Image

വാധക്യ ചിന്തകള്‍: - പ്രൊഫ. പി. നാരായണമേനോന്‍

പ്രൊഫ. പി. നാരായണമേനോൻ Published on 16 July, 2012
വാധക്യ ചിന്തകള്‍: - പ്രൊഫ. പി. നാരായണമേനോന്‍
ബാല്യവും കൗമാരവും യൗവനവും പോലെ ശരീരത്തിന്റെ സ്വാഭാവികമായ ഒരു പരിണതിയാണ്‌ വാർധക്യം. അത്‌ ഒരു രോഗമല്ല. എന്നാൽ രോഗങ്ങൾക്ക്‌ അനായാസം കയറിക്കൂടാൻ പറ്റിയ ഒരു ശാരീരികാവസ്ഥയാണ്‌ വയോജനങ്ങൾക്കുള്ളത്‌. പ്രായം ചെല്ലുംതോറും ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞുവരുന്നതാണ്‌ ഇതിനു കാരണം. അതിനെ മറികടക്കുന്നതിനും പ്രതിരോധശേഷിയെ ജ്വലിപ്പിച്ചു നിർത്തുന്നതിനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

പ്രായം കൂടുംതോറും ചില അവശതകളും അസുഖങ്ങളും ഉണ്ടാകുന്നത്‌ സ്വാഭാവികമാണെന്നും അത്‌ വാർധക്യസഹജമാണെന്നും കരുതി അവഗണിച്ചുകൂടാ. ശരീരത്തിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ചില പ്രവർത്തനങ്ങളാണ്‌ ഈ അസ്വസ്ഥതകൾക്കെല്ലാം നിദാനം എന്നു തിരിച്ചറിഞ്ഞ്‌ അതിനു പരിഹാരം തേടുകയാണ്‌ വേണ്ടത്‌. ഉടനെ ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ട്‌ വിശദമായ ചെക്കപ്പ്‌ നടത്തി മരുന്നു കഴിച്ചു തുടങ്ങുന്നതല്ല പരിഹാരമാർഗം.


ഉദ്യോഗത്തിൽനിന്നു വിരമിക്കുന്നതോടെ വിശ്രമജീവിതം ആരംഭിക്കുന്നവരാണ്‌ ഏറെപ്പേരും. യാത്രയയപ്പുവേളകളിൽ വിശ്രമജീവിതമാണ്‌ റിട്ടയർ ചെയ്തവർക്ക്‌ സുഹൃത്തുക്കൾ സാധാരണ ആശംസിക്കുന്നത്‌. എന്നാൽ കർമനിരതമായ ജീവിതമാണ്‌ പ്രായമായവർ നയിക്കേണ്ടത്‌. വയോജനങ്ങൾ വിശ്രമജീവിതം നയിക്കുമ്പോഴാണ്‌ പെട്ടെന്ന്‌ അവശരും രോഗികളുമായിത്തീരുന്നത്‌. മറിച്ച്‌, ഇഷ്ടപ്പെട്ട ജോലികളിലോ സേവനമേഖലകളിലോ വ്യാപൃതരായി നിരന്തരം കർമനിരതരായിക്കുന്നവർ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ ദീർഘകാലം ജീവിച്ചിരിക്കുന്നത്‌ ചുറ്റുപാടും നിരീക്ഷിച്ചാൽ നമുക്കു ബോധ്യപ്പെടുന്നതാണ്‌.


മനുഷ്യന്‌ ജനാ രണ്ടു ത്വരകളുണ്ടെന്ന്‌ മനശ്ശാസ്ത്രജ്ഞർ പറയുന്നു- ജീവിച്ചിരിക്കാനുള്ള ത്വരയും മരിക്കാനുള്ള ത്വരയും. ഇവയിൽ ജീവനത്വരയാണ്‌ ബഹുഭൂരിപക്ഷം പേരിലും നിറഞ്ഞു നിൽക്കുന്നത്‌. എന്നാൽ അപൂർവം ചിലരിൽ മൃത്യുത്വര മുന്നിട്ടുനിൽക്കും. അങ്ങനെയുള്ളവരിലാണ്‌ ആത്മഹത്യാപ്രവണതയും ചാവേറാകാനുള്ള സന്നദ്ധതയും നിറഞ്ഞു നിൽക്കുന്നത്‌.


ഈ ത്വരകളിൽ ആത്യന്തികമായ വിജയം മൃത്യുത്വരയ്ക്കാണെങ്കിലും കർമനിരതമായ ജീവിതത്തിലൂടെ ജീവനത്വര അതിനെ പരമാവധി നീട്ടിക്കൊണ്ടുപോകുന്നു. നമ്മുടെ രാഷ്ട്രീയരംഗത്തും സാഹിത്യമേഖലകളിലും വിവിധ സാമൂഹ്യസേവന മണ്ഡലങ്ങളിലും നിറഞ്ഞു നിൽക്കുന്നവർ പറയത്തക്ക ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ തൊണ്ണൂറുകളിലും കർമവ്യാപൃതരായിരിക്കുന്നത്‌ ഇതിന്‌ ഉത്തമദൃഷ്ടാന്തമാണ്‌.


വയോജനങ്ങളുടെ ആരോഗ്യഭദ്രതയ്ക്ക്‌ നിയാമകമായ ഒരു പ്രധാന വസ്തുത അവരുടെ ചെറുപ്പകാലങ്ങളിലെ ജീവിതരീതി തന്നെയാണ്‌. നിർഭാഗ്യവശാൽ കേരളീയ സമൂഹം അമിതമായ ഔഷധസേവകൊണ്ടും തെറ്റായ ജീവിതചര്യകൊണ്ടും രോഗപ്രതിരോധശേഷി നഷ്ടപ്പെട്ടവരായിത്തീർന്നുകൊണ്ടിരിക്കുകയാണ്‌. അതിന്റെ പരിണതഫലമായി പ്രായം കൂടുംതോറും ജീവിതം ദുരിതമയമായിത്തീരുന്നു. വ്യായ‍ാമമുറകളിലൂടെ, യോഗസാധനകളിലൂടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഒരു പരിധിവരെ നിലനിർത്താൻ കഴിയും. അത്‌ പ്രായത്തിനനുസരിച്ചായിരിക്കണമെന്നുമാത്രം.


പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കപ്പെടുന്ന ഹിപ്പോക്രാറ്റസ്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ട്‌: ശരീരത്തിലെ ഓരോ ഭാഗത്തിനും ഓരോ ധർമമുണ്ട്‌. വേണ്ടപോലെ ഉപയോഗിക്കുകയും പ്രവർത്തനനിരതരായിരിക്കുകയും ചെയ്താൽ വാർധക്യം സാവധാനമേ ശരീരത്തെ ബാധിക്കൂ. അലസതയും കർമവിമുഖതയും രോഗസാധ്യത വർധിപ്പിക്കുന്നു.


പ്രായം ചെന്നവർ വ്യായാമങ്ങളിലൊന്നും ഏർപ്പെടേണ്ടതില്ല എന്ന ധാരണ ശരിയല്ല. ഓരോരുത്തനും അവനവന്റെ ദേഹസ്ഥിതിക്കനുസരിച്ചുള്ള വ്യായാമങ്ങളിലാണ്‌ ഏർപ്പെടേണ്ടത്‌. ചികിത്സയുടെ ഭാഗമായിട്ടല്ല. ഒരു ജീവിതശൈലി എന്ന നിലയിലാണ്‌ വ്യായാമം അനുഷ്ഠിക്കേണ്ടത്‌. തന്റെ ശരീരം തന്റെ നിയന്ത്രണത്തിലാണ്‌ എന്ന ആത്മവിശ്വാസം വ്യായാമത്തിലൂടെ ലഭിക്കുന്നു.


ദിവസേന നാലഞ്ചു കിലോമീറ്ററെങ്കിലും നടക്കുന്നത്‌ പ്രായമായവരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല വ്യായാമമാണ്‌. കഴിയുന്നത്ര വേഗത്തിൽ രണ്ടുകൈയും നല്ലപോലെ വീശി നടക്കുന്നതാണ്‌ അഭികാമ്യം. അതിരാവിലെയും വൈകുന്നേരവും അരമണിക്കൂർ വീതമെങ്കിലും നടക്കുന്നത്‌ വയോജനങ്ങളെ സംബന്ധിച്ചിടത്തോലം ഏറ്റവും നല്ല മരുന്നാണ്‌.


ഏകാന്തതയും മാനസികസംഘർഷങ്ങളുമാണ്‌ വയോജനങ്ങളെ അസ്വസ്ഥരാക്കുന്നതിന്റെ മുഖ്യ കാരണങ്ങൾ. മറ്റുള്ളവരുമായി അടുത്ത്‌ ഇടപെടുകയും ഉള്ളതുകൊണ്ട്‌ തൃപ്തിപ്പെടുകയും ചെയ്താൽ ഒരു പരിധിവരെ ഇതൊഴിവാക്കാം.


ഏകാന്തതയിലാണ്‌ മനസ്സിൽ വ്യാകുലതകൾ ഊറിക്കൂടുന്നത്‌. പരാശ്രയത്തിൽ കഴിയുന്ന വാർധക്യത്തിൽ ഏകാന്തത അനുഭവിക്കുന്ന വേളകളിൽ തന്റെ യൗവനകാലത്തെപ്പറ്റി ഓർത്തുപോകുന്നു. പലപ്പോഴും ഇത്തരം ഓർമ്മകൾ വയോജനങ്ങളെ നിരാശയിലാഴ്ത്തുന്നു. സൗഹൃദപൂർണ്ണമായ ബന്ധങ്ങളിലൂടെ ഏകാന്തത ഒഴിവാക്കപ്പെടണം.


താൻ വൃദ്ധനായിപ്പോയല്ലോ എന്ന്‌ പരിതപിക്കരുത്‌. മനസ്സിൽ യൗവനം നിലനിൽക്കുന്നുണ്ടെങ്കിൽ ഒരു പരിധിവരെ ശരീരത്തിനും അതു ഗുണം ചെയ്യും. മനുഷ്യായുസ്സ്‌ 120 വയസ്സെന്നുള്ളത്‌ ചാന്ദ്രമാസക്കണക്കിലാണ്‌. ഇന്നത്തെ സൗരമാസക്കണക്കിൽ ഏതാണ്ട്‌ 100 ആണത്‌. അത്രയും കാലം സുഖമായി കഴിഞ്ഞുകൂടാൻ വയോജനങ്ങൾക്കു സാധിക്കുമാറാകട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക