Image

കര്‍ക്കടകം `രാമായണ മാസം' (സുധീര്‍ പണിക്കവീട്ടില്‍)

Published on 15 July, 2012
കര്‍ക്കടകം `രാമായണ മാസം' (സുധീര്‍ പണിക്കവീട്ടില്‍)
(July 16 - Aug.16)

ശ്രീരാമ, രാമ,രാമ ! ശ്രീരാമചന്ദ്ര ജയ
ശ്രീരാമ, രാമ,രാമ ശ്രീരാമഭദ്ര ജയ
ശ്രീരാമ നാമം പാടി വന്ന പൈങ്കിളി പെണ്ണേ
ശ്രീരാമ ചരിതം നീ ചൊല്ലിടു മടിയാതെ
(അദ്ധ്യാത്മ രാമായണം -എഴുത്തഛന്‍)

മഴ ആടിതിമര്‍ക്കുന്ന കര്‍ക്കടകം പിറക്കുന്നതോടെ കേരളം ഭക്‌തിസാന്ദ്രമാകുന്നു. ഉത്തരായണം കഴിഞ്ഞെത്തുന്ന കര്‍ക്കടകത്തിലെ തീരാത്ത മഴയുടെ താളങ്ങള്‍ക്കൊപ്പം ഭക്‌ത ജനങ്ങള്‍ രാമയാണ-പാരായണം ആരംഭിക്കുകയായി. അതുകൊണ്ട്‌ കര്‍ക്കടക മാസത്തെ രാമായണ മാസമെന്നു വിളിക്കുന്നു. മിഥുന മാസത്തിന്റെ ഒടുവില്‍ `പൊട്ടി' എന്ന ജ്യേഷ്‌ഠ ഭഗവതിയെ പുറത്താക്കി ഐശ്വര്യദേവതയായ ശ്രീ ഭഗവതിയെല്‌പഎതിരേല്‍ക്കുന്ന ജനങ്ങള്‍ ശ്രീരാമ ചന്ദ്രന്റെ അപദാനങ്ങള്‍ പാടാന്‍ തയ്യാറാകുന്നതോടെ പുണ്യ ദിനങ്ങള്‍ക്ക്‌ തുടക്കമായി..

പുരാതനകാലം മുതല്‍ പ്രക്രുതിയുടെ സ്‌പന്ദനങ്ങള്‍ തൊട്ടറിഞ്ഞ മനുഷ്യന്‍ ഋതുഭേദങ്ങള്‍ക്കൊപ്പം അനുഷ്‌ഠിക്കുന്ന കര്‍മ്മങ്ങളും വ്യത്യസ്‌ഥങ്ങള്‍ തന്നെ. സൂര്യദേവനെ മഴമേഘങ്ങള്‍ മറച്ച്‌ പിടിച്ച്‌ പകലും രാത്രിയും ഒരു പോലെ അന്ധകാരം പരത്തുമ്പോള്‍ മനുഷ്യരെ ആക്രമിക്കാന്‍ രോഗങ്ങള്‍ തയ്യാറാകുന്നു എന്നവര്‍ വിശ്വസിച്ചു. അതുകൊണ്ട്‌ തന്നെ കര്‍ക്കിടക മാസത്തില്‍ മലയാളികള്‍ക്ക്‌ വൈവിദ്ധ്യമാര്‍ന്ന അനുഷ്‌ഠാനങ്ങള്‍ ഉണ്ട്‌. കര്‍ക്കടക മാസത്തിലെ കറുത്ത വാവ്‌ ദിവസം പിത്രുക്കള്‍ക്ക്‌ ബലിയിടുന്നത്‌ പുണ്യമായി കരുതുന്നു. അന്നേ ദിവസം വീട്ടമ്മമാര്‍ മധുരപലഹാരങ്ങള്‍ തയ്യാറാക്കി മരിച്ചുപോയ പിതൃക്കള്‍ക്കായി ഒരു മുറിയില്‍ കത്തിച്ച്‌്‌ വച്ച വിളക്കിനരികെ, വ്രുത്തിയാക്കിയ ഇരിപ്പിടങ്ങള്‍ക്ക്‌ മുമ്പില്‍ വക്ല്‌ ഭക്‌തിപൂര്‍വ്വം തൊഴുത്‌ വാതില്‍ ചാരി പോരുന്നു. മരിച്ചവരുടെ ആത്മാക്കള്‍ വന്ന്‌ ആ സല്‍ക്കാരം സ്വീകരിക്കുമെന്ന്‌ വിശ്വസച്ചുവരുന്നു.

എല്ലാ പ്രശ്‌നങ്ങള്‍ക്കും ഈശ്വരനില്‍ പരിഹാരം കാണുന്ന മനുഷ്യര്‍ അവനെ പ്രസാദിപ്പിക്കുന്നതില്‍ വ്യാപ്രുതനാകുന്നു. ഉമ്മറകോലായിലെ നിലവിളക്കിനു ചുറ്റുമിരുന്ന്‌ രാമായണം വായിച്ച്‌ ഗ്രാമസന്ധ്യകള്‍ക്ക്‌ പുണ്യ നിമിഷങ്ങളുടെ വിശുദ്ധി പകര്‍ന്നു കൊണ്ടു ഭക്‌ത ജനങ്ങള്‍ ആലാപനത്തിന്റെ നിറവില്‍ അലിഞ്ഞ്‌ചേരുന്നു. ഉഷസന്ധ്യ, മദ്ധ്യാഹ്ന സന്ധ്യ, സായം സന്ധ്യ എന്നീ മൂന്നു സന്ധ്യകള്‍ ഒഴികെ രാമായണം എപ്പോഴും വായിക്കാവുന്നതാണ്‌. മത്സ്യമാംസാദികള്‍ ഉപേക്ഷിച്ച്‌ വ്രുതശുദ്ധിയോടെ പ്രജാവത്സലനും, ആപല്‍ബാന്ധവനുമായ ശ്രീരാമനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട്‌, രാമായണ പാരായണം നടത്തുന്നു. പഞ്ഞം നിറഞ്ഞ കള്ള കര്‍ക്കിട്‌കത്തിലെ പഷ്‌ണിയും, കഷ്‌ടപ്പാടും മാറ്റി സുഖവും സമ്രുദ്ധിയും തരണമെന്ന പ്രാര്‍ഥന ഭക്‌തജനങ്ങളുടെ ഹ്രുദയങ്ങളില്‍ നിറയുന്നു.

രാമായണ മാസത്തിലെ നാലമ്പല ദര്‍ശനവും, ഹിന്ദുക്കള്‍ ഭക്‌തിപൂര്‍വ്വം നിര്‍വ്വഹിക്കുന്ന ചടങ്ങാണു്‌. ശ്രീരാമന്റേയും, ലക്ഷ്‌മണന്റേയും , ഭരതന്റേയും, ശത്രുഘ്‌നന്റേയും അമ്പലങ്ങള്‍ ഒരു ദിവസം സന്ദര്‍ശിക്കുന്നതിനെ നാലമ്പല ദര്‍ശനം എന്നു പറയുന്നു. ദശരഥ മഹാരാജവിന്റെ ഈ നാലു മക്കളും പിറന്നത്‌ കര്‍ക്കടക മാസത്തിലെ പുണര്‍തം, പൂയ്യം, ആയില്യം എന്നീ നക്ഷ്‌്ര്രതങ്ങളിലാണ്‌. ലക്ഷ്‌മണനും, ശത്രുഘ്‌നനും ഇരട്ടകള്‍ ആയത്‌കൊണ്ട്‌ അവര്‍ക്ക്‌ ഒരു നക്ഷത്രം. തൃശ്ശൂരില്‍ ഇവരുടെ പ്രതിഷ്‌ഠകള്‍ യഥാക്രമം തൃപ്രയാര്‍, ഇരിഞ്ഞാലകുട, മൂഴിക്കുളം, പായമ്മല്‍ എന്നിവിടങ്ങളിലാണ്‌. ഒരു ദിവസംകൊണ്ട്‌ നാലു സ്‌ഥലത്തും എത്തിചേരുക പണ്ടു കാലത്ത്‌ ക്ലേശകരമായിരുന്നെങ്കിലും വിശ്വാസികള്‍ ഈ ദര്‍ശനം പുണ്യമായി കരുതി അവിടങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

യശ്ശഃശരീരനായ ശ്രീ സി.വി.കുഞ്ഞുരാമന്‍ വാത്മീകിയുടെ രാമായണം ലളിതമായ മലയാള ഗദ്യത്തില്‍ പുനരാഖ്യാനം ചെയ്‌തീട്ടുണ്ട്‌. അതിന്റെ മുഖവുരയില്‍ അദ്ദേഹം ഇങ്ങനെ എഴുതുന്നു. ഭാരതത്തിലെ ഇതിഹാസങ്ങളെ അറിയുക എന്നത്‌ ഭാരതത്തിലെ ജനങ്ങളെ അറിയുക എന്നാണ്‌. രാമായണവും ഭാരതവും ഭാരതത്തിലെ രണ്ടു ഇതിഹാസ ഗ്രന്ഥങ്ങളാണു. വാസ്‌തവത്തില്‍ ഇവ മതഗ്രന്ഥങ്ങളല്ലത്രെ. ഇതില്‍ രണ്ടിലും ഹിന്ദു എന്ന വാക്കില്ലെന്നുള്ളതാണു പരമാര്‍ഥം.

ഇതിഹാസങ്ങളെക്കുറച്ച്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു.

`ധര്‍മ്മാര്‍ത്‌ഥ കാമമോക്ഷണാ
മുപദേശസമന്വീതം
പൂര്‍വ്വവ്രുത്തം കഥായുക്‌ത
മിതിഹാസം പ്രചക്ഷതേ...

നടന്ന കഥയെ വര്‍ണ്ണിച്ചും അതിലെ കഥാപാത്രങ്ങളിലൂടെ ധര്‍മ്മ, അര്‍ഥം, കാമ, മോക്ഷം എന്നിവയെപ്പറ്റി അറിവ്‌ പകര്‍ന്ന്‌ തലമുറകളെ നല്ല പ്രവര്‍ത്തി ചെയ്യുന്നവരാക്കുകയാണത്രെ ഇതിഹാസങ്ങളുടെ ഉദ്ദേശ്യം.

രഘുവംശത്തിലെ രാജാവായിരുന്ന ദശരഥന്റെ മകനാണ്‌ ശ്രീരാമന്‍. വാത്മീകിയുടെ രാമായണത്തില്‍ രാമന്‍ ഇതിഹാസ പുരുഷനാണു. എന്നാല്‍ ശ്രീരാമനെ മഹാവിഷ്‌ണുവിന്റെ ഏഴാമത്തെ അവതാരമായി ഭാരതത്തിലെ ജനങ്ങള്‍ കാണുകയും വിശ്വസിക്കുകയും ചെയ്യുന്നു. എഴുത്തഛന്റെ അദ്ധ്യാത്മരാമായണവും, രാമനെ ദേവനാക്കികൊണ്ടും വിഷ്‌ണുവിന്റെ അവതാരമായി കണ്ടുകൊണ്ടുമാണു രചിച്ചിട്ടുള്ളത്‌.

തപോധനനായ വാത്മീകി തമസ്സാ നദിയുടെ തീരത്ത്‌ വച്ച്‌ ക്രൗഞ്ച മിഥുനങ്ങളില്‍ ഒന്ന്‌ ഒരു വേടന്റെ അമ്പേറ്റ്‌്‌ പിടഞ്ഞ്‌ വീണു മരിക്കുന്നത്‌ കണ്ടപ്പോള്‍ അദ്ദേഹത്തിനു ശോകമുണ്ടായി. ആ ശോകം മൂലം അദ്ദേഹം വേടനെ ശപിക്കുന്നു. അതിനു ശേഷം സമനില വീണ്ടെടുത്ത തപസ്വി താന്‍ വേടനെ ശപിച്ചപ്പോള്‍ പുറത്ത്‌ വന്നു വാക്കുകളില്‍ ഒരു താളമുണ്ടായിരുന്നുവെന്ന്‌ അറിയുന്നു. ശോകത്തില്‍ നിന്നും ശ്ശോകമുണ്ടായി.നാരദനില്‍ നിന്നും ഗ്രഹിച്ച വിവരങ്ങള്‍വച്ച്‌ അദ്ദേഹം രാമന്റെ കഥ രചിക്കുന്നു.

അസുര രാജാവായ രാവണനേയും ശൂര്‍പ്പണഖയേയും അവതരിപ്പിച്ചുകൊണ്ട്‌ വാത്മീകി മനുഷ്യ മനസ്സുകളൊട്‌ മന്ത്രിച്ചു `അനിയന്ത്രിതമായ കാമവികാരം നാശത്തിന്റെ വിത്തുകള്‍ വിതക്കും.'കാമരൂപിണിയായി ശൂര്‍പ്പണഖ ശ്രീരാമനെ സമീപിച്ചില്ലായിരുന്നെങ്കില്‍ ലക്ഷ്‌മണനാല്‍ ശിക്ഷിക്കപ്പെട്ട്‌ അപമാനിതയായി അവള്‍ പോയി സീതയുടെ കൊതിപ്പിക്കുന്ന സൗന്ദര്യത്തെപ്പറ്റി കാമാര്‍ത്തനായ രാവണനോട്‌ പറഞ്ഞില്ലായിരുന്നെങ്കില്‍ രാമായണ കഥ ഒരു പക്ഷെ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ മനസ്സില്‍ തിങ്ങികൂടുന്ന അധമവിചാരങ്ങളെ മാറ്റി മതേതര ഭാവത്തോടെ മറ്റുള്ളവരെ കാണുവാനും സ്‌നേഹിക്കാനും രാമായണ പാരായണം സഹായിക്കുന്നു. കാലങ്ങളെ അതിജീവിച്ചു നില്‍ക്കുന്ന തത്വങ്ങളും മാര്‍ഗ്ഗദര്‍ശനവും, ശരിയായ ജീവിത രീതിയും തന്മൂലം ഐശ്വര്യങ്ങളും രാമായണം ഭക്‌തിയോടെ (അതായ്‌ത്‌ നിര്‍മ്മല ചിത്തത്തോടെ) വായിക്കുന്ന ഏതൊരാള്‍ക്കും ലഭിക്കാവുന്നതാണ്‌.

ഇന്ന്‌ ഭാരതത്തില്‍ സ്ര്‌തീധനത്തിനുവേണ്ടിയും, കുലമഹിമയുടെ പേരിലും വിവാഹകമ്പോളത്തില്‍ പെണ്‍കുട്ടികളുടെ കണ്ണീരു വീഴുമ്പോള്‍, അല്ലെങ്കില്‍ അവരുടെ ദേഹം കത്തി ചാമ്പലാക്കുമ്പോള്‍ തമസ്സാ നദിയുടെ തീരത്ത്‌ നിന്നും വാത്മീകി കോപം കൊണ്ട്‌ ജ്വലിച്ചും കമണ്‌ഡുവിലെ വെള്ളം തളിച്ചും ശപിക്കാന്‍ ഒരുങ്ങുമായിരിക്കും. കാരണം ഉഴവ്‌ചാലില്‍ ആരോ വലിച്ചെറിഞ്ഞ ഒരു പെണ്‍കുട്ടിയെയാണു അയോദ്ധ്യപതിയായ ദശരഥന്റെ മകന്‍ ശ്രീരാമന്‍ പത്‌നിയായി സ്വീകരിച്ചത്‌. രാമായണം രാമന്റെ കഥയെന്നതിനേക്കാള്‍ സീതയുടെ കഥയാണ്‌. കേരളത്തിലെ കുടുംബിനികള്‍ കീര്‍ത്തനമായി ചൊല്ലിയിരുന്ന (ചൊല്ലിയിരുന്ന എന്നുപയോഗിക്കുകയാണ്‌, ഇന്നു ആരും അങ്ങനെ ചെയ്യുന്നുണ്ടാകില്ലായിരക്കാം) പഞ്ചകന്യാ സ്‌മരണയില്‍ സീതയുണ്ട്‌.

അഹല്യ, ദ്രൗപതീ, സീതാ
താരാ, മണ്ഡോദരി തഥ
പഞ്ച കന്യാസ്‌മരേ നിത്യം
മഹാപാതകനാശനം

കലിയുഗത്തിലെ പെണ്‍കുട്ടികള്‍ക്ക്‌ ചുറ്റും രാവണന്മാരണ്‌്‌. ലങ്ക അടുത്തായത്‌കൊണ്ടായിരിക്കണം കേരളത്തില്‍ രാവണന്മാരുടെ അഴിഞ്ഞാട്ടം കൂടുതലാണ്‌. അവിടെ സീതമാര്‍ അപഹരിക്കപ്പെടുന്നു. അഭിനവരാവണന്‍ സീതമാരെ തട്ടിയെടുക്കുന്നത്‌ സ്വന്തം ഭോഗാസക്‌തി തീര്‍ക്കാന്‍ മാത്രമല്ല. അവളിപ്പോള്‍ വിപണിയിലെ വില്‍പ്പന ചരക്കാണ്‌.

കേരളത്തിലെ ജനങ്ങള്‍ അവശ്യം വായിക്കേണ്ടതാണ്‌്‌ രാമായണം. വായിക്കുന്നതുകൊണ്ട്‌ എന്തെങ്കിലും ദൈവിക ശക്‌തി സ്വായത്തമാകുമോ എന്നു ആഗ്രഹിക്കുന്നതിനേക്കാള്‍ മനുഷ്യനായി ജീവിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത്‌ മനസ്സിലാക്കുക എന്നതാണു പ്രധാനം. രാമായണം എഴുതിക്കഴിഞ്ഞ്‌ അതു പാടി പ്രചരിപ്പിക്കാന്‍ ആരുമില്ലല്ലോ എന്നോര്‍ത്ത്‌ വാത്മീകി വിഷമിച്ചിരുന്നപ്പോള്‍ ലവ-കുശന്മാര്‍ ആ ദൗത്യം നിര്‍വ്വഹിക്കാമെന്നേറ്റു. ലോകത്തിന്റെ എല്ലായിടത്തും പോയി പ്രചരിപ്പിക്കാന്‍ വാത്മീകി പറഞ്ഞതായി കാണുന്നില്ല. ഏതായാലുംല്‌പഭാരതത്തിന്റെ മണ്ണില്‍ അതു പടര്‍ന്നു പന്തലിച്ചു. തലമുറകളില്‍ നിന്നു തലമുറകളിലേക്ക്‌ ഏല്‍പ്പിക്കപ്പെടുന്ന വിശ്വാസവും അറിവും പൂര്‍വ്വാധികം തന്മൂലം ദൃഢമായിരികൊണ്ടിരിക്കുന്നു.

ഒരു വഴിപാടു പോലെ രാമായണം വായിച്ച്‌ തീര്‍ക്കുന്നതില്‍ ഒരര്‍ഥവുമില്ല. ആഷാഢമേഘങ്ങള്‍ പെയ്‌തൊഴുകിപ്പോകും. ഋതുക്കള്‍ മാറിപോകും. അതു പ്രക്രുതിയുടെ മുറതെറ്റാത്ത ആവര്‍ത്തനങ്ങള്‍.ല്‌പമനുഷ്യനും ജീവിതത്തോട്‌ മുറയും, നെറിയും പുലര്‍ത്തേണ്ടതുണ്ട്‌. അതിന്റെ ആവശ്യകത ഇത്തരം ്ര്രഗന്ഥങ്ങള്‍ മനസ്സിലാക്കിപ്പിക്കുന്നു.

ഭാരതീയ വനിത പാരമ്പര്യത്തിന്റെ തിലകക്കുറിയായി സീതാദേവി ആരാധിക്കപ്പെടുന്നു. ലക്ഷ്‌മണന്‍ ജ്വലിപ്പിച്ച അഗ്നികുണ്‌ഠത്തില്‍ നിന്നും തീയ്യില്‍ ഉരുക്കിയെടുത്ത സ്വര്‍ണ്ണം പോലെ പരിശുദ്ധയായ വൈദേഹിയെ അഗ്നിദേവന്‍ എടുത്തുകൊണ്ട്‌ ശ്രീരാമന്റെ മുന്നില്‍ വച്ച്‌ പറഞ്ഞു.

''ഇതാ രാഘവാ നിന്‍ സീത
ഇവള്‍ക്കില്ലൊരുകുറവും
വാക്കാലും ഹൃദയത്താലും
നോക്കാലും നിനവോലുമേ..

ശ്രീരാമചന്ദ്രന്‍ സീതയെ സ്വീകരിച്ചുകൊണ്ട്‌ അയോദ്ധ്യയിലേക്ക്‌ പറന്നു. എന്നാല്‍ ജനങ്ങള്‍ അപവാദം പറയുന്നുവെന്ന കാരണം പറഞ്ഞ്‌ ഗര്‍ഭിണിയായ സീതയെ ഉപേക്ഷിക്കുകയാണ്‌ ചെയ്‌തത്‌. ഇണ പക്ഷികളില്‍ ഒന്ന്‌ അമ്പേറ്റ്‌ വീണു. തമസ്സാ നദിയുടെ തീരത്ത്‌ ഈ ഭൂമി പുത്രി നിരാലംമ്പയായി, നിരാശ്രയയായില്‌പതളര്‍ന്നു വീണു. വാത്മീകി അവളെ ശുഷ്രൂഷിച്ച്‌ തന്റെ കുടിലില്‍ അഭയം നല്‍കി. ഇരട്ടപുത്രന്മാര്‍ക്ക്‌ ജന്മം നല്‍കിയ സീതയെ കണ്ടുമുട്ടുന്ന ശ്രീരാമന്‍ വീണ്ടും സീത നിഷ്‌കളങ്കയാണെന്ന്‌ തെളിയിച്ചാല്‍ സ്വീകരിക്കാമെന്ന്‌ പറയുന്നു.ഇവിടെ ശ്രീരാമചന്ദ്രന്‍ ഒരു മെയില്‍ ഷോവനിസ്‌റ്റ്‌ ചിന്താഗതി പ്രകടിപ്പിക്കുന്നതായി നമുക്ക്‌ തോന്നാം. പക്ഷെ അങ്ങനെ അവഹേളിക്കപ്പെടാന്‍ സീതാദേവി തയ്യാറായില്ല. അവര്‍ ഭൂമി മാതാവിനെ നൊന്തു വിളിച്ചു. ഭൂമിദേവിയുടെ ഹ്രുദയം പിളന്നു പഴുതുണ്ടായി. അതിലൂടെ സീതാദേവി അന്തര്‍ദ്ധാനം ചെയ്‌തു. ചിന്താവിഷ്‌ടയായ സീതയില്‍ ആശാന്‍ പറയുന്നത്‌ സീത ആകാശത്തേക്ക്‌ ഉയര്‍ന്നു എന്നാണ്‌.

`പ്രിയ രാഘവ, വന്ദനം ഭവാ-
നുയരുന്നു ഭുജ ശാഖ വിട്ടു ഞാന്‍
ഭയമറ്റു പറന്നു പോയിടാം
സ്വയമീദ്യോവിലൊരാശ്രയം വിനാ..'

ശ്രീരാമന്റെ കൈകളില്‍ നിന്ന്‌ വേര്‍പ്പെട്ട്‌ പോവുകയാണ്‌കൂടെ വരുമോ എന്ന്‌ ചോദ്യം. ജനങ്ങളുടെ പ്രിയങ്കരനായ രാമനു ഭാര്യയേക്കാള്‍ വലുത്‌ പ്രജകളല്ലേ. അമ്മയെ ദൈവമായി കാണുന്ന നാടാണ്‌ ഭാരതമെങ്കിലും അവിടെ സ്‌ത്രീ സുരക്ഷിതയല്ല. മതഗ്രന്ഥങ്ങളും സമൂഹവും അവള്‍ക്കനുഷ്‌ഠിക്കാന്‍ അനവധി ചിട്ടങ്ങള്‍ ഉണ്ടാക്കിവച്ചിരിക്കുന്നു. ഒരു പക്ഷെ അത്തരം അഗ്നിപരീക്ഷണങ്ങളില്‍ നിരന്തരം വിജയിക്കുന്നത്‌കൊണ്ടാകും ഭാരതസ്ര്‌തീകള്‍ ഭാവശുദ്ധിയുള്ളവരായത്‌.

കര്‍ക്കടം കോരി ചൊരിയുന്ന മഴപോലെ മനുഷ്യമനസ്സുകളിലും ഭക്‌തിയും അത്മീയതയും നന്മകളും നിറഞ്ഞൊഴുകട്ടെ. അജ്‌ഞതയുടെ അന്ധകാരത്തില്‍ നിന്ന്‌ മനുഷ്യന്‍ ഉണരേണ്ടിയിരിക്കുന്നു. മനുഷ്യന്റെ ഉത്ഭവം മുതല്‍ അവന്‍ മനസ്സിലാക്കിയ കാര്യമാണുല്‌പനന്മയും സത്യവും ഒടുവില്‍ വിജയിക്കുമെന്നു. തിന്മയും അസത്യവും താല്‍ക്കാലികമായി ആര്‍ജ്‌ജിക്കുന്ന ശക്‌തിയില്‍ മനുഷ്യരെ കഷ്‌ടപ്പെടുത്തുന്നു. ഈശ്വരനാമം കൊണ്ട്‌മാത്രമേ ദുര്‍ബ്ബലനായ മനുഷ്യനു പൈശാചിക ശക്‌തികളെ എതിരിടാനുള്ള കരുത്ത്‌ കൈവരുകയുള്ളു. ഈശ്വരന്മാരുടെ ബലപരീക്ഷണം മനുഷ്യര്‍തമ്മില്‍ നടക്കുമ്പോള്‍ തോല്‍വി സുനിശ്‌ചിതം. ഈശ്വരനില്‍ വിശ്വസിക്കുക എന്നതല്ലേ പ്രാധാനം. ശക്‌തി കാട്ടേണ്ടത്‌ ഈശ്വരനാണ്‌.... ശ്രീരാമ രാമ...
കര്‍ക്കടകം `രാമായണ മാസം' (സുധീര്‍ പണിക്കവീട്ടില്‍)
Join WhatsApp News
Anthappan 2014-01-17 20:16:54
T.P. Sreenivasan should keep his mouth shut until the police complete their investigation. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക