Image

ഒബാമയുടെ പ്രസ്താവനയെ സര്‍ക്കാരും വ്യാപാര സമൂഹവും വിമര്‍ശിച്ചു

Published on 16 July, 2012
ഒബാമയുടെ പ്രസ്താവനയെ സര്‍ക്കാരും വ്യാപാര സമൂഹവും വിമര്‍ശിച്ചു
ന്യൂഡല്‍ഹി: സാമ്പത്തികരംഗത്തെ സംരക്ഷണ നടപടികളും തടസങ്ങളും ഒഴിവാക്കി ഇന്ത്യ കൂടുതല്‍ ഉദാരസമീപനം സ്വീകരിക്കണമെന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവനയ്ക്ക് കേന്ദ്രസര്‍ക്കാരിന്റേയും വ്യാപാര സമൂഹത്തിന്റേയും രൂക്ഷവിമര്‍ശനം.

നയപരമായ കാര്യങ്ങള്‍ ഇന്ത്യയുടെ പരമാധികാരത്തില്‍പ്പെടുന്നതാണെന്നും അതില്‍ മറ്റു രാജ്യങ്ങള്‍ ഇടപെടേണ്ടതില്ലെന്നും വാണിജ്യവ്യവസായ മന്ത്രി ആനന്ദ് ശര്‍മ പറഞ്ഞു. സ്വന്തം രാജ്യത്തെ സംരക്ഷണ നടപടികള്‍ക്കും വ്യാപാര തടസങ്ങള്‍ക്കുമെതിരേയാണ് ഒബാമ ഭരണകൂടം പൊരുതേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. 

സ്വന്തം കാഴ്ചപ്പാടുകള്‍ വിശദീകരിക്കാന്‍ പ്രസിഡന്റ് ഒബാമയ്ക്ക് അവകാശമുണ്ട്. എന്നാല്‍ നയപരമായ കാര്യങ്ങള്‍ പരമാധികാര തീരുമാനങ്ങളുടെ ഭാഗമാണ്. ഇന്ത്യയുടെ വിദേശനിക്ഷേപ നയം വളരെ സൗഹാര്‍ദ്ദപരമാണെന്നും ശര്‍മ പറഞ്ഞു. ചില്ലറ വ്യാപാരരംഗം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഇന്ത്യ വിദേശനിക്ഷേപത്തിനു തടയിടുകയാണെന്ന് ഒബാമ ആരോപിച്ചിരുന്നു. എന്നാല്‍ വിദേശനിക്ഷേപകര്‍ക്ക് ഇന്ത്യ ഇപ്പോഴും ആകര്‍ഷണ കേന്ദ്രമാണെന്നും രാജ്യത്തിന്റെ മിക്ക മേഖലകളും വിദേശനിക്ഷേപത്തിനായി തുറന്നിട്ടിരിക്കുകയാണെന്നും ശര്‍മ വ്യക്തമാക്കി. 

ഇന്ത്യന്‍ കമ്പനികള്‍ അമേരിക്ക ഉള്‍പ്പെടെ വിദേശരാജ്യങ്ങളില്‍ അരലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കി. കൂടുതല്‍ നിക്ഷേപത്തിനായി അമേരിക്കയാണു സ്വന്തം സമ്പദ്‌വ്യവസ്ഥ വിശാലമാക്കേണ്ടത്. ലോകവ്യാപാര സംഘടനയുടെ ദോഹ സമ്മേളനത്തിന്റെ തീരുമാനങ്ങള്‍ അതിന്റേതായ അര്‍ഥത്തില്‍ നടപ്പിലാക്കാന്‍ ശ്രദ്ധിക്കേണ്ടത് അമേരിക്കയാണ്. വീസാ ഫീസ് ഉള്‍പ്പടെ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന മിക്ക തടസങ്ങളിലും ഇന്ത്യന്‍ വ്യവസായ സമൂഹവും സര്‍ക്കാരും പ്രതിഷേധമുന്നയിച്ചിട്ടുണ്ട്. അമേരിക്കന്‍ നടപടികള്‍ ഇന്ത്യന്‍ സോഫ്ട്‌വേര്‍ കമ്പനികള്‍ക്കാണ് ഏറെ ദോഷം ചെയ്യുന്നത്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടരുമെന്നു ഇന്ത്യന്‍ പ്രധാനമന്ത്രി നേരത്തെ അറിയിച്ചിട്ടുള്ളതാണ്. തനിക്കും അതുതന്നെയാണു പറയാനുള്ളത്. എന്നാല്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ ഓരോതീരുമാനവും എടുക്കുന്നതെന്നു മന്ത്രി പറഞ്ഞു. ശരിയായ സമയത്ത് ശരിയായ തീരുമാനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നു ധനകാര്യ സെക്രട്ടറി ആര്‍. ഗോപാലന്‍ പറഞ്ഞു. ഒബാമയുടെ പ്രസ്താവനയെ ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് കോണ്‍ഫെഡറേഷന്‍ രൂക്ഷമായി വിമര്‍ശിച്ചു. 

ഒബാമയുടെ പ്രസ്താവനയെ സര്‍ക്കാരും വ്യാപാര സമൂഹവും വിമര്‍ശിച്ചു   ഒബാമയുടെ പ്രസ്താവനയെ സര്‍ക്കാരും വ്യാപാര സമൂഹവും വിമര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക