Image

യു.എസ്‌ കപ്പലില്‍ നിന്ന്‌ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ മരിച്ചു

Published on 17 July, 2012
യു.എസ്‌ കപ്പലില്‍ നിന്ന്‌ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ മരിച്ചു
ദുബൈ: യു.എസ്‌ നാവിക കപ്പലില്‍ നിന്നുള്ള വെടിയേറ്റ്‌ ഇന്ത്യന്‍ മല്‍സ്യ തൊഴിലാളി മരിച്ചു. തമിഴ്‌നാട്‌ രാമനാഥപുരം സ്വദേശി ശേഖര്‍ (26) ആണ്‌ മരിച്ചത്‌. ദുബൈയിലെ ജുമൈറയില്‍ നിന്ന്‌ മല്‍സ്യ ബന്ധനത്തിന്‌ പോയ ചെറിയ ബോട്ടിന്‌ നേരെ യു.എസ്‌ നാവികര്‍ വെടിവെക്കുകയായിരുന്നുവെന്ന്‌ യുനൈറ്റഡ്‌ അറബ്‌ എമിറൈന്‍സ്‌ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വെടിവെപ്പില്‍ മൂന്ന്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്‌. ഇതേ നാട്ടുകാരായ മുത്തുകണ്ണനും മറ്റ്‌ രണ്ട്‌ തൊഴിലാളികള്‍ക്കുമാണ്‌ പരിക്കേറ്റതെന്ന്‌ മല്‍സ്യ തൊഴിലാളികള്‍ പറഞ്ഞു. ഇവരെ റാശിദ്‌ ഹോസ്‌പിറ്റലില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്‌ച ഉച്ചക്ക്‌ രണ്ടരയോടെയാണ്‌ സംഭവം. ജുമൈറ നാലില്‍ നിന്ന്‌ മല്‍സ്യ ബന്ധനത്തിന്‌ പോയവര്‍ക്ക്‌ നേരെ ജബല്‍ അലി തുറമുഖത്തിന്‌ പത്ത്‌ മൈല്‍ അകലെ വെച്ചാണ്‌ വെടിവെപ്പുണ്ടായത്‌. മല്‍സ്യ ബന്ധനം കഴിഞ്ഞ്‌ തിരിച്ചുവരികയായിരുന്ന ബോട്ടിന്‌ വളരെ അടുത്തത്തെിയ കപ്പലില്‍ നിന്ന്‌ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന്‌ മല്‍സ്യ തൊഴിലാളികള്‍ പറയുന്നു.

ഇന്ധനം വിതരണം ചെയ്യന്ന യു.എസ്‌.എന്‍.എസ്‌ റാപ്പഹാന്നക്ക്‌ എന്ന കപ്പല്‍ ബോട്ടിന്‌ 1,200 വാര അകലെയത്തെിയപ്പോഴാണ്‌ വെടിയുതിര്‍ത്തതെന്ന്‌ യു.എസ്‌ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കപ്പലിന്‌ തൊട്ടടുത്തത്തെിയ ബോട്ടിന്‌ വഴി മാറി പോകാന്‍ മുന്നറിയിപ്പ്‌ നല്‍കിയിട്ടും അവഗണിച്ചതിനെ തുടര്‍ന്ന്‌ .50 കാലിബര്‍ യന്ത്രത്തോക്ക്‌ ഉപയോഗിച്ച്‌ വെടിവെക്കുകയായിരുന്നുവത്രെ. ശേഖര്‍ അടക്കം ആറ്‌ തൊഴിലാളികളാണ്‌ ബോട്ടില്‍ ഉണ്ടായിരുന്നത്‌. വെടിയേറ്റ ശേഖര്‍ തല്‍ക്ഷണം മരിച്ചു. രണ്ട്‌ വര്‍ഷമായി ദുബൈയിലുള്ള ഇദ്ദേഹം അവിവാഹിതനാണ്‌. മുത്തുകണ്ണന്‍ പത്ത്‌ വര്‍ഷത്തിലേറെയായി യു.എ.ഇയിലുണ്ട്‌.
യു.എസ്‌ കപ്പലില്‍ നിന്ന്‌ വെടിയേറ്റ്‌ ഇന്ത്യക്കാരന്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക