Image

ഇന്ത്യക്കാരുടെ വീസാ അപേക്ഷാ നിബന്ധനകളില്‍ യുഎസ് ഇളവ് വരുത്തി; വാഷിംഗ്ടണിലെ വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം

Published on 18 July, 2012
ഇന്ത്യക്കാരുടെ വീസാ അപേക്ഷാ നിബന്ധനകളില്‍ യുഎസ് ഇളവ് വരുത്തി;  വാഷിംഗ്ടണിലെ വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം
ന്യൂഡല്‍ഹി: ബിസിനസ് ആവശ്യത്തിനും ഒഴിവു വേളയിലെ സന്ദര്‍ശത്തിനുമുള്ള ഇന്ത്യക്കാരുടെ വീസ അപേക്ഷാ നിബന്ധനകളില്‍ യുഎസ് ഇളവ് വരുത്തി. നിയമക്കുടുക്കിലകപ്പെട്ട് നേരത്തെ സമര്‍പ്പിച്ച അപേക്ഷയില്‍ തീരുമാനമാകാത്ത സാഹചര്യത്തില്‍ പുതിയ അപേക്ഷ നല്‍കുന്നതിന് വീണ്ടും ഫീസ് നല്‍കേണ്ട, വീസയ്ക്ക് അപേക്ഷ സമര്‍പ്പിച്ച ശേഷം ഏഴ് വയസില്‍ താഴെയുള്ള കുട്ടികള്‍ മറ്റ് അഭിമുഖത്തിന് ഹാജരാകേണ്ട തുടങ്ങിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. വീസ അഭിമുഖത്തിനുള്ള കാത്തിരിപ്പിന്റെ സമയദൈര്‍ഘ്യം കുറയ്ക്കാനായി മുംബൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ നാല്‍പതിലധികം കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഒരുദിവസം ആയിരത്തി അഞ്ഞൂറോളം വീസാ അപേക്ഷകളാണ് മുംബൈ കോണ്‍സുലേറ്റ് കൈകാര്യം ചെയ്യുന്നത്.

വാഷിംഗ്ടണിലെ വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം

വാഷിംഗ്ടണ്‍: വാഷിംടംഗണിലെ വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് അപ്ലിക്കേഷന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുങ്ങുന്നു. ഇത്തരം സൗക്രംയ ഏര്‍പ്പെടുത്തുന്ന യുഎസിലെ ആദ്യ സംസ്ഥാനമാണ് വാഷിംഗ്ടണ്‍. അടുത്ത ആഴ്ചയോടെ പുതിയ ഫേസ്ബുക്ക് അപ്ലിക്കേഷന്‍ നിലവില്‍ വരും. വോട്ടര്‍മാരുടെ പേരും ജനനത്തീയതിയും മാത്രമെ ഫേസ്ബുക്ക് അപ്ലിക്കേഷനില്‍ നല്‍കേണ്തുള്ളൂ. വാഷിംഗ്ടണ്‍ സ്റ്റേറ്റ് സെക്രട്ടറി സാം റീഡിന്റെ ഫേസ്ബുക്ക് പേജിലായിരിക്കും അപ്ലിക്കേഷന്‍ ലഭ്യമാകുക.

ഉപയോക്താക്കള്‍ക്ക് ഇത് ലൈക്ക് ചെയ്യാനും .ഷെയര്‍ ചെയ്യാനും സൗകര്യമുണ്ടാവും. വോട്ടര്‍മാരുടെ ഡാറ്റാബേസിലേക്ക് ഫേസ്ബുക്കിന് പ്രവേശനമുണ്ടാവില്ല. വോട്ടര്‍ രജിസ്‌ട്രേഷനായി നിരവധി സംസ്ഥാനങ്ങള്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടാന്‍ തുടങ്ങിയ പശ്ചാത്തലത്തിലാണ് വാഷിംഗ്ടണ്‍ സംസ്ഥാന ഭരണനേതൃത്വത്തിന്റെ പുതിയ നീക്കം. 2008മുതല്‍ വാഷിംഗ്ടണ്‍ ഓണ്‍ലൈന്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ നിലവിലുണ്ട്.

ഒബാമയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി റോംനിയുടെ പ്രചാരണം

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പ്രസിഡന്റ് ബറാക് ഒബാമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യ എതിരാളിയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ മിറ്റ് റോംനി രംഗത്തെത്തി. ഒബാമ ആദ്യം അമേരിക്കക്കാരനാവാന്‍ പഠിക്കണമെന്ന് റോംനിയുടെ ശക്തനായ വക്താവായ ന്യൂഹാംപ്‌ഷെയര്‍ മുന്‍ ഗവര്‍ണര്‍ ജോണ്‍ സുനുനു പറഞ്ഞു. എന്നാല്‍ പിന്നീട് പ്രസ്താവന പിന്‍വലിച്ച സുനുനു ഇത്തരമൊരു പ്രസ്താവന നടത്തിയതില്‍ ഖേദം പ്രകടിപ്പിച്ചു.

ഒബാമ ജനിച്ചത് യുഎസിലല്ലെന്നും അതിനാല്‍ പ്രസിഡന്റെന്ന നിലയില്‍ യുഎസ് സംസ്കാരം ഉള്‍ക്കൊള്ളാനാവുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സുനുനുവിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. ബെയ്ന്‍ ക്യാപ്പിറ്റലിലെ നിക്ഷേപം സംബന്ധിച്ചും വിദേശ നിക്ഷേപങ്ങളെക്കുറിച്ചും റോംനിയ്‌ക്കെതിരെ ഒബാമ ക്യാംപ് രൂക്ഷ വിമര്‍ശനം അഴിച്ചുവിടുന്ന പശ്ചാത്തലത്തിലാണ് ഒബാമയ്ക്ക് അതേ നാണയത്തില്‍ മറുപടി കൊടുക്കാന്‍ റോംനി ക്യാംപ് രംഗത്തെത്തിയിരിക്കുന്നത്.

48 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന പൈലറ്റില്ലാ വിമാനം യുഎസ് വികസിപ്പിച്ചു

വാഷിംഗ്ടണ്‍: 48 മണിക്കൂര്‍ നിര്‍ത്താതെ പറക്കാന്‍ കഴിയുന്ന പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) യുഎസ് പ്രതിരോധ ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. യുഎസ് സേനയ്ക്കുവേണ്ടി എയ്‌റോസ്‌പേസ് കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് അണ്‍മാന്ഡ് ഏരിയല്‍ സിസ്റ്റം(യുഎഎസ്) എന്ന് പേരിട്ടുള്ള ഡ്രോണ്‍ വിമാനം വികസിപ്പിച്ചത്. 2006 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോളാണ് ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നത്. ലേസര്‍ പ്രകാശത്തിലൂടെ നിലത്തിറങ്ങാതെ തന്നെ വിമാനത്തിന് ചാര്‍ജ് ചെയ്യാനാവുമെന്നതും നേട്ടമാണ്.

അഫ്ഗാനിലും പാക്കിസ്ഥാനിലും യുഎസ് പുതിയ അംബാഡസര്‍മാരെ നിര്‍ദേശിച്ചു

വാഷിംഗ്ടണ്‍: അഫ്ഗാനിലും പാക്കിസ്ഥാനിലും യുഎസ് പുതിയ അംബാസഡര്‍മാരെ നിര്‍ദേശിച്ചു. ജെയിംസ് .ബി. കണ്ണിംഗ്ഹാം അഫ്ഗാനിലും റിച്ചാര്‍ഡ്. ജി. ഓള്‍സണ്‍ പാക്കിസ്ഥാനിലും പുതിയ അംബാസഡര്‍മാരാകും. പ്രസിഡന്റ് ബറാക്ക് ഒബാമയാണ് ഇരുവരുടെയും പേര് നിര്‍ദേശിച്ചത്.

സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് നിയമനങ്ങള്‍ക്ക് സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. 2008 മുതല്‍ 2011 വരെ അമേരിക്കയുടെ യുഎഇ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുള്ള റിച്ചാര്‍ഡ്. ജി. ഓള്‍സണ്‍ ഇതിനുശേഷം കാബൂളിലെ യുഎസ് എംബസിയില്‍ വികസന സാമ്പത്തിക കാര്യ കോ-ഓര്‍ഡിനേറ്റിംഗ് ഡയറക്ടറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. കാബൂളിലെ യുഎസ് എംബസിയില്‍ ഡെപ്യൂട്ടി അംബാസഡര്‍ ആയിരുന്നു ജെയിംസ് ബി കണ്ണിംഗ്ഹാം. 2005 മുതല്‍ 2008 വരെ ഹോങ്കോംഗിന്റെ യുഎസ് കോണ്‍സുല്‍ ജനറല്‍ ആയും 2008 മുതല്‍ 2011 വരെ ഇസ്രേലിന്റെ യുഎസ് അംബാസഡര്‍ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ദുബായ് വെടിവെയ്പ്: മുന്നറിയിപ്പ് നല്‍കിയതായി യുഎസ്; ഇല്ലെന്ന് മത്സ്യത്തൊഴിലാളികള്‍

വാഷിംഗ്ടണ്‍: ദുബായില്‍ യുഎസ് കപ്പലില്‍ നിന്നുണ്ടായ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യുഎസ് ആവര്‍ത്തിച്ചു. കപ്പലില്‍ നിന്ന് പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് ലഭ്യമായ വിവരം. എന്നാല്‍ ഇത് ഗൗനിക്കാതെ വീണ്ടും ബോട്ട് കപ്പലിന് അടുത്തേക്ക് വന്നപ്പോഴാണ് വെടിവെച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. അതേസമയം കപ്പലില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായി യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് പറഞ്ഞു. ബോട്ട് ശരിയായ പാതയിലായിരുന്നുവെന്നും അപകടഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും ദുബായ് പോലീസ് മേധാവി ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം വ്യക്തമാക്കിയിട്ടുണ്ട്.

എച്ച്എസ്ബിസിയിലൂടെ കള്ളപ്പണം ഒഴുകുന്നുവെന്ന് യുഎസ് സെനറ്റ് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം കൈകാര്യം ചെയ്തതിന് യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച്എസ്ബിസിയെ പ്രതിക്കൂട്ടിലാക്കി യുഎസ് സെനറ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. ബാങ്കിന്റെ അമേരിക്കന്‍ ശാഖ വഴി ഭീകരവാദ സംഘടനയായ അല്‍ക്വയ്ദയ്ക്ക് വരെ പണം എത്തിയതായാണ് റിപ്പോര്‍ട്ടിലെ കണെ്ടത്തല്‍. അമേരിക്കന്‍ സെനറ്റിന്റെ സ്ഥിരം ഉപദേശക സമിതി നടത്തിയ രണ്ട് വര്‍ഷം നീണ്ടുനിന്ന അന്വേഷണത്തിനൊടുവിലാണ് ഇക്കാര്യം കണെ്ടത്തിയത്.

സിറിയ, ഇറാന്‍, മെക്‌സിക്കോ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ വഴിയെത്തുന്ന കള്ളപ്പണം മൂടി വെക്കാന്‍ അമേരിക്കയിലെ ബാങ്ക് കൂട്ട് നിന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 മുതല്‍ 2009വരെയുള്ള ഏഴ് വര്‍ഷത്തിനുള്ളിലാണ് ബാങ്കില്‍ ഇത്തരം ഇടപാടുകള്‍ നടന്നതായി കണെ്ടത്തിയിട്ടുള്ളത്. പ്രധാനമായും വിവിധ രാജ്യങ്ങളിലെ മയക്കുമരുന്നു മാഫിയ എച്ച് എസ് ബി സി ശാഖ വഴി പണമിടപാടു നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ എച്ച് എസ് ബി സി സിഇഒ സെനറ്റിന് മുമ്പാകെ മാപ്പ് അഭ്യര്‍ത്ഥിച്ചു. കേസുമായി ബന്ധപ്പെട്ട വാദം ആരംഭിക്കവെ ബാങ്കിലെ മുതര്‍ന്ന ഉദ്യോഗസ്ഥര്‍ രാജി സന്നദ്ധത അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ബാങ്കിന്റെ തലപ്പത്തുള്ളവര്‍ തന്നെ ബാങ്ക് ഇടപാടില്‍ വീഴ്ച്ച പറ്റിയതായി സമ്മതിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് സൂചന.
ഇന്ത്യക്കാരുടെ വീസാ അപേക്ഷാ നിബന്ധനകളില്‍ യുഎസ് ഇളവ് വരുത്തി;  വാഷിംഗ്ടണിലെ വോട്ടര്‍മാര്‍ക്ക് ഫേസ്ബുക്ക് വഴി പേര് രജിസ്റ്റര്‍ ചെയ്യാം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക