Image

കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം നല്‍കി

Published on 18 July, 2012
കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം നല്‍കി
ഫിലഡല്‍ഫിയ: പരിശുദ്ധ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയില്‍ നിന്ന്‌ ഒരു അത്മായന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയായ കമാന്‍ഡര്‍ പദവി നേടിയ ജോബി ജോര്‍ജിന്‌ സുഹൃദ്‌സംഘം സ്വീകരണം നല്‍കി. സമുദായ സേവനത്തിന്‌ അംഗീകാരം ലഭിച്ച കര്‍മ്മമണ്‌ഡലങ്ങള്‍ നിരത്തിവെച്ച പ്രാസംഗികര്‍ ജോബി ജോര്‍ജ്‌ എന്ന വ്യക്തിയുടെ നാനാവിധ പ്രവര്‍ത്തനങ്ങളിലെ മികവും നിസ്വാര്‍ത്ഥതയും എടുത്തുകാട്ടുകയും ചെയ്‌തു.

ജോബി ജോര്‍ജ്‌ തന്നെ പരിപോഷിപ്പിച്ച കോട്ടയം അസോസിയേഷനാണ്‌ സ്വീകരണത്തിന്‌ ചുക്കാന്‍ പിടിച്ചത്‌. അസന്‍ഷന്‍ മാര്‍ത്തോമാ പള്ളിയില്‍ തിങ്ങിനിറഞ്ഞ സദസില്‍ ട്രൈസ്റ്റേറ്റ്‌ മേഖലയിലെ പ്രമുഖ വ്യക്തികളും ആശംസകളുമായെത്തി.

കോട്ടയം അസോസിയേഷന്‍ പ്രസിഡന്റ്‌ ജീമോന്‍ ജോര്‍ജ്‌ അധ്യക്ഷതവഹിച്ച യോഗത്തില്‍ ഏഷ്യാനെറ്റ്‌ ന്യൂസ്‌ റീഡര്‍ ഡോ. കൃഷ്‌ണകിഷോര്‍ ആയിരുന്നു മുഖ്യാതിഥി. ജോബി ജോര്‍ജിന്റെ പ്രവര്‍ത്തനമികവിനെ കൃഷ്‌ണകിഷോര്‍ പ്രശംസച്ചു.

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍ ജോബി ജോര്‍ജുമായുള്ള വ്യക്തിബന്ധം ചൂണ്ടിക്കാട്ടി. തനിക്കുള്ള സ്വീകരണ സമ്മേളനത്തിനിടെയാണ്‌ ജോബിയെ ആദരിക്കാന്‍ താന്‍ എത്തിയതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

മലയാള പത്രം ലേഖകന്‍ എന്ന നിലയില്‍ പത്രത്തിന്റെ വളര്‍ച്ചയില്‍ ജോബി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന്‌ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ റോയി പറഞ്ഞു. ആദ്യകാലത്ത്‌ പത്രത്തിന്‌ വരിക്കാരെ കണ്ടെത്താന്‍ തന്നോടൊപ്പം ജോബി വീടുവീടാന്തരം കയറിയിറങ്ങിയത്‌ വിസ്‌മരിക്കാനാവില്ല. ഏല്‍ക്കുന്ന ഏതു കാര്യവും കൃത്യമായി ചെയ്‌തിരിക്കും എന്നതാണ്‌ ജോബിയുടെ വൈശിഷ്‌ട്യമെന്നും റോയി അനുസ്‌മരിച്ചു. ഏതൊരാളുടെ വിജയത്തിനു പിന്നിലും കുടുംബത്തിന്റെ പിന്തുണയുണ്ടാകും. ജോബിയുടെ വളര്‍ച്ചയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ച സഹധര്‍മ്മിണി ലിസിയേയും റോയി അഭിനന്ദിച്ചു.

ഐഎന്‍ഒസി കേരള ചാപ്‌റ്റര്‍ പ്രസിഡന്റ്‌ കളത്തില്‍ വര്‍ഗീസ്‌, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം ചെയര്‍ അലക്‌സ്‌ തോമസ്‌, മാപ്പിന്റെ അലക്‌സ്‌ അലക്‌സാണ്ടര്‍, പമ്പ പ്രസിഡന്റ്‌ ഈപ്പന്‍ ഡാനിയേല്‍, ഐഎന്‍ഒസി കേരള ചാപ്‌റ്റര്‍ പെന്‍സില്‍വേനിയ ഘടകം പ്രസിഡന്റ്‌ ജോസഫ്‌ കുന്നേല്‍, ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഫിലാഡല്‍ഫിയ പ്രസിഡന്റ്‌ വിന്‍സെന്റ്‌ ഇമ്മാനുവേല്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ തിരുവല്ല പ്രസിഡന്റ്‌ രാജന്‍ ശാമുവേല്‍, ഫ്രണ്ട്‌സ്‌ ഓഫ്‌ റാന്നി പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, ഫോമാ പ്രസിഡന്റ്‌ സ്ഥാനാര്‍ത്ഥി രാജു വര്‍ഗീസ്‌, എന്‍എസ്‌എസ്‌ പെന്‍സില്‍വേനിയ വൈസ്‌ പ്രസിഡന്റ്‌ സുധാ കര്‍ത്താ, എസ്‌എന്‍ഡിപി പെന്‍സില്‍വേനിയ പ്രസിഡന്റ്‌ പി.കെ. സോമരാജന്‍, ഓര്‍മ്മ പ്രസിഡന്റ്‌ ജോസ്‌ ആറ്റുപുറം, മേള പ്രസിഡന്റ്‌ ഇ.വി. പൗലോസ്‌ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സന്ദേശം സാജന്‍ വര്‍ഗീസ്‌ വായിച്ചു.

പെന്‍സില്‍വേനിയ സ്റ്റേറ്റ്‌ അവാര്‍ഡിലെ വാചകങ്ങള്‍ അബ്രഹാം ജോസഫ്‌ വായിച്ചു. കോട്ടയം അസോസിയേഷന്‍, ട്രൈസ്റ്റേറ്റ്‌ കേരള ഫോറം, പമ്പ, ഐഎന്‍ഒസി എന്നിവര്‍ പ്ലാക്കുകള്‍ നല്‍കി ആദരിച്ചു. കുര്യന്‍ രാജന്‍ സ്വാഗതം പറഞ്ഞു. ജോസഫ്‌ മാത്യു അതിഥികളെ ക്ഷണിച്ചു. സാബു ജേക്കബ്‌ നന്ദി പറഞ്ഞു.

ജോബി ജോര്‍ജ്‌ നടത്തിയ മറുപടി പ്രസംഗത്തില്‍ തന്നോടുകാട്ടിയ സ്‌നേഹാദരവുകള്‍ തന്നെ വികാരഭരിതനാക്കുന്നുവെന്ന്‌ പറഞ്ഞു. തന്റെ പ്രവര്‍ത്തനങ്ങളില്‍ ഒട്ടേറെ പേര്‍ തുണയായി നിന്നു. അതുപോലെ കുടുംബമാണ്‌ എല്ലാ വളര്‍ച്ചയ്‌ക്കും താങ്ങായത്‌. എല്ലാവരോടും എത്ര നന്ദി പറഞ്ഞാലും അധികമാവില്ല.
കമാന്‍ഡര്‍ ജോബി ജോര്‍ജിന്‌ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക