Image

ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്‍ ഖേദം പ്രകടിപ്പിച്ചു; ഇന്ത്യന്‍ യാത്ര: യുഎസ് പൗരന്‍മാര്‍ക്ക് യാത്രാമുന്നറിയിപ്പ്

Published on 19 July, 2012
ട്രേയ്‌വോണ്‍ മാര്‍ട്ടിന്റെ കൊലപാതകം: സിമ്മര്‍മാന്‍ ഖേദം പ്രകടിപ്പിച്ചു; ഇന്ത്യന്‍ യാത്ര: യുഎസ് പൗരന്‍മാര്‍ക്ക് യാത്രാമുന്നറിയിപ്പ്
ഫ്‌­ളോറിഡ: ട്രേയ്‌­വോണ്‍ മാര്‍ട്ടിന്‍ വെടിയേറ്റു മരിച്ച കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി ജോര്‍ജ് സിമ്മര്‍മാന്‍ ഒടുവില്‍ ഖേദം പ്രകടിപ്പിച്ചു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സിമമ്ര്‍മാന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്. താന്‍ ഒരു വംശീയ വിരോധിയല്ലെന്നും കൊലപാതകിയല്ലെന്നും അഭിമുഖത്തില്‍ സിമ്മര്‍മാന്‍ വ്യക്തമാക്കി. മാര്‍ട്ടിന്‍ തന്നെ അക്രമിക്കാന്‍ ശ്രമിച്ചതിനാലാണ് വെടിയുതിര്‍ത്തതെന്നും സിമ്ര്‍മാന്‍ ആവര്‍ത്തിച്ചു. സംഭവത്തില്‍ മാര്‍ട്ടിന്റെ മാതാപിതാക്കളോട് ഖേദം അറിയിക്കുന്നുവെന്നും അവര്‍ക്കായി ദിവസവും പ്രാര്‍ഥിക്കുന്നുണ്‌ടെന്നും സിമ്മര്‍മാന്‍ വ്യക്തമാക്കി. ഒരു മില്യണ്‍ ഡോളര്‍ ജാമ്യത്തിലാണ് ഫ്‌­ളോറിഡ കോടതി സിമ്മര്‍മാന് ജാമ്യമനുവദിച്ചത്. സംഭവം ദൈവത്തിന്റെ പദ്ധതിയാണെന്ന സിമ്മര്‍മാന്റെ അവകാശവാദം മാര്‍ട്ടിന്റെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു. സംഭവസമയത്ത് മാര്‍ട്ടിന്റെ പെരുമാറ്റം സംശയാസ്പദമായിരുന്നുവെന്നും നല്ല മഴ ഉണ്ടായിരുന്നതിനാല്‍ തനിക്ക് ഒന്നും വ്യക്തമായിരുന്നില്ലെന്നും സിമ്മര്‍മാന്‍ വ്യക്തമാക്കി. മാര്‍ട്ടിന്‍ തന്റെ തലയ്ക്കിടിച്ചുവെന്നും തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സിമ്മര്‍മാന്‍ അഭിമുഖത്തില്‍ ആവര്‍ത്തിച്ചു. സംഭവം നടന്ന് ആറാഴ്ചയ്ക്കുശേഷമായിരുന്നു സിമ്മര്‍മാനെ പോലീസ് അറസ്റ്റു ചെയ്തത്. കറുത്ത വര്‍ക്കാരനുനേരെ നടന്ന ആക്രമണം യുഎസില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

ഇന്ത്യന്‍ യാത്ര: യുഎസ് പൗരന്‍മാര്‍ക്ക് യാത്രാമുന്നറിയിപ്പ്


വാഷിഗ്ടണ്‍: ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനിരിക്കുന്ന യുഎസ് പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍ യാത്രാ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണങ്ങള്‍ തുടരുന്നത് യുഎസ് പൗരന്‍മാരെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും മുന്‍കരുതലെടുക്കണമെന്നും മുന്നറിയിപ്പിലുണ്ട്. ഇന്ത്യയില്‍ വിദേശികള്‍ കൂടുതലായി എത്തുന്ന പൊതുസ്ഥലങ്ങളും ആഡംബര ഹോട്ടലുകളുമാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്. ഹോട്ടലുകള്‍, റെയില്‍വെസ്റ്റേഷന്‍, സിമിമാശാലകള്‍, ആരാധാനാലയങ്ങള്‍ എന്നിവയെല്ലാം തീവ്രവാദികളുടെ ഇന്ത്യയിലെ ലക്ഷ്യങ്ങളാണ്. തീവ്രവാദ സംഘടനകളായ ഹര്‍ക്കത്തുള്‍ ജിഹാദ് ഇസ്ലാമി, ഹര്‍ക്കത്തുള്‍ മുജാഹിദ്ദീന്‍, ജെയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘടനകള്‍ ഇന്ത്യയില്‍ ഇപ്പോഴും സജീവമാണെന്നും യുഎസ് വിദേശകാര്യവകുപ്പ് പുറത്തിറക്കിയ യാത്രാമുന്നറിയിപ്പ് സന്ദേശത്തില്‍ പറയുന്നു.

ഒബാമ കഴിവുകെട്ടവനെന്ന് ജിന്‍ഡാല്‍

ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റുമാരില്‍ ഏറ്റവും കഴിവുകെട്ടയാളാണ് ബറാക് ഒബാമയെന്ന് ഇന്ത്യന്‍ വംശജനായ ലൂസിയാന ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍. തന്റെ ഭരണ പരാജയങ്ങളില്‍ നിന്ന് വോട്ടര്‍മാരുടെ ശ്രദ്ധതിരിക്കാനാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനിയ്‌ക്കെതിരെ അനാവശ്യ ആരോപണങ്ങളുമായി ഒബാമ രംഗത്തുവരുന്നതെന്നും ജിന്‍ഡാല്‍ വ്യക്തമാക്കി. സ്വന്തം നയങ്ങളോ നേട്ടങ്ങളോ ഉയര്‍ത്തിക്കാട്ടാന്‍ പ്രസിഡന്റിനാവില്ല. അദ്ദേഹത്തിന് ആകെ ചെയ്യാവുന്നത് റോംനിയെ ആക്രമിക്കുക എന്നത് മാത്രമാണ്. ഗവര്‍ണര്‍ എന്ന നിലയിലും സ്വകാര്യ മേഖലയിലും റോംനി കൈവരിച്ച നേട്ടങ്ങളില്‍ ഒബാമ ക്യാംപ് അസ്വസ്ഥരാണ്. അതുകൊണ്ടാണ് റോംനി ഹൈസ്കൂളില്‍ എന്തു ചെയ്തു തുടങ്ങിയ കാര്യങ്ങള്‍വരെ അവര്‍ ചികഞ്ഞുകൊണ്ടിരിക്കുന്നതെന്നും ജിന്‍ഡാല്‍ പറഞ്ഞു. സാമ്പത്തികരംഗം മെച്ചപ്പെടുത്താനായില്ലെങ്കില്‍ താന്‍ ഒറ്റത്തവണ പ്രസിഡന്റാവുമെന്ന് ഒബാമ പറഞ്ഞിരുന്നു. ഇപ്പോള്‍ അദ്ദേഹം ഒട്ടേറ വാഗ്ദാന ലംഘനങ്ങള്‍ നടത്തിയിരിക്കുകയാണെന്നും ജിന്‍ഡാല്‍ പറഞ്ഞു. മിറ്റ് റോംനിയുടെ വൈസ്പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ജിന്‍ഡാലിനെ പരിഗണിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജിന്‍ഡാലിന്റെ പ്രതികരണമെന്നതും ശ്രദ്ധേയമായി.

എച്ച് 1 ബി വീസയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: എച്ച് 1 ബി വീസയ്ക്ക് ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളത് ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ നഗരത്തില്‍. ലോസ്ഏയ്ഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ജോസ്, വാഷിംഗ്ടണ്‍ നഗരങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 2010-2011 കാലഘട്ടത്തില്‍ 53,000 എച്ച് 1 ബി വീസകളാണ് ന്യൂയോര്‍ക്ക് നഗരത്തിന് അനുവദിക്കപ്പെട്ടത്. ദേശീയ ശരാശരിയേക്കാള്‍ 16 ശതമാനം കൂടുതലാണിത്. ലോസ്ഏയ്ഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്‌കോ, സാന്‍ജോസ്, വാഷിംഗ്ടണ്‍ നഗരങ്ങളില്‍ എച്ച് 1 ബി വാസയ്ക്കായി 14,000ത്തിനും 18000ത്തിനും ഇടയില്‍ ആവശ്യക്കാരാണുള്ളത്. ദേശീയതലത്തില്‍ പകുതിയിലേറെയും എച്ച് 1 ബി വീസകള്‍ വിതരണം ചെയ്ത് ഈ ഒമ്പത് മെട്രോ നഗരങ്ങളിലാണ്. സ്വകാര്യ ഐടി കമ്പനികളാണ് ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസ ആവശ്യപ്പെടാറുള്ളത്. ഐടി മേഖലയിലെ 25 കമ്പനികളാണ് ആകെ എച്ച് 1 ബീ വീസയുടെ 12 ശതമാനവും കൈയടക്കുന്നത്. എച്ച് വണ്‍ ബി വിസ നല്‍കുന്നത് കൂടുതലും ഏഷ്യന്ഡ രാജ്യങ്ങളിലേക്കാണെന്നും ബ്രൂക്‌ലിന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക