Image

സതീഷ്‌ ബാബുവിനും മറിയാമ്മ പിള്ളയ്‌ക്കും ചിക്കാഗോയില്‍ സ്വീകരണം നല്‍കി

ജോയിച്ചന്‍ പുതുക്കുളം Published on 15 July, 2012
സതീഷ്‌ ബാബുവിനും മറിയാമ്മ പിള്ളയ്‌ക്കും ചിക്കാഗോയില്‍ സ്വീകരണം നല്‍കി
ചിക്കാഗോ: ആധുനിക മലയാള സാഹിത്യപ്രതിഭകളില്‍ ഒരാളായ സതീഷ്‌ബാബു പയ്യന്നൂരിനും, ഫൊക്കാന പ്രസിഡന്റ്‌ മറിയാമ്മ പിള്ളയ്‌ക്കും ഇന്ത്യാ പ്രസ്‌ ക്ലബ്‌ ചിക്കാഗോ ചാപ്‌റ്റര്‍ സ്വീകരണം നല്‍കി. ഫൊക്കാന കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനുവേണ്ടിയാണ്‌ സതീഷ്‌ബാബു അമേരിക്കയിലെത്തിയത്‌. ഷൈനി പട്ടരുമഠം പ്രാര്‍ത്ഥനാഗാനം ആലപിച്ചു. പ്രസിഡന്റ്‌ ജോസ്‌ കണിയാലി സ്വാഗതം പറഞ്ഞു. ചെറുകഥാകൃത്ത്‌, നോവലിസ്റ്റ്‌, മാധ്യമപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ സതീഷ്‌ ബാബു പയ്യന്നൂര്‍ തന്റേതായ ഒരു രചനാശൈലിയും ഭാവുകത്വവും മലയാള സാഹിത്യത്തിന്‌ നല്‍കിയിട്ടുണ്ടെന്ന്‌ ജോസ്‌ കണിയാലി അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക സമന്വയ സ്ഥാപനമായ `ഭരത്‌ ഭവന്റെ' മെമ്പര്‍ സെക്രട്ടറിയെന്ന നിലയില്‍ അമേരിക്കന്‍ മലയാളികള്‍ക്ക്‌ ഉപകാരപ്രദമായ ഒരുപാട്‌ കാര്യങ്ങള്‍ സതീഷ്‌ബാബുവിന്‌ ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഫൊക്കാനയുടെ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്റായ മറിയാമ്മപിള്ളയ്‌ക്ക്‌ ചിക്കാഗോയില്‍ ആദ്യമായി ഇതുപോലെയൊരു സ്വീകരണം നല്‍കാന്‍ കഴിഞ്ഞതില്‍ ഇന്ത്യാ പ്രസ്‌ ക്ലബിന്‌ വളരെയധികം സന്തോഷമുണ്ടെന്ന്‌ പ്രസിഡന്റ്‌ ജോസ്‌ കണിയാലി ചൂണ്ടിക്കാട്ടി. 2002 ല്‍ ചിക്കാഗോയില്‍ നടത്തപ്പെട്ട ഫൊക്കാന കണ്‍വന്‍ഷനുശേഷം വീണ്ടും 2014 ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ചിക്കാഗോയിലെത്തുമ്പോള്‍ അത്‌ ഒരു ചരിത്രസംഭവമായി മാറുമെന്ന്‌ ഫൊക്കാനയുടെ സ്ഥാപകപ്രസിഡന്റ്‌ ഡോ. അനിരുദ്ധന്‍ പ്രസ്‌താവിച്ചു.

സതീഷ്‌ബാബുവിനും, മറിയാമ്മ പിള്ളയ്‌ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട്‌ സംസാരിച്ച കേരളാ എക്‌സ്‌പ്രസ്‌ ചീഫ്‌ എഡിറ്റര്‍ കെ.എം. ഈപ്പന്‍ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക്‌ കേരളാ എക്‌സ്‌പ്രസിന്റെ എല്ലാവിധ പിന്തുണയും വാഗ്‌ദാനം ചെയ്‌തു. ഫൊക്കാനയുടെ ചിക്കാഗോ റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠം, നാഷണല്‍ കമ്മറ്റിയംഗം ജോയി ചെമ്മാച്ചേല്‍ എന്നിവരേയും യോഗം അനുമോദിച്ചു. കേരളാ യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ വൈസ്‌ ചെയര്‍മാന്‍ ജീനോ കോതാലടി, ചിക്കാഗോ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ്‌ ജെയിംസ്‌ കട്ടപ്പുറം, ജോയി ചെമ്മാച്ചേല്‍, ലെജി പട്ടരുമഠം, സണ്ണി ഇണ്ടിക്കുഴി എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യാപ്രസ്‌ ക്ലബ്‌ ചിക്കാഗോ വൈസ്‌ പ്രസിഡന്റ്‌ ജോയിച്ചന്‍ പുതുക്കുളം, അവതാരകനായിരുന്നു. ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ അഡൈ്വസറി ബോര്‍ഡ്‌ സെക്രട്ടറി ശിവന്‍ മുഹമ്മ നന്ദി പറഞ്ഞു.

ഫൊക്കാന പ്രസിഡന്റായതിനുശേഷം ചിക്കാഗോയില്‍ ലഭിക്കുന്ന ആദ്യത്തെ സ്വീകരണത്തിന്‌ വളരെയധികം മാധുര്യമുണ്ടെന്ന്‌ മറിയാമ്മ പിള്ള മറുപടി പ്രസംഗത്തില്‍ അനുസ്‌മരിച്ചു. മലയാള ഭാഷയെയും, സംസ്‌കാരത്തെയും വടക്കേ അമേരിക്കയില്‍ നിലനിര്‍ത്തുവാനും പ്രോത്സാഹിപ്പിക്കുവാനും ഇവിടുത്തെ മാധ്യമങ്ങള്‍ ചെയ്യുന്ന പങ്ക്‌ നിസ്‌തുലമാണെന്ന്‌ മറിയാമ്മ പിള്ള ചൂണ്ടിക്കാട്ടി.

മലയാള ഭാഷയും സംസ്‌ക്കാരത്തിനും അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന പ്രാധാന്യത്തെക്കുറിച്ച്‌ സൂചിപ്പിച്ചുകൊണ്ടാണ്‌ സതീഷ്‌ ബാബു പയ്യന്നൂര്‍ മറുപടി പ്രസംഗം ആരംഭിച്ചത്‌. `ഭാഷക്കൊരു ഡോളര്‍' പോലെയൊരു പ്രസ്ഥാനം കേരളീയ സമൂഹത്തില്‍ ചലനം സൃഷ്‌ടിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. താന്‍ മെമ്പര്‍ സെക്രട്ടറിയായ സര്‍ക്കാര്‍ സാംസ്‌കാരിക സ്ഥാപനമായ`ഭാരത്‌ ഭവന്റെ' പ്രവര്‍ത്തനങ്ങള്‍ വഴി കേരളീയ പാരമ്പര്യ കലാരൂപങ്ങളും സംസ്‌ക്കാരവും അമേരിക്കന്‍ മലയാളികളിലെത്തിക്കാന്‍ ശ്രമിക്കുമെന്ന്‌ പറഞ്ഞ സതീഷ്‌ബാബു കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന്റെ എല്ലാവിധ സഹകരങ്ങളും ഇക്കാര്യത്തില്‍ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു.
സതീഷ്‌ ബാബുവിനും മറിയാമ്മ പിള്ളയ്‌ക്കും ചിക്കാഗോയില്‍ സ്വീകരണം നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക