Image

ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 July, 2012
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു
ന്യൂജേഴ്‌സി: ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സെന്റ്‌ തോമസ്‌ സീരോ മലബാര്‍ ദേവാലയത്തിലെ ഇടവക മധ്യസ്ഥനായ വി. തോമാശ്ശീഹായുടേയും, വി. അല്‍ഫോന്‍സാമ്മയുടേയും മധ്യസ്ഥ തിരുനാള്‍ ഒമ്പത്‌ ദിവസം നീണ്ടുനിന്ന ഭക്തിനിര്‍ഭരമായ തിരുകര്‍മ്മാദികളോടെ ആഘോഷിച്ചു.

തിരുനാളിന്‌ ഒരുക്കമായുള്ള കുട്ടികളുടെ ബൈബിള്‍ ക്ലാസുകളും, മുതിര്‍ന്നവര്‍ക്കുള്ള കുടുംബ വിശുദ്ധീകരണ ധ്യാനവും നടന്നു. പ്രശസ്‌ത വചന പ്രഘോഷകനായ ഫാ. ജോര്‍ജ്‌ കുബ്‌ളുമൂട്ടിലാണ്‌ ധ്യാനത്തിന്‌ നേതൃത്വം നല്‍കിയത്‌.

ജൂലൈ 6-ന്‌ വൈകുന്നേരം 7. 15-ന്‌ കൊടിയേറ്റവും വി. യുദാശ്ശീഹായുടേയും വി. അല്‍ഫോന്‍സാമ്മയുടേയും നൊവേനയും, വി. ദിവ്യബലിയും അര്‍പ്പിക്കപ്പെട്ടു. ഇടവകാംഗങ്ങള്‍ സജീവമായി തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു.

ജൂലൈ 14-ന്‌ ചിക്കാഗോ രൂപതാ ബിഷപ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പിതാവിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും കുട്ടികള്‍ക്കുള്ള
കണ്‍ഫര്‍മേഷനും നടത്തപ്പെട്ടു.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 15-ന്‌ രാവിലെ 10.15-ന്‌ വേസ്‌പരയും, ആഘോഷമായ പാട്ടുകുര്‍ബാന മാര്‍. ജേക്കബ്‌ അങ്ങാടിയത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്നു. ഫാ. മാത്യു പന്തനാനിക്കല്‍, ഫാ. പീറ്റര്‍ അക്കനത്ത്‌, ഫാ. ഫിലിപ്പ്‌ വടക്കേക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലി മധ്യേ വചന സന്ദേശം നല്‍കപ്പെട്ടു.

തിരുനാള്‍ ആഘോഷങ്ങള്‍ വചനം പ്രഘോഷിക്കാനും, വചനത്തില്‍ ജീവിക്കാനും അത്‌ കൈമാറ്റം ചെയ്യപ്പെടാനും ഓരോ ഇടയനും കഴിയണമെന്ന്‌ ബഹുമാനപ്പെട്ട വികാരി ഫാ. തോമസ്‌ കടുകപ്പള്ളി ഇടവക ജനങ്ങളെ ഓര്‍മിപ്പിച്ചു.

ദേവാലയത്തിലെ മുഖ്യകര്‍മ്മങ്ങള്‍ക്കുശേഷം വിശുദ്ധരുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള നഗരികാണിക്കല്‍ പ്രദക്ഷിണം പരമ്പരാഗത രീതിയില്‍ കേരളത്തനിമയില്‍ നടത്തപ്പെട്ടു. തുടര്‍ന്ന്‌ തിരുശേഷിപ്പ്‌ വണക്കവും അടിമ സമര്‍പ്പണവും നടന്നു. ഇടവകയിലെ ഗായകസംഘം ആലപിച്ച ശ്രുതിമധുരമായ ഗാനങ്ങള്‍ വിശുദ്ധ കര്‍മ്മാദികള്‍ കൂടുതല്‍ ഭക്തിസാന്ദ്രമാക്കി.

ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്ത്‌ നടത്തിയത്‌ ആലപ്പാട്ട്‌ തൊട്ടിയന്‍ കുടുംബാംഗങ്ങളായ സ്റ്റീഫന്‍ ഈനാശു, ഷൈന്‍ സ്റ്റീഫന്‍ എന്നിവരാണ്‌.

അടുത്ത വര്‍ഷത്തേക്കുള്ള തിരുനാള്‍ പ്രസുദേന്തിയായ കടുകുന്നേല്‍ കുടുംബാംഗങ്ങളായ ചെറിയാന്‍ അലക്‌സാണ്ടര്‍ (ജോയി), മറിയാമ്മ എന്നിവരെ വാഴിച്ചു.

തിരുനാളിനോടനുബന്ധിച്ച്‌ വിവിധ ഭക്തസംഘടനകള്‍ നടത്തിയ സ്റ്റാളുകള്‍ പിറന്ന നാടിന്റെ തിരുനാള്‍ ആഘോഷങ്ങളുടെ ഓര്‍മ്മ ഉണര്‍ത്തി.

തിരുനാളിന്റെ വിജയകരമായ നടത്തിപ്പിന്‌ വികാരി ഫാ. തോമസ്‌ കടുകപ്പള്ളിയുടെ നേതൃത്വത്തില്‍ മുഖ്യ സംഘാടകനായ ആന്റണി ജോസഫ്‌, ട്രസ്റ്റിമാരായ റ്റോം പെരുമ്പായില്‍, തോമസ്‌ ചെറിയാന്‍ പടവില്‍, പാരീഷ്‌ കൗണ്‍സില്‍ അംഗങ്ങള്‍, വിവിധ പ്രാര്‍ത്ഥനാ ഗ്രൂപ്പ്‌ ലീഡേഴ്‌സ്‌, വിവിധ ഭക്തസംഘടനാ ഭാരവാഹികള്‍, യൂത്ത്‌ ഗ്രൂപ്പ്‌ എന്നിവര്‍ ചേര്‍ന്ന്‌ തിരുനാള്‍ ആഘോഷങ്ങള്‍ ഭക്തിസാന്ദ്രമാക്കി.

സെബാസ്റ്റ്യന്‍ ആന്റണി ഇടയത്ത്‌ അറിയിച്ചതാണിത്‌. വെബ്‌സൈറ്റ്‌: www.stthomassyronj.org
ഈസ്റ്റ്‌ മില്‍സ്റ്റോണ്‍ സീറോ മലബാര്‍ ദേവാലയത്തില്‍ വി. തോമാശ്ശീഹായുടെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക