Image

ഹോളിവുഡ് നടി സെലസ്റ്റി ഹോം അന്തരിച്ചു; മോഷണംപോയ കാര്‍ 42 വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചു

Published on 15 July, 2012
ഹോളിവുഡ് നടി സെലസ്റ്റി ഹോം അന്തരിച്ചു; മോഷണംപോയ കാര്‍ 42 വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചു
ന്യൂയോര്‍ക്ക് സിറ്റി: ഹോളിവുഡ് നടിയും ഓസ്കര്‍ പുരസ്കാര ജേത്രിയുമായ സെലസ്റ്റി ഹോം അന്തരിച്ചു. 95 വയസായിരുന്നു. 2002 മുതല്‍ മറവിരോഗത്തിനു ചികിത്സയിലായിരുന്നു. ത്വക്ക് കാന്‍സറും അള്‍സറും മൂലം ആരോഗ്യനില വഷളായതേത്തുടര്‍ന്ന് ഈ മാസം ആദ്യം ഹോമിനെ ന്യൂയോര്‍ക്കിലെ റൂസ്‌വെല്‍റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിര്‍ജലീകരണത്തേത്തുടര്‍ന്ന് നില വഷളായ ഹോമിനെ വെന്റിനേറ്ററിലേയ്ക്കു മാറ്റിയിരുന്നു. വെള്ളിയാഴ്ച ഹൃദയാഘാതം അനുഭവപ്പെട്ടതോടെ ഡോക്ടമാരും പ്രതീക്ഷ കൈവെടിഞ്ഞു. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. അവസാന സമയത്ത് ഭര്‍ത്താവ് ഫ്രാങ്ക് ബേസിലും മക്കളും അടുത്തുണ്ടായിരുന്നു.

1917 ഏപ്രില്‍ 29ന് ന്യൂയോര്‍ക്ക് സിറ്റിയിലാണ് ഹോമിന്റെ ജനനം. എഴുത്തുകാരിയും കലാകാരിയുമായ അമ്മയുടെ കഴിവുകള്‍ ചെറുപ്പംമുതല്‍ ഹോമിനെ സ്വാധീനിച്ചു. ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ നിന്നു നാടകം പഠിച്ച ശേഷമാണ് ഹോം അരങ്ങിലെത്തിയത്. ഹാംലെറ്റ് എന്ന പ്രശസ്ത നാടകത്തിലൂടെയാണ് ഹോമിന്റെ അരങ്ങേറ്റം. തുടര്‍ന്ന് 1946ല്‍ ത്രീ ലിറ്റില്‍ ഗേള്‍സ് ഇന്‍ ബ്ലൂ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തി. പിന്നീടങ്ങോട്ട് ഹോമിന്റെ കാലമായിരുന്നു. നിരവധി കഥാപാത്രങ്ങള്‍ക്കു ഹോം ജീവന്‍ പകര്‍ന്നു. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ദ ടെന്‍ഡര്‍ ട്രാപ്പും ഹൈ സൊസൈറ്റിയും ഹോമിനെ ഹോളിവുഡിന്റെ പ്രിയങ്കരിയാക്കി മാറ്റി. 1947 ല്‍ പുറത്തിറങ്ങിയ ജെന്റില്‍മന്‍സ് എഗ്രിമെന്റ് എന്ന ചിത്രത്തിലെ അഭിനയം ഹോമിനു മികച്ച സഹനടിയ്ക്കുള്ള ഓസ്കര്‍ പുരസ്കാരം നേടിക്കൊടുത്തു. ഇതിനു പുറമേ നിരവധി പുരസ്കാരങ്ങളും അവര്‍ നേടിയിട്ടുണ്ട്. ഡ്രൈവിംഗ് മി ക്രേസി(2012) ആണ് അവസാനം അഭിനയിച്ച ചിത്രം.

മോഷണംപോയ കാര്‍ 42 വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചു

ലോസ്ഏയ്ഞ്ചല്‍സ്: മോഷണം പോയ സ്‌പോര്‍ട്‌സ് കാര്‍ ടെക്‌സാസ് സ്വദേശിക്ക് തിരികെ ലഭിച്ചു. ഒന്നും രണ്ടും വര്‍ഷത്തിനുശേഷമല്ല. നീണ്ട 42 വര്‍ഷങ്ങള്‍ക്കുശേഷം. ടെക്‌സാസ് സ്വദേശിയായ റോബര്‍ട്ട് റസലാണ് ആ ഭാഗ്യവാന്‍. 1967ല്‍ റസല്‍ സുഹൃത്തില്‍ നിന്ന് 3000 ഡോളര്‍ നല്‍കി വാങ്ങിയ ഔസ്റ്റിന്‍-ഹീലി മോഡല്‍ കാറാണ് 1970ല്‍ സ്‌നന്തം വീട്ടില്‍ നിന്ന് മോഷണം പോയത്. തന്റെ രണ്ടാം ഭാര്യ ജീവിതത്തിലേക്ക് കടന്നുവന്ന ദിവസമായിരുന്നു അത്. അന്നുമുതല്‍ കാറിനായി തെരച്ചില്‍ തുടങ്ങിയ റസല്‍ പ്രമുഖ ലേല വെബ്‌സൈറ്റായ ഇ-ബേയിലൂടെയും തന്റെ തെരച്ചില്‍ തുടര്‍ന്നു. കാര്‍ കൊണ്ടുപോയവര്‍ അത് പൊളിച്ചു വിറ്റിരിക്കുമെന്ന് കരുതിയിരിക്കെയാണ് ഇ ബേയില്‍ ബെവര്‍ലി ഹില്‍സിലെ കാര്‍ ഡീലര്‍മാര്‍ ഔസ്റ്റിന്‍-ഹീലി മോഡല്‍ കാര്‍ വില്‍പനയ്ക്കുവെച്ച പരസ്യ ശ്രദ്ധയില്‍പ്പെട്ടത്. നേരിട്ട് അവിടെയത്തി പരിശോധിച്ചപ്പോഴാണ് കാറിന്റെ തിരിച്ചറിയല്‍ നമ്പര്‍ തന്റേതു തന്നെയാണെന്ന് തിരിച്ചറിഞ്ഞത്.

കാറിന്റെ യഥാര്‍ഥ ചാവിയും റസലിന്റെ കൈവശമുണ്ടായിരുന്നു. ഉടന്‍ ഫിലാഡല്‍ഫിയ പോലീസിനെ ബന്ധപ്പെട്ടെങ്കിലും കാറിന്റെ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ക്രൈം റെക്കോര്‍ഡിസില്‍ തെറ്റായി രേഖപ്പെടുത്തിയതിനാല്‍ 42 വര്‍ഷം മുമ്പ് റസല്‍ നല്‍കിയ പരാതിയിലെ കാറാണെന്ന് ആദ്യം സ്ഥിരീകരിക്കാനായില്ല. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് കാര്‍ റസലിന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചത്. അങ്ങനെ കാര്‍ വീണ്ടും റസലിന് സ്വന്തമായി. ഇപ്പോള്‍ 23,000 ഡോളറാണ് കാറിന്റെ മതിപ്പുവില. കാര്‍ ഇപ്പോഴും നല്ല കണ്ടീഷനാണെന്നും ബ്രേക്കുകള്‍ക്ക് മാത്രമെ ചെറിയ തകരാറുള്ളൂവെന്നും റസല്‍ വ്യക്തമാക്കി.

ഹിലരി ക്ലിന്റണു നേരേ ഈജിപ്റ്റില്‍ ഷൂസേറ്

കെയ്‌റോ: ഈജിപ്റ്റില്‍ സന്ദര്‍ശനത്തിനെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണു നേരേ ഷൂസേറ്. ഈജിപ്റ്റ് പ്രക്ഷോഭകരില്‍പ്പെട്ടവരാണു ഷൂസും, തക്കാളിയും, കുടിവെള്ള കുപ്പിയും വാഹന വ്യൂഹത്തിനു നേരേ വലിച്ചെറിഞ്ഞത്. ഇസ്ലാമിസ്റ്റ് പ്രസിഡന്‍റ് മുഹമ്മദ് മൂര്‍സി അധികാരത്തിലേറിയ ശേഷം ഹിലരി നടത്തിയ ആദ്യ സന്ദര്‍ശനമാണിത്. തുറമുഖ നഗരമായ അലക്‌സാണ്ര്ടിയയിലാണു സംഭവം. പ്രതിഷേധക്കാര്‍ എറിഞ്ഞ തക്കാളി ഈജിപ്റ്റ് ഉദ്യോഗസ്ഥരുടെ മുഖത്തും ഷൂസും, കുടിവെള്ള കുപ്പികളും ഹിലരിയോടൊപ്പമുള്ള പ്രതിനിധി സംഘം സഞ്ചരിച്ച കാറുകളുടെ സമീപത്തും പതിച്ചു. എന്നാല്‍ ഹിലരിയുടെ വാഹനത്തില്‍ ഇവ പതിച്ചില്ലെന്നും സമീപത്താണു വീണതെന്നും മുതിര്‍ന്ന സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഭര്‍ത്താവും യുഎസ് പ്രസിഡന്‍റുമായിരുന്ന ബില്‍ ക്ലിന്‍റണ്‍ അവിഹിത ബന്ധം പുലര്‍ത്തിയിരുന്ന മോണിക്ക ലെവിസ്കിയുടെ പേരു പ്രതിഷേധക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഹിലരിയെ യാത്ര അയയ്ക്കുകയാണു ചെയ്തതെന്ന് ഈജിപ്റ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഹിലരി താമസിക്കുന്ന ഹോട്ടലിനു പുറത്തു പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. പുതിയ ഭരണകൂടവുമായി രാഷ്ട്രീയ ബന്ധം ശക്തമാക്കാനാണു ഹിലരിയുടെ സന്ദര്‍ശമെന്നു പ്രതിഷേധക്കാര്‍ ആരോപിച്ചു.

ചാര്‍ലി ഷീന്‍് ട്വിറ്ററിനോട് ഗുഡ്‌ബൈ പറഞ്ഞു

ലൊസ്ഏയ്ഞ്ചല്‍സ്: പ്രശസ്ത നടന്‍ ചാര്‍ലി ഷീന്‍(46) സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്ററിലെ തന്റെ അംഗത്വം അവസാനിപ്പിച്ചു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ നിന്നു തനിക്ക് ഒന്നും ലഭിക്കുന്നില്ലെന്നു പറഞ്ഞ് ഷീന്‍ ട്വിറ്റര്‍ വിടുമ്പോള്‍ അവിടെ അദ്ദേഹത്തിന് 80 ലക്ഷം ആരാധകരുണ്ടായിരുന്നു. 16 മാസം മുന്‍പ് ഷീന്‍ ട്വിറ്ററില്‍ അംഗത്വം എടുത്ത് 48 മണിക്കൂറിനുള്ളില്‍ അതില്‍ അദ്ദേഹത്തിന്റെ അനുയായികളുടെ എണ്ണം 10 ലക്ഷം ആയിരുന്നു. "ടു ആന്‍ഡ് എ ഹാഫ് മെന്‍ എന്ന ടെലിവിഷന്‍ പരിപാടിയാണ് ഷീനിനെ ശ്രദ്ധേയനാക്കിയത്. ഹാസ്യതാരമെന്ന നിലയില്‍ അമേരിക്കയില്‍ ഏറ്റവും ശ്രദ്ധേയനായ ഷീന്‍, ലഹരിമരുന്ന് ഉപയോഗത്തിന്റെയും മദ്യപാനത്തിന്റെയും പേരില്‍ നേരത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

പട്ടിണി കിടന്നാല്‍ വണ്ണം കുറയില്ലെന്ന് പഠനം

വാഷിംഗ്ടണ്‍: ഭക്ഷണം ഉപേക്ഷിക്കുന്നതു വണ്ണം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് പഠനം. അക്കാദമി ഓഫ് ന്യൂട്രീഷന്‍ ആന്‍ഡ് ഡയറ്റെറ്റിക്‌സിന്റെ ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് അനുസരിച്ചു ഭക്ഷണം ഇടയ്ക്ക് ഒഴിവാക്കാതിരിക്കുക, പുറത്തുപോയി ഭക്ഷണം കഴിക്കാതിരിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്റെ കണക്കെഴുതി വയ്ക്കുക എന്നീ കാര്യങ്ങള്‍ ചെയ്താല്‍ അമിതവണ്ണം പമ്പകടക്കുമത്രേ.

ഇടയ്ക്കിടയ്ക്കു പട്ടിണി കിടക്കുന്നവരേക്കാള്‍ തൂക്കം കുറഞ്ഞത് ഭക്ഷണം മുടക്കാതിരുന്നവര്‍ക്കു തന്നെ. അതുപോലെ തന്നെ പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരേക്കാള്‍ തൂക്കം കുറഞ്ഞത് പുറത്തുപോകാത്തവര്‍ക്കാണ്. തൂക്കം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് കഴിക്കുന്ന ഭക്ഷണം സംബന്ധിച്ച് ഡയറിയെഴുത്ത് തുടങ്ങുകയാണ്. അന്നന്ന് ആവശ്യമായ കാലറി എത്രയെന്ന് അങ്ങനെ അറിയാം; ഭക്ഷ്യവസ്തുക്കള്‍ അതനുസരിച്ച് മാറ്റുകയും ചെയ്യാം.

ഒബാമയുടെ പ്രസ്താവനക്കെതിരെ ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വം

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശനിക്ഷേപ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവനക്കെതിരെ രാജ്യത്തെ ഭരണ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. വിവിധ മേഖലകളില്‍ വിദേശ നിക്ഷേപം നടപ്പാക്കുന്നതില്‍ കാലതാമസം വരുത്തുന്ന ഇന്ത്യന്‍ നിലപാടിനെ അമേരിക്ക ആശങ്കയോടെ കാണുന്നുവെന്നായിരുന്നു ഒബാമയുടെ പ്രസ്താവാന.

ഒബാമയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്നും അത് മുഖവിലക്കെടുക്കാനാവില്ലെന്നും കേന്ദ്ര കമ്പനികാര്യവകുപ്പ് മന്ത്രി വീരപ്പ മൊയ്‌ലി പറഞ്ഞു. ചില അന്താരാഷ്ട്ര ലോബികള്‍ ഒബാമയെ തെറ്റിദ്ധരിപ്പിച്ചതാകാമെന്നു മൊയ്‌ലി പറഞ്ഞു. ഇത്തരം പ്രസ്താവനകള്‍ ഒബാമ നടത്താന്‍ പാടില്ലെന്ന് ബിജെപി നേതൃത്വവും വ്യക്തമാക്കി. ഒബാമ ആഗ്രഹിക്കുന്നതുകൊണ്ടു മാത്രം വിദേശ നിക്ഷേപം അനുവദിക്കാനാവില്ലെന്നും ഒബാമ ഇപ്പോള്‍ നടത്തുന്നത് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണ വേലകളാണെന്നും ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ ആരോപിച്ചു. ഒബാമയുടേത് സമ്മര്‍ദ്ദ തന്ത്രമാണെന്ന് സിപിഎം പ്രതികരിച്ചു. ഒബാമയുടെ നിലപാടിനെ യുപിഎയിലെ മറ്റുഘടക കക്ഷികളും രൂക്ഷമായാണ് വിമര്‍ശിച്ചത്. വാര്‍ത്താ ഏജന്‍സിയായ പി ടി ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഒബാമ ഇന്ത്യയുടെ വിദേശ നിക്ഷേപ നിലപാടുകളെ വിമര്‍ശിച്ചത്. ഇന്ത്യയിലേക്കുള്ള നിക്ഷേപ സാധ്യതകള്‍ കുറക്കുന്നതാണ് ചില്ലറ വ്യാപാര മേഖലയില്‍ നടക്കുന്ന നിക്ഷേപ നിയന്ത്രണമെന്നും ഒബാമ പറഞ്ഞിരുന്നു.
ഹോളിവുഡ് നടി സെലസ്റ്റി ഹോം അന്തരിച്ചു; മോഷണംപോയ കാര്‍ 42 വര്‍ഷത്തിനുശേഷം തിരികെ ലഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക