Image

കെഫാക്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: സോക്കര്‍ കേരള ചാമ്പ്യന്മാര്‍

സിദ്ധിഖ്‌ വലിയകത്ത്‌ Published on 18 July, 2012
കെഫാക്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: സോക്കര്‍ കേരള ചാമ്പ്യന്മാര്‍
ഫഹാഹീല്‍: കേരള എക്‌സ്‌പാറ്റ്‌സ്‌ ഫുട്‌ബോള്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗ്രാന്‍ഡ്‌ ഹൈപ്പര്‍ റോളിംഗ്‌ ട്രോഫിക്ക്‌ വേണ്‌ടിയുള്ള കെഫാക്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സോക്കര്‍ കേരള ബി ടീം ചാമ്പ്യന്‍മാരായി.

ഫൈനലില്‍ കേരള ചാലഞ്ചേഴ്‌സിനെ തോല്‍പ്പിച്ചാണ്‌ സോക്കര്‍ കേരള ജേതാക്കളായത്‌. ഫൈനലില്‍ മുഴുസമയത്തും പിന്നീട്‌ പെന്നാല്‍ട്ടി ഷൂട്ടൗട്ടിലും സമനില പാലിച്ചതിനെ തുടര്‍ന്ന്‌ ടോസിലൂടെയാണ്‌ വിജയികളെ നിശ്ചയിച്ചത്‌. സോക്കര്‍ കേരള ബി ടീം സെമിഫൈനലില്‍ മാക്‌ കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന്‌ തോല്‍പ്പിച്ച്‌ ഫൈനലിലെത്തിയപ്പോള്‍ കരുത്തരായ സോക്കര്‍ കേരള എ ടീമിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ്‌ കേരള ചാലഞ്ചേഴ്‌സ്‌ കലാശക്കളിക്ക്‌ അര്‍ഹത നേടിയത്‌.

ചാമ്പ്യന്‍മാര്‍ക്കുള്ള കെഫാക്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ റോളിംഗ്‌ ട്രോഫി ഗ്രാന്‍ഡ്‌ ഹൈപ്പര്‍ മാനേജിംഗ്‌ ഡയറക്‌ടര്‍ അയൂബ്‌ സമ്മാനിച്ചു. റണ്ണേഴ്‌സ്‌ അപ്പ്‌ ട്രോഫി കെഫാക്‌ ട്രഷറര്‍ ഒ.കെ റസാക്കില്‍ നിന്നും കേരള ചാലഞ്ചേഴ്‌സ്‌ ഏറ്റുവാങ്ങി. വ്യക്തിഗത ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫികള്‍ കെഫാക്‌ സ്‌പോര്‍ട്‌സ്‌ സെക്രട്ടറി സഫറുള്ള സമ്മാനിച്ചു.

ഫൈനലിലെ മികച്ച കളിക്കാരനുള്ള ട്രോഫി സോക്കര്‍ കേരളയുടെ സന്തോഷ്‌ ബാലഗോപാല്‍ കരസ്ഥമാക്കിയപ്പോള്‍ ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി സോക്കര്‍ കേരളയുടെ തന്നെ ഇഷ്‌ഫാഖ്‌ സ്വന്തമാക്കി. മികച്ച ഗോള്‍ കീപ്പറായി മാക്‌ കുവൈറ്റിന്റെ നൗഷാദിനെ തെരെഞ്ഞെടുത്തപ്പോള്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ കളിക്കാരനുള്ള ട്രോഫി കേരള ചലഞ്ചേഴ്‌സിന്റെ ഫജിലു കരസ്ഥമാക്കി.

മികച്ച ഡിഫന്റര്‍ക്കുള്ള പുരസ്‌കാരം കേരള ചലഞ്ചേഴ്‌സിന്റെ ഗിനീഷിന്‌ ലഭിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും അച്ചടക്കമുള്ള ടീമായി കെ.കെ.എസ്‌ സുര്‍റയെ തെരെഞ്ഞെടുത്തു.

സബാഹിയ പബ്ലിക്‌ അഥോറിറ്റി ഫോര്‍ യൂത്ത്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ സ്റ്റേഡിയത്തില്‍ നടന്ന ടൂര്‍ണമെന്റില്‍ 16 കേരള ക്ലബുകള്‍ പങ്കെടുത്തു. ഇന്ത്യന്‍ ഫുട്‌ബോള്‍ റഫറീസ്‌ അസോസിയേഷനിലെ റഫറിമാര്‍ മല്‍സരം നിയന്ത്രിച്ചു. കെഫാക്‌ വൈസ്‌ പ്രസിഡ്‌ സി.ഒ ജോണ്‍, സെക്രട്ടറി പ്രദീപ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ മുബാറക്‌ യൂസഫ്‌, ഷാഹുല്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
കെഫാക്‌ ഗ്രാന്‍ഡ്‌ ഹൈപ്പര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌: സോക്കര്‍ കേരള ചാമ്പ്യന്മാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക