണ്ണാടകത്തിലേക്കും, ആന്ധ്രാപ്രദേശിലേക്കും, ഉത്തരേന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലേക്കുമുള്ള സീറോ മലബാര്‍ സഭയുടെ വളര്‍ച്ച ഇന്ന്‌ അത്ഭുതാവഹമാണ്‌. അമേരിക്കയില്‍ താമസിക്കുന്ന സഭാ തനയര്‍ക്കുവേണ്ടി സ്ഥാപിതമായ ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയും സഭയുടെ വളര്‍ച്ചയ്‌ക്കു പിന്നിലെ അനന്തമായ ദൈവപരിപാലനയ്‌ക്ക്‌ മകുടോദാഹരണമാണ്‌.

ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൗരസ്‌ത്യ കത്തോലിക്കാ സഭയാണ്‌ സീറോ മലബാര്‍ സഭ. ഇന്ന്‌ ഈ സഭയ്‌ക്ക്‌ കേരളത്തിനകത്ത്‌ 5 അതിരൂപതകളും 13 രൂപതകളും കേരളത്തിനുപുറത്ത്‌ 12 രൂപതകളുമുണ്ട്‌. ഈ സഭയിലെ വിശ്വാസികളുടെ അംഗബലം 46,04,104 ആണ്‌. 47 ബിഷപ്പുമാരും 8,547 വൈദീകരും 32,114 കന്യാസ്‌ത്രീകളും, 1214 വൈദീക വിദ്യാര്‍ത്ഥികളും ഈ സഭയുടെ പ്രേഷിത ശക്തിയെ വിളിച്ചറിയിക്കുന്നു. ഭാരതത്തിലെ ലത്തീന്‍ സഭയിലും മലങ്കര സഭയിലും എന്നല്ല ഏഷ്യ, യൂറോപ്പ്‌, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ആസ്‌ത്രേലിയ എന്നീ ഭൂഖണ്‌ഡങ്ങളിലെ മിക്ക രാജ്യങ്ങളിലും സീറോ മലബാര്‍ സഭയിലെ വൈദീകരും സന്യസ്‌തരും, അത്മായരും പ്രതിസന്ധികളേയും വെല്ലുവിളികളേയും അതിജീവിച്ചുകൊണ്ട്‌ ഈശോ മിശിഹായ്‌ക്ക്‌ സാക്ഷ്യംവഹിക്കുന്നു. ചുരുക്കത്തില്‍ ഭാരത സഭയ്‌ക്കും സാര്‍വ്വത്രിക സഭയ്‌ക്കും മിഷനറിമാരെ പ്രദാനം ചെയ്യുന്ന ഊര്‍ജ്ജസ്രോതസായി മാറിയിരിക്കുന്നു സീറോ മലബാര്‍ സഭ.

സീറോ മലബാര്‍ സഭയുടെ പ്രേഷിതരംഗം വടക്കേ ഇന്ത്യയിലേക്ക്‌ വ്യാപിക്കുന്നത്‌ 1962-ല്‍ ഭാഗ്യസ്‌മരണാര്‍ഹനായ ജോണ്‍ 23-ാമന്‍ മാര്‍പാപ്പയുടെ കല്‍പ്പനപ്രകാരം സ്ഥാപിതമായ ഛാന്ദാ മിഷന്റെ ആവിര്‍ഭാവത്തോടെയാണ്‌. അവിഭക്ത ഛാന്ദാ മിഷന്‍ ആരംഭിച്ചിട്ട്‌ അമ്പത്‌ വര്‍ഷം പൂര്‍ത്തിയാകുന്നു. ഛാന്ദാ മിഷന്റെ സുവര്‍ണ്ണജൂബിലി സീറോ മലബാര്‍ സഭ മുഴുവനിലും 2011 ഓഗസ്റ്റ്‌ 15 മുതല്‍ 2012 ഓഗസ്റ്റ്‌ 15 വരെ പ്രേഷിതവര്‍ഷമായി ആചരിക്കുകയാണ്‌. ഈ പ്രേഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയുടെ നോര്‍ത്ത്‌-ഈസ്റ്റ്‌ പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇടവകകളിലും, അവിടങ്ങളിലുള്ള ലാറ്റിന്‍ രൂപതകളിലും പ്രേഷിത വേല ചെയ്യുന്ന സീറോ മലബാര്‍ സഭയില്‍ നിന്നുള്ള വൈദീകരുടേയും സന്യസ്‌തരുടേയും പ്രേഷിത സംഗമം, 2012 ജൂലൈ 21-ന്‌ ശനിയാഴ്‌ച ന്യൂജേഴ്‌സിയില്‍ വെച്ച്‌ നടത്തപ്പെടുകയാണ്‌. ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌, പെന്‍സില്‍വാനിയ എന്നീ പ്രദേശങ്ങളിലുള്ള സീറോ മലബാര്‍ ഇടവകകളുടേയും മിഷനുകളുടേയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന പ്രേഷിത സംഗമം, വടക്കേ അമേരിക്ക മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന സീറോ മലബാര്‍ സഭാ മക്കള്‍ക്ക്‌ ഈ രാജ്യത്ത്‌ തങ്ങള്‍ക്ക്‌ നിര്‍വഹിക്കാനുള്ള പ്രേഷിതദൗത്യത്തെക്കുറിച്ച്‌ ആഴമായി ചിന്തിക്കുവാനും മാതൃസഭയിലൂടെ ദൈവം ലോകത്തിന്‌ നല്‍കിയിരിക്കുന്ന വലിയ അനുഗ്രഹങ്ങള്‍ക്ക്‌ അവിടുത്തോട്‌ നന്ദി പ്രകാശിപ്പിക്കാനുമുള്ള അവസരമാണ്‌.

പ്രേഷിത പ്രവര്‍ത്തനം ഏതാനും വൈദീകര്‍ക്കും സമര്‍പ്പിതര്‍ക്കും വേണ്ടി മാത്രം മാറ്റിവെയ്‌ക്കപ്പെട്ട ശുശ്രൂഷയല്ല. മാമ്മോദീസ സ്വീകരിച്ച എല്ലാ വ്യക്തികളും സഭയുടെ പ്രേഷിത ദൗത്യത്തില്‍ പങ്കുചേരുവാന്‍ വിളിക്കപ്പെട്ടവരാണ്‌. കുടുംബ ജീവിതത്തിലും ഇതര കര്‍മ്മമണ്‌ഡലങ്ങളിലും സുവിശേഷ മൂല്യത്തില്‍ ജീവിച്ചുകൊണ്ട്‌ ഓരോരുത്തരും ഈശോയുടെ യഥാര്‍ത്ഥ പ്രേഷിതരായി മാറണം. കുടുംബമാണ്‌ ഏറ്റവും പ്രേഷിതരംഗം. മക്കളെ വിശ്വാസ മൂല്യങ്ങളും സഭാ പൗതൃകങ്ങളും സഭാ സ്‌നേഹവും പരിശീലിപ്പിക്കുമ്പോള്‍ മാതാപിതാക്കള്‍ യഥാര്‍ത്ഥ പ്രേഷിതരുടെ ജോലി തന്നെയാണ്‌ ചെയ്യുന്നത്‌. ഈശോ മിശിഹായുടെ ആഗ്രഹത്തിനൊത്തെ പ്രേഷിതരായി നമുക്ക്‌ വളരാന്‍ സാധിക്കണമെങ്കില്‍ നമ്മുടെ കുടുംബങ്ങള്‍ ഇന്ന്‌ അഭിമുഖീകരിക്കുന്ന വിശ്വാസത്തകര്‍ച്ച, പ്രാര്‍ത്ഥനാ ജീവിതത്തിന്റെ അഭാവം, അഭിവന്ദ്യ പിതാക്കന്മാരേയും സമര്‍പ്പിതരേയും കുറിച്ച്‌ നടത്തുന്ന നിഷേധാത്മകമായ വിമര്‍ശനങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കുവാന്‍ തയാറാകണം. സഭയുടെ പ്രതിനിധികളായി ശുശ്രൂഷ ചെയ്യുന്ന അഭിവന്ദ്യ പിതാക്കന്മാരേയും, വൈദീകരേയും സന്യസ്‌തരേയും ഏറെ ആദരവോടും അഭിമാനത്തോടും കൂടി സ്‌നേഹിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും നമുക്ക്‌ സാധിക്കണം. സഭയെ സ്‌നേഹിച്ച്‌ അവളോടൊത്ത്‌ ചിന്തിക്കുവാനും, അവളുടെ പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ കഴിവിനൊത്ത്‌ പങ്കാളികളാകാനുമുള്ള നല്ല മനസ്സ്‌ ഈ പ്രേഷിത സംഗമവും പ്രേഷിത വര്‍ഷാചരണവും സഭാ മക്കള്‍ക്ക്‌ പ്രദാനം ചെയ്യട്ടെ.

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്‌ (ചാന്‍സലര്‍, സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപത, ഷിക്കാഗോ)

പ്രേഷിത വര്‍ഷാചരണത്തിന്‌ തിലകക്കുറിയായി ഷിക്കാഗോ സെന്റ്‌ തോമസ്‌ രൂപതയില്‍ പ്രേഷിത സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക