Image

സിനിമാ കമ്പനി

Published on 17 July, 2012
സിനിമാ കമ്പനി
വര്‍ഗീസ് പണിക്കര്‍, പോള്‍, ഫസല്‍, പാറു. അപരിചിതരും വ്യത്യസ്ത ജീവിതസാഹചര്യങ്ങളിലും കഴിയുന്ന ഇവര്‍ സുഹൃത്തുക്കളായത് സിനിമയോടുള്ള സ്‌നേഹംകൊണ്ടാണ്. ഒരിക്കല്‍ തിരുവനന്തപുരം ഫിലിം ഫെസ്റ്റിവലില്‍വച്ച് പരസ്പരം കണ്ടുമുട്ടി പരിചയപ്പെട്ടതാണ്. തുടര്‍ന്നുള്ള സംസാരം സിനിമയെക്കുറിച്ചുള്ളതിനാലും സിനിമ ഓരോരുത്തരുടെയും ലക്ഷ്യമായതിനാലും അവര്‍ മാനസികമായി അടുത്തു. അതോടെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കളായി.

വൈകുന്നേരങ്ങളിലെ തിരക്കുള്ള നഗരപ്രാന്തങ്ങളില്‍ വേറിട്ട കാഴ്ചകളായി ഈ നാല്‍വര്‍ സംഘം പ്രത്യക്ഷപ്പെട്ടു. അവര്‍ ഒത്തുകൂടി സിനിമാകാര്യങ്ങളെക്കുറിച്ച് സംവദിച്ചു. സിനിമകള്‍ കണ്ടും വായിച്ചും കേട്ടുമറിഞ്ഞ കാര്യങ്ങളിലൂടെ അവരുടെ മോഹങ്ങളെക്കുറിച്ച് സംസാരിച്ചു. സിനിമയിലെത്തുകയെന്നത് അവരുടെ ഓരോരുത്തരുടെയും ആഗ്രഹമായിരുന്നു.

ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിക്കാരനായ പോള്‍ ഒരിക്കല്‍ ഒരു സിനിമാനടനാകുമെന്ന് വിശ്വസിച്ച് ജീവിക്കുകയാണ്. കവിതയും കഥയുമൊക്കെ എഴുതിവളരുന്ന ഫസലിന് തിരക്കഥയോടാണ് താല്‍പര്യം. സിനിമയെ വളരെ ഗൗരവത്തോടെ കാണുന്ന വര്‍ഗീസ് പണിക്കര്‍ക്ക് സിനിമതന്നെയാണ് ലക്ഷ്യം. ഇവരോടൊപ്പം പാറുവും സജീവമായി നില്‍ക്കുന്നത് എന്നെന്നും സ്വപ്നത്തിലുള്ള സിനിമയിലെത്തുകയെന്ന ആഗ്രഹത്തിലാണ്.

അങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിച്ച് പരിശ്രമിക്കുന്ന അവര്‍ക്ക് അപൂര്‍വ്വമായ ഭാഗ്യം കൈവരുന്നു. 

ഒരു സിനിമ ഒരുക്കാനുള്ള അവസരം ഈ നാല്‍വര്‍ സംഘത്തിന് ലഭിക്കുകയാണ്. ഒരുമിച്ച് ഒരു സിനിമ. സൗഹൃദം ൂക്ഷിച്ചുകൊണ്ടുതന്നെ ഒരേ ലക്ഷ്യത്തിലേക്കുള്ള ഒരുമിച്ചുള്ള യാത്ര. അവര്‍ സന്തോഷത്താല്‍ മതിമറന്നു.

കൈയില്‍വന്ന മഹാഭാഗ്യം വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്താന്‍ അവര്‍ ഒറ്റക്കെട്ടായി തുനിഞ്ഞിറങ്ങി. പക്ഷേ, വിചാരിച്ചതുപോലെ സുഖമുള്ള പരിപാടിയല്ല സിനിമ ഒരുക്കലെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. ആദ്യമായി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്ന അവര്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ അതിജീവിക്കാന്‍ നടത്തുന്ന ശ്രമങ്ങളുമാണ് സിനിമാ കമ്പനി എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

പാപ്പി അപ്പച്ചാ എന്ന ചിത്രത്തിനുശേഷം മമാസ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന സിനിമാ കമ്പനിയില്‍ ഒന്‍പത് പുതുമുഖങ്ങളെയാണ് പരിചയപ്പെടുത്തുന്നത്. വര്‍ഗീസ് പണിക്കറായി സഞ്ജീവും പോളായി ബെയ്‌സിലും ഫസലായി ബദ്രിയും പാറുവായി ശ്രുതിയും വേഷമിടുന്നു. നിതിന്‍, സനം, സ്വാസിക, ലക്ഷ്മി നായര്‍, ഷിബില തുടങ്ങിയ മറ്റു പുതുമുഖങ്ങള്‍ക്കൊപ്പം ലാലു അലക്‌സ്, കൃഷ്ണ, ബാബുരാജ്, കൊച്ചുപ്രേമന്‍, നാരായണന്‍കുട്ടി, കലാഭവന്‍ ഷാജോണ്‍, വിജു കൊടുങ്ങല്ലൂര്‍, ടി.പി. മാധവന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

യുവതലമുറയിലെ സിനിമ, സൗഹൃദം, സ്വപ്നം എന്നീ വികാരവിചാരങ്ങളെ മുന്‍നിര്‍ത്തി മമാസ് ഒരുക്കുന്ന സിനിമാ കമ്പനിയുടെ ഛായാഗ്രഹണം ജിബു ജേക്കബ് എഴുതുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് അല്‍ഫോന്‍സ് ആണ്. വൈറ്റ് സാന്റസ് മീഡിയായുടെ ബാനറില്‍ ഫരീദ് ഖാന്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുമിതയാണ്.

സിനിമാ കമ്പനിസിനിമാ കമ്പനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക