Image

അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2012
അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
ഷിക്കാഗോ: മനുഷ്യന്റെ ജന്മാവകാശമായ സ്വാതന്ത്ര്യത്തിന്‌ ഏറെ പേരുകേട്ട അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടകരമായ അവസ്ഥയില്‍ എത്തിപ്പെട്ടിരിക്കുകയാണെന്ന്‌ ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ പ്രസ്‌താവിച്ചു. സഭ അവളുടെ വ്യത്യസ്‌തങ്ങളായ ശുശ്രൂഷാ മേഖലകളില്‍ രാഷ്‌ട്രീയ ഭരണ സംവിധാനങ്ങളില്‍ നിന്ന്‌ ശക്തമായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നു. ദൈവീകസംവിധാനങ്ങളായ വിവാഹവും കുടുംബവും അപകടകരമായ ഭീഷണികളെ നേരിടുന്നു. അച്ചനും അമ്മയും മക്കളും ഒരുമിച്ച്‌ വസിക്കുന്ന സുന്ദരമായ ആലയമാണ്‌ കുടുംബമെന്ന ആശയത്തെ നശിപ്പിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നു. തന്റെ അധികാര പരിധിയിലുള്ള ദേവാലയങ്ങളില്‍ ജൂലൈ 15-ന്‌ ഞായറാഴ്‌ച വിശുദ്ധ കുര്‍ബാന മധ്യേ വായിക്കുവാനായി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ രേഖപ്പെടുത്തി.

കത്തോലിക്കാ സഭാ സ്ഥാപനങ്ങളെ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും വന്ധ്യംകരണം, ഗര്‍ഭനിരോധന സമാഗ്രികള്‍, ഗര്‍ഭഛിദ്ര മരുന്നുകള്‍ തുടങ്ങിയവയ്‌ക്കുള്ള ഇന്‍ഷ്വറന്‍സ്‌ കവറേജ്‌ കൊടുക്കാന്‍ ബാധ്യസ്ഥരാക്കുന്ന കോണ്‍ട്രാസെപ്‌ക്ഷന്‍ നിയമത്തിലൂടെ തങ്ങളുടെ വിശ്വാസവും മന:സാക്ഷിയും അനുവദിക്കാത്ത കാര്യങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന്‌ അഭിവന്ദ്യ പിതാവ്‌ ചൂണ്ടിക്കാട്ടുന്നു. മതസ്വാതന്ത്ര്യത്തിനും, മനുഷ്യമന:സാക്ഷിയ്‌ക്കുമെതിരേയുള്ള വെല്ലുവിളികളേയും കടന്നാക്രമണങ്ങളേയും പ്രതിരോധിക്കാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥനയിലൂടെയും പ്രവര്‍ത്തിയിലൂടെയും പ്രതിജ്ഞാബദ്ധരാകണമെന്ന്‌ അദ്ദേഹം ഉത്‌ബോധിപ്പിക്കുന്നു. ദൈവഹിതത്തിന്‌ ഇടംകൊടുക്കുന്ന മന:സാക്ഷിയുടെ സ്വരം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന വിശ്വാസ-ധാര്‍മ്മിക മൂല്യങ്ങളില്‍ അടിയുറച്ച ജീവിതം നയിച്ചുകൊണ്ടും പ്രാര്‍ത്ഥനയിലൂടെയും പഠനത്തിലൂടെയും പ്രവര്‍ത്തനത്തിലൂടെയും മതസ്വാതന്ത്ര്യത്തിനെതിരേയുള്ള ഭീഷണികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒരുമിക്കണമെന്ന്‌ പിതാവ്‌ വിശ്വാസികളെ ആഹ്വാനം ചെയ്‌തു.
അമേരിക്കയില്‍ മതസ്വാതന്ത്ര്യം അപകടത്തില്‍: മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക