Image

കപ്പല്‍ യാത്രക്കു മുന്‍പ് സാഹിത്യ വിരുന്ന് ഒരുക്കി ഫോമാ/ജനനി

ജോയിച്ചന്‍ പുതുക്കുളം Published on 12 July, 2012
കപ്പല്‍ യാത്രക്കു മുന്‍പ് സാഹിത്യ വിരുന്ന് ഒരുക്കി ഫോമാ/ജനനി
ന്യൂയോര്‍ക്ക്‌: അമേരിക്കയുടെ വിവിധഭാഗങ്ങളില്‍നിന്നുള്ള സാഹിത്യകാരെയും, പത്രപ്രവര്‍ത്തകരെയും
ഭാഷാസ്‌നേഹികളെയും സമന്വയിപ്പിച്ചുകൊണ്ട്‌ ഫോമായും സാംസ്‌കാരിക മാസിക ജനനിയും നയിക്കുന്ന സാഹിത്യശില്‍പശാലയുടെ ഒരുക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നതായി ഫോമ/ജനനി ഭാരവാഹികള്‍ അറിയിച്ചു.

ഇതിനകം പല നൂതനമായ ആശയങ്ങളും പ്രാവര്‍ത്തികമാക്കിയിട്ടുള്ള ഫോമാ ഒരു സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നത്‌ ആദ്യമായാണ്‌. അമേരിക്കന്‍മലയാളിസാഹിത്യകാരന്മാരുടെ സൃഷ്ടികളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള ജനനിയുമായിചേര്‍ന്ന്‌ നടത്തുന്ന ഈ ഏകദിനസെമിനാര്‍ ഭാഷാസ്‌നേഹികള്‍ക്ക്‌ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു മധുരാനുഭവമായിരിക്കും. സാഹിത്യഅക്കാഡമി അവാര്‍ഡ്‌ ജേതാവും പ്രശസ്‌തസാഹിത്യകാരിയുമായ മാനസി, ഭാഷാപണ്ഡിതനും വാഗ്‌മിയുമായ ഡോ. എം,വി പിള്ള, അംബാസഡര്‍ ടി.പി ശ്രീനിവാസന്‍ മുതലായ പ്രശസ്‌തവ്യക്തികളുടെ സാന്നിദ്ധ്യം ഈ ചടങ്ങിന്‌ മികവേറ്റും.

ജൂലൈ 21 ശനിയാഴ്‌ച ഫ്‌ളോറല്‍ പാര്‍ക്കിലെ 26 ടൈസണ്‍ അവന്യൂവില്‍ അരങ്ങേറുന്ന ഈ സമ്മേളനത്തിന്‌ രാവിലെ 9.00 മണിക്ക്‌ പ്രഭാതഭക്ഷണത്തോടെ തുടക്കമാവും. തുടര്‍ന്ന്‌ ഫോമാ ഭാരവാഹികളും, ജനനി പത്രാധിപസമിതിയും മുഖ്യാതിഥികളുമൊരുമിച്ച്‌ ഭദ്രദീപം തെളിയിച്ചുകൊണ്ട്‌ സമ്മേളനത്തിന്‌ തുടക്കംകുറിക്കും.

9. 45 ന്‌ ആരംഭിക്കുന്ന കവിയരങ്ങില്‍ പ്രശസ്‌തകവികളായ ജയന്‍ കെ.സി, ത്രേസ്യാമ്മ നാടാവള്ളില്‍, വാസുദേവ്‌ പുളിയ്‌ക്കല്‍, സന്തോഷ്‌ പാലാ, രാജു തോമസ്‌, വി.ജെ മാത്യൂസ്‌ തുടങ്ങിയവര്‍ കവിതകള്‍
അവതരിപ്പിക്കും. കവിതകളുടെ ആസ്വാദനം നിര്‍വഹിക്കുന്നത്‌ ഡോ. എന്‍.പി ഷീല, പ്രൊഫ. ജോയി കുഞ്ഞാപ്പു, ഡോ. നന്ദകുമാര്‍ ചാണയില്‍, ഡോ. എ.കെ.ബി പിള്ള മുതലായവരാണ്‌. സാഹിത്യകാരനായ മനോഹര്‍ തോമസ്‌ കവിയരങ്ങിന്റെ മോഡറേറ്റര്‍ ആയിരിക്കും.

കവിയരങ്ങിനുശേഷം ചെറുകഥകളെക്കുറിച്ചുള്ള വിഭാഗത്തില്‍ `ചെറുകഥ എന്ന മാധ്യമം' എന്ന വിഷയത്തെ ആസ്‌പദമാക്കി പ്രശസ്‌തസാഹിത്യകാരിയായ മാനസി പ്രബന്ധം അവതരിപ്പിക്കും. തുടര്‍ന്ന്‌ `കഥ വന്ന വഴി'യില്‍ ബാബു പാറയ്‌ക്കല്‍, സാംസി കൊടുമണ്‍, റീനി മമ്പലം, നീനാ പനയ്‌ക്കല്‍, രാജു മൈലപ്ര, മനോഹര്‍ തോമസ്‌ തുടങ്ങി അമേരിക്കയിലെ ചെറുകഥാകൃത്തുക്കള്‍ തങ്ങളുടെ രചനാശൈലിയെക്കുറിച്ചും സാഹിത്യാഭിരുചിയുടെ ഉറവിടത്തെക്കുറിച്ചും സംസാരിക്കും. അമേരിക്കന്‍മലയാളികളുടെ പ്രിയസാഹിത്യകാരനായ സി.എം.സി ആണ്‌ ഈ സെഷന്റെ മോഡറേറ്റര്‍. ഉച്ച കഴിഞ്ഞ്‌ നടക്കുന്ന സമ്മേളനത്തില്‍ ഡോ. എം.വി പിള്ളയാണ്‌ മുഖ്യപ്രഭാഷകന്‍.  The new breed of daughters of Kerala  എന്ന ആശയമാണ്‌ ഈ സെഷന്റെ മുഖ്യഘടകം. ചെറുകഥാകൃത്തുകളായ അഞ്ച്‌ അമേരിക്കന്‍മലയാളിവനിതകളുടെ രചനകളെക്കുറിച്ച്‌ ഡോ. എം.വി പിള്ള വിശകലനം നടത്തും. ഡോ. എന്‍. പി ഷീല, നീനാ പനയ്‌ക്കല്‍, റീനി മമ്പലം, മാലിനി, മീനു എലിസബത്ത്‌ എന്നീ വനിതാകഥാകാരികളുടെ ചെറുകഥകളാണ്‌ പഠനത്തിന്‌ വിഷയമാക്കുന്നത്‌.

Daughters of Kerala എന്ന ചെറുകഥാസമാഹാരത്തിലൂടെ പ്രശസ്‌തമായ 25 മലയാളം ചെറുകഥകള്‍ ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്‌ത ശ്രീമതി അച്ചാമ്മ ചന്ദ്രശേഖരന്‍ തന്റെ പുസ്‌തകത്തെക്കുറിച്ച്‌ സംസാരിക്കും.പുതിയ മലയാളകൃതികള്‍ വരുംതലമുറയ്‌ക്ക്‌ ആസ്വദിക്കാനാവുംവിധം ഇംഗ്ലീഷിലേക്ക്‌ വിവര്‍ത്തനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ചര്‍ച്ചയ്‌ക്ക്‌ വിധേയമാകും. എല്ലാ അമേരിക്കന്‍മലയാളമാധ്യമങ്ങളുടെയും പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മാധ്യമസെമിനാറാണ്‌ അടുത്ത പരിപാടി. സാഹിത്യകാരന്മാരും മാധ്യമപ്രതിനിധികളും സാമൂഹ്യ രാഷ്‌ട്രീയനേതാക്കന്മാരും പങ്കെടുക്കുന്ന ഒരു തുറന്ന ചര്‍ച്ചയാണ്‌ മാധ്യമസെമിനാറിലെ പ്രധാനയിനം. ജോസ്‌ കാടാപുറം (കൈരളി ടി.വി) മോഡറേറ്റര്‍ ആയ ഈ ചര്‍ച്ചയില്‍ മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ്‌ ജോസഫ്‌, ടാജ്‌ മാത്യു, ജോര്‍ജ്‌ തുമ്പയില്‍, സുനില്‍ ട്രൈസ്റ്റാര്‍, പ്രിന്‍സ്‌ മാര്‍ക്കോസ്‌, മധു കൊട്ടാരക്കര, സജി ഏബ്രഹാം തുടങ്ങി നിരവധി മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നതാണ്‌. വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനത്തില്‍ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അദ്ധ്യക്ഷം വഹിക്കും.

ഫോമാ വിമന്‍സ്‌ ഫോറത്തിന്റെ ഔപചാരികമായ ഉദ്‌ഘാടനം ഈ ചടങ്ങില്‍ വച്ച്‌ പ്രശസ്‌തസാഹിത്യകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാനസി നിര്‍വഹിക്കും. ഡോ. എം.വി പിള്ള, ലാന പ്രസിഡന്റ്‌ വാസുദേവ്‌ പുളിയ്‌ക്കല്‍, ഫോമാ സെക്രട്ടറി ബിനോയ്‌ തോമസ്‌, ഡോ. എ.കെ.ബി പിള്ള മുതലായവര്‍ ആശംസാപ്രസംഗം നടത്തുന്നതായിരിക്കും.

ഫോമ സാഹിത്യഅവാര്‍ഡ്‌ ലഭിച്ച ജോര്‍ജ്‌ നടവയല്‍, അബ്‌ദുള്‍ പുന്നയൂര്‍ക്കളം, രാജു ചിറമണ്ണില്‍, മറിയാമ്മ ജോര്‍ജ്‌, ഷീബാ ജോസ്‌ എന്നിവര്‍ക്കുള്ള കാഷ്‌ അവാര്‍ഡും പ്രശംസാപത്രവും ഈ ചടങ്ങില്‍വച്ച്‌ നല്‍കുന്നതായിരിക്കും. ജനനി ലിറ്റററി എഡിറ്റര്‍ ആയ ഡോ. സാറാ ഈശോ ആണ്‌ ഈ ശില്‍പശാലയുടെ ചെയര്‍പേഴ്‌സണ്‍. മനോഹര്‍ തോമസ്‌, റീനി മമ്പലം, ത്രേസ്യാമ്മ നാടാവള്ളില്‍, വാസുദേവ്‌ പുളിയ്‌ക്കല്‍ എന്നിവര്‍ കോര്‍ഡിനേറ്റേഴ്‌സ്‌ ആയി പ്രവര്‍ത്തിക്കുന്നു. ഫോമാ ഭാരവാഹികളായ ബേബി ഊരാളില്‍, സെക്രട്ടറി ബിനോയ്‌ തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജനനി ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌, മാനേജിംഗ്‌ എഡിറ്റര്‍ സണ്ണി പൗലോസ്‌ എന്നിവരടങ്ങുന്ന ഒരു ടീം ഈ ശില്‍പശാല അണിയിെച്ചാരുക്കുന്നു. എല്ലാ സാഹിത്യസ്വാദകരെയും, ഭാഷാസ്‌നേഹികളെയും ഈ ചടങ്ങിലേക്ക്‌ സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌: 9146936337 ബേബി ഊരാളില്‍: 6318054406 ബിനോയ്‌ തോമസ്‌: 2405936810, സണ്ണി പൗലോസ്‌: 845 598 5094, ഷാജി എഡ്വേര്‍ഡ്‌: 9174390563; ഡോ. സാറാ ഈശോ: 8453044606
കപ്പല്‍ യാത്രക്കു മുന്‍പ് സാഹിത്യ വിരുന്ന് ഒരുക്കി ഫോമാ/ജനനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക