Image

മരിക്കുന്നതിനു മുമ്പ് മസാലദോശ കഴിക്കണം

Berly Thomas (berlytharangal.com) Published on 15 July, 2012
മരിക്കുന്നതിനു മുമ്പ് മസാലദോശ കഴിക്കണം

നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് കഴിക്കണം എന്നാഗ്രഹിക്കുന്ന ഭക്ഷണം ഏതാണ് ? നാലുനേരം എന്തെങ്കിലുമൊക്കെ (മുന്നൂ നേരമായാലും മതി) കഴിച്ചു ജീവിക്കണം എന്നതു തന്നെ ആഢംബരമായി കാണേണ്ട രാജ്യത്ത് ഇത്തരത്തില്‍ പ്രത്യേകം ഐറ്റങ്ങള്‍ കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരമാണോ ? പൊതുവേ കോടീശ്വരന്മാര്‍ക്ക് നല്ല ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കാറില്ല. ഉള്ള കാശുകൊണ്ട് ജീവിതം ആസ്വദിക്കാന്‍ തീരുമാനിച്ച സാധാരണക്കാരാണ് പിന്നെയും രുചികരമായവയൊക്കെ പരീക്ഷിക്കുന്നതും ആസ്വദിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തില്‍ എന്നെങ്കിലും കഴിക്കേണ്ടതായ മികച്ച ഐറ്റങ്ങളെക്കുറിച്ചൊരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുന്നതില്‍ തെറ്റില്ല.

നമ്മുടെ നാട്ടില്‍ ചൈനീസും തായ്ഡിഷും ഒന്നും പരീക്ഷിച്ചു പരിചയമില്ലാത്തവര്‍ പുറത്തിറങ്ങിയാല്‍ ആഢംബരം പ്രഖ്യാപിക്കുന്നത് ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി മസാല ദോശ കഴിച്ചിട്ടാണ്. മസാലദോശ കാലങ്ങളെ അതിജീവിച്ച ലെജന്‍ഡറി ഡിഷ് ആണ്. ഇത്രയും കുറഞ്ഞ വിലയ്‍ക്ക് ഇത്രത്തോളം ആഢംബരം വേറെ എന്തു കഴിച്ചാലു കിട്ടില്ല. ഇന്ത്യക്കാരന്‍റെ മികച്ച പത്ത് ഭക്ഷണങ്ങളില്‍ മസാലദോശ ഉണ്ടാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകമെങ്ങും കറങ്ങി കണ്ടതെല്ലാം തിന്നുന്ന സായിപ്പിന്‍റെ ലിസ്റ്റില്‍ മസാലദോശ ഒന്നാമതെത്തിയതിന്‍റെ ഒരിതിലാണ് ദക്ഷിണേന്ത്യന്‍ രുചി.

ടൂര്‍ ഓപറേറ്ററായ വയേറ്റര്‍ ഹഫിങ്‍ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച മരിക്കുന്നതിനു മുമ്പ് കഴിക്കേണ്ട 10 ഇനങ്ങളിലാണ് മസാലദോശയ്‍ക്ക് ഒന്നാം റാങ്ക്. ലോകമെങ്ങും നിന്നുള്ള മറ്റ് മികച്ച ഐറ്റങ്ങളോട് മല്‍സരിച്ചാണ് ലളിതസുന്ദരമായ ഈ വെജിറ്റേറിയന്‍ ഐറ്റം ഒന്നാമത് നില്‍ക്കുന്നത്. മറ്റ് ഐറ്റങ്ങള്‍ ഏതൊക്കെയാണെന്നു കേള്‍ക്കുമ്പോള്‍ മസാലദോശയുടെ പ്രഢി എത്രത്തോളമുണ്ടെന്നു പിടികിട്ടും. ചൈനയില്‍ നിന്നുള്ള പെര്‍ക്കിങ് ഡക്ക് ആണ് രണ്ടാമത്. യുസിലെ ബാര്‍ബിക്യു റിബ്സ് മൂന്നാമതും ജപ്പാന്‍റെ ടെപ്പന്യാകി നാലാമതും ഓസ്ട്രേലിയയുടെ പാവ്‍ലോവ അഞ്ചാമതും നില്‍ക്കുമ്പോഴാണ് ഈ കളി. ലിസ്റ്റിലെ മറ്റ് ഇനങ്ങള്‍ ഏതാണന്നു പരിശോധിക്കാനും ഹഫിങ്ടണ്‍ പോസ്റ്റ് പരിശോധിക്കുക.

http://www.huffingtonpost.com/viator/10-foods-around-the-world_b_1576005.html#slide=1181816

ഇവിടുത്തെപ്പോലെ അവിടെയും

സദാചാരപ്പോലീസുകാരുടെ ഉപദ്രവങ്ങള്‍ സംസ്‌കാരശൂന്യരായ മലയാളികള്‍ക്കിടയില്‍ മാത്രമേയുള്ളൂ എന്നു കരുതി ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുകയായിരുന്നു ഇത്രകാലം. നമ്മളൊക്കെ ഉന്നതവിദ്യാഭ്യാസവും കയ്യില്‍ ഇഷ്ടംപോലെ കാശും സോഷ്യല്‍ സ്റ്റാറ്റസുമുള്ളവരായതുകൊണ്ട് സോ കോള്‍ഡ് സദാചാര പോലീസ് ഫെലോസ് കാണിക്കുന്ന വൃത്തികേടുകള്‍ക്കെതിരേ എന്നും പ്രതികരിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. കേരളം എങ്ങോട്ടാണ്, അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്നൊക്കെ ആശങ്കപ്പെട്ടിരുന്നവരുടെ നെഞ്ചിലെ തീയില്‍ അല്‍പം ആശ്വാസമാണ് ഈ ഗുവാഹത്തി യൗവ്വനം.

രാത്രി പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്കു പോയ കൗമാരക്കാരിയെ തെരുവിലിട്ട് പീഡിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും നഗ്നയാക്കുകയും ചെയ്ത ന്യൂ ജനറേഷന്‍ ആക്ടിവിസ്റ്റുകളുടെ സാമൂഹികപ്രവര്‍ത്തനത്തിന്റെ വിഡിയോ അവരെപ്പോലെ തന്നെ ഇതൊക്കെ ആസ്വദിക്കുന്ന, പെണ്‍കുട്ടിയുടെ മുഖം മാസ്‌ക് ചെയ്ത വിഡിയോ എഡിറ്ററെ പഴിക്കുന്ന നമ്മളൊക്കെ കൂടി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മേമ്പൊടിക്ക് ആ ചെറുപ്പക്കാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നുണ്ടെന്നു മാത്രം. രാത്രിയില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് തന്നെ സദാചാരവിരുദ്ധമാണെന്നിരിക്കെ സിറ്റി ബാറില്‍ ലേറ്റ് നൈറ്റ് പാര്‍ട്ടിക്കൊക്കെ പോകുന്നത് കലിയുഗലക്ഷണങ്ങളിലൊന്നാണ്. ആസാം സര്‍ക്കാരിന്റെ ഐടി ഏജന്‍സി ജീവനക്കാരനായിരുന്ന അമര്‍ ജ്യോതി കലിക എന്ന ചെറുപ്പക്കാരനും ഭാരതസ്ത്രീ ഭാവശുദ്ധി കളഞ്ഞ് നിശാപാര്‍ട്ടിക്കു പോയതിനുള്ള ശിക്ഷനടപ്പാക്കാന്‍ കൂടി എന്നത് ഐടി ജീവനക്കാര്‍ സദാചാരബോധമില്ലാത്തവരാണ് എന്നു പറയുന്ന പാരമ്പര്യവാദികള്‍ക്കുള്ള തിരിച്ചടിയാണ്.

ഗുവാഹത്തി പോലുള്ള ചെറുനഗരങ്ങളൊക്കെയും രാജ്യാന്തര മെട്രോ നഗരമായ കൊച്ചിയുടെ നിലവാരത്തിലേക്കും തനി വടക്കന്‍മാരായ ആസാമികള്‍ മലയാളികളുടെ സാംസ്‌കാരിക നിലവാരത്തിലേക്കും ഉയരുന്നത് ഏകാത്വത്തില്‍ നാനാത്വമെന്ന സങ്കീര്‍ണതയെ തണുപ്പിക്കുന്ന സൗന്ദര്യമാണ്. ആര്‍ഷഭാരത സംസ്‌കാരത്തില്‍ അഴിഞ്ഞാടി നടക്കുന്ന സ്ത്രീകള്‍ക്കെല്ലാം നെഞ്ചിടിപ്പോടെ കാണാന്‍ ആ വിഡിയോ ഞാനും പങ്കുവയ്ക്കുന്നു.

അനാഘ്രാത കുസുമങ്ങളുടെ മധുരപ്പതിനേഴ് ലക്ഷണങ്ങള്‍

അവളെപ്പറ്റി എത്ര പറഞ്ഞാലും തീരില്ല. എന്നാല്‍ അധികമൊന്നും പറയാന്‍ അവള്‍ക്ക് അവസരവുമില്ല. എങ്കിലും അവളില്ലാതെ ഒന്നുമില്ല. മലയാള സിനിമയിലെ നായികാസങ്കല്‍പം വളരെ സങ്കീര്‍ണ്ണമാണ്. അസ്തിത്വ-സ്വത്വ പ്രതിസന്ധികളില്‍ പെട്ട് ഇല്ലാതാവുമ്പോഴും ഗദ്ഗദങ്ങളും ചില്ലറ സീല്‍ക്കാരങ്ങളുമായി ഉടുത്തൊരുങ്ങി ഒരു സാന്നിധ്യമായി എല്ലാ സിനിമകളിലും അവളുണ്ടാവും. ബോറനായ നായകന്റെ പെട്ടി പിടിക്കുന്നതിലും ഷൂ അഴിക്കുന്നതിലും ത്രില്ലടിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന ലോകത്തെ ഒരേയൊരു സ്ത്രീസമൂഹം മലയാള സിനിമയിലെ നായികമാരായിരിക്കും. സ്ത്രീകളുടെ അസ്തിത്വവും വ്യക്തിത്വവും അംഗീകരിക്കാന്‍ തിരക്കഥാകൃത്തുക്കളെ തടയുന്നത് എന്താണ് ? പഴയ സിനിമകളുടെ ഡിവിഡിയില്‍ നിന്നല്ലാതെ പുതിയ മനുഷ്യജീവിതത്തില്‍ നിന്നു കഥാപാത്രങ്ങളെ ഉണ്ടാക്കുന്ന അപൂര്‍വം ചിലരൊഴിച്ചാല്‍ മറ്റുള്ളരുടെ തൂലികത്തുമ്പില്‍ നിന്നു പിറന്നുവീഴുന്ന നായികമാര്‍ക്ക് എന്നും എപ്പോഴും ഒരേ നിറമാണ്, ഗുണമാണ്, മണമാണ്.

നായിക എന്നു ചുമ്മാ വിളിക്കുന്ന സ്ത്രീകഥാപാത്രത്തിന് നായകനും വില്ലനും കോമഡിതാരവും കഴിഞ്ഞുള്ള പ്രാധാന്യമേ സിനിമയില്‍ ഉണ്ടാകാറുള്ളൂ. താരങ്ങളും ഫാന്‍സും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകള്‍ക്കിടയില്‍ വയറ്റിപ്പിഴപ്പിനുവേണ്ടി അതുംഇതും എഴുതി ജീവിക്കുന്ന പാവം തിരക്കഥാകൃത്തുക്കള്‍ പടച്ചുവിട്ട സിനിമകളിലൂടെ പ്രേക്ഷകന്‍ പഠിക്കുന്ന നായികാസങ്കല്‍പം അളന്നുതൂക്കിനോക്കുമ്പോള്‍ പിടികിട്ടുന്ന സിനിമാറ്റിക്കായ സത്യങ്ങളിലേക്ക് ക്യാമറ തിരിക്കട്ടെ.

1. നായികയ്ക്ക് എന്നും 18 വയസ്സായിരിക്കും. വിവാഹിതയാണെങ്കില്‍ എപ്പോഴും കുളിച്ച് ഫ്രഷായി (പറ്റുമെങ്കില്‍ ഈറനായി) നടക്കുന്ന നായികയാണ് നല്ല നായിക. പിന്നിയിട്ട നീളന്‍മുടിയില്‍ തുളസിക്കതിര്‍ ഒരലങ്കാരമാണ്. ഭര്‍ത്താവിനും അദ്ദേഹത്തിന്റെ ഗുണ്ടകള്‍ക്കും അവരുടെ ആരോഗ്യത്തിനും വേണ്ടി മനസുരുകി പ്രാര്‍ഥിക്കുന്നതാണ് നായികയുടെ നല്ല ലക്ഷണം. ഗുണ്ടകളുമായി പുറത്ത് അടി നടക്കുമ്പോള്‍ പൂജാമുറിയില്‍ അടച്ചിരുന്നു പ്രാര്‍ഥിക്കുന്ന നായികയുടെ ശാക്തീകരണശേഷി അന്യാദൃശമാണ്. നായകന്‍ തലവേദനയാണെന്നു നുണ പറഞ്ഞാലും ഓടിപ്പോയി ബാം എടുത്തുകൊണ്ടു വന്നു പുരട്ടുന്നത് നായികയുടെ ഒരു വീക്ക്‌നെസ്സ് ആണ്.

2. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം തുടങ്ങി ഒരു നേരവും നായിക ഭക്ഷണം കഴിക്കാറില്ല. നായികയാണ് പ്രാതല്‍ ഉണ്ടാക്കുന്നതെങ്കില്‍ അത് ദോശയായിരിക്കും. ഭക്ഷണം വിളമ്പിക്കൊണ്ടിരിക്കുമ്പോള്‍ കൂടെയിരിക്കാന്‍ നിര്‍ബന്ധിക്കുന്ന നായകനോട് പിന്നെ കഴിച്ചോളാം എന്നു പറയുന്നവളാണ് മാതൃകാനായിക; അവളെ പിടിച്ചിരുത്തി ഭക്ഷണം വിളമ്പിക്കൊടുക്കുന്ന നായകന്‍ മഹാത്മാവും. നായകന്‍ നക്കിത്തുടച്ച് എച്ചിലാക്കിയ പാത്രത്തില്‍ നിന്നു ഭക്ഷിക്കുമ്പോള്‍ നായിക പ്രത്യേകതരം നിര്‍വൃതിയിലൂടെയും അനുഭൂതികളിലൂടെയും കടന്നുപോകും.

3. നായികമാര്‍ കൂര്‍ക്കം വലിക്കാറില്ല. രാത്രിയില്‍ ബെഡ്‌റൂമില്‍ എന്തൊക്കെ നടന്നാലും നായികയുടെ നെറ്റിയിലെ പൊട്ട് പരന്നുകിടക്കുകയല്ലാതെ മറ്റൊരു തെളിവും അവശേഷിക്കുകയില്ല (നായികയും നായകനും എന്തൊക്കെ ചെയ്താലും ദൂരെയൊരു മരക്കൊമ്പിലിരുന്ന് ഇണക്കുരുവികള്‍ കൊക്കുരുമ്മുന്നതേ പ്രേക്ഷകന് കാണാന്‍ കിട്ടൂ).

4. രാവിലെ ബെഡ്‌കോഫിയുമായി നായകന്റെ അടുത്തേക്കു പോയാല്‍ പല്ലുതേയ്ക്കാത്ത നായകന്‍ വലിച്ചു കിടക്കയിലേക്കിട്ട് ചുംബിക്കുമ്പോള്‍ പുളകിതയാവുന്നവളാണ് നല്ല നായിക. അഥവാ വല്ലതും നടന്നാല്‍ നായിക പിന്നേം കുളിക്കാന്‍ പോവും. കുളിയില്‍ ഹീറോയിസമില്ലാത്തതിനാല്‍ നായകന്‍ പത്രം വായിക്കാനും. നായികയുടെ കുളിമുറിയുടെ ഒരുവശത്ത് ചില്ലായിരിക്കും. ചില്ലിലൂടെ നോക്കിയാല്‍ കുളിയുടെ നിഴല്‍ പ്രേക്ഷകനു കാണാം. നായിക കുളിക്കുമ്പോഴും വസ്ത്രം ധരിച്ചിരിക്കും. മുഖത്തും കഴുത്തിലും കൈകളിലും മാത്രമേ സോപ്പ് തേയ്ക്കാറുള്ളൂ.

5. പതിവ്രതയായ നായിക സ്ഥിരം ചുരിദാറാണ് ധരിക്കുന്നതെങ്കിലും മഴ നനയുന്ന സീനില്‍ മാത്രം നേര്‍ത്തസാരിയേ ഉടുക്കൂ. മഴ നനയുമ്പോള്‍ നായിക വെള്ള ബ്ലൗസും കറുത്ത ബ്രേസിയറും അല്ലെങ്കില്‍ കറുത്ത ബ്ലൗസും വെള്ള ബ്രേസിയറുമാണ് ധരിക്കുന്നത്. മഴ നനഞ്ഞുവരുന്ന നായികയ്ക്ക് തല തോര്‍ത്താന്‍ ടവ്വലും മാറാന്‍ വേറെ വസ്ത്രവും (നായകന്റെ ഷര്‍ട്ടോ ടീ ഷര്‍ട്ടോ) നല്‍കുന്നത് ഒരാചാരമാണ്. സ്ഥലവും സാഹചര്യവും ഏതായാലും വസ്ത്രം ഓഫര്‍ ചെയ്യുന്നവന്‍ ആരായാലും ഓഫര്‍ സ്വീകരിക്കുകയും വസ്ത്രം മാറുകയും ചെയ്യുന്നത് നായികയുടെ വിനോദമാണ്.

6. നായകന്റെ ഭാഗത്തു നിന്ന് ഒരു ലൈംഗിക അധിനിവേശം ഉണ്ടായാല്‍ ആദ്യം ശക്തിയായി എതിര്‍ക്കുന്ന നായിക നായകന്റെ ഫസ്റ്റ് ചുംബനത്തോടെ നിലപാട് മാറ്റുകയും വര്‍ധിച്ച ആവേശത്തോടെ നായകനോട് സഹകരിക്കുകയും ചെയ്യും. വില്ലനാണ് അധിനിവേശത്തിനു വരുന്നതെങ്കില്‍ കിലോമീറ്ററുകളോളം ഓടുകയോ രണ്ടു സെന്റീമീറ്റര്‍ നീളമുള്ള കത്തി അല്ലെങ്കില്‍ ബ്രാണ്ടിക്കുപ്പി (ചുവട് ഒറ്റയടിക്ക് പൊട്ടിച്ചത്) കൊണ്ട് വില്ലനെ കുത്തിക്കൊല്ലുകയോ ചെയ്യും. മാനംഭംഗത്തിനിരയായാല്‍ നായിക ‘ഞാന്‍ നശിച്ചു’ എന്നു പ്രഖ്യാപിച്ച് നായകനില്‍ നിന്ന് അകലാന്‍ ശ്രമിക്കും, പറ്റിയാല്‍ ഒരു ആത്മഹത്യാശ്രമം എങ്കിലും നടത്തും (മാനഭംഗം ചെയ്യപ്പെട്ട നായിക ആത്മഹത്യാശ്രമം നടത്തി അതിജീവിച്ചാല്‍ നായകനു സ്വീകരിക്കാം: ചുമ്മാ സ്വീകരിച്ചാല്‍ ഹീറോയിസം പോകും). മാനഭംഗം ചെയ്യപ്പെടുന്നത് ഉപനായികയാണെങ്കില്‍ ആത്മഹത്യ ഉറപ്പാണ്.

7. ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലോക്കറ്റ് സമ്മാനിച്ചിട്ടു നാടുവിട്ടുപോയ നായകന്‍ പത്തോ ഇരുപതോ വര്‍ഷം കഴിഞ്ഞ് തിരികെ വരുന്നതു വരെ ആ ഹൈസ്‌കൂള്‍ ചെക്കനെ ഓര്‍ത്തുകൊണ്ട് കൗമാരവും യൗവ്വനവും പാഴാക്കി, വിവാഹം വേണ്ടെന്നു വച്ച് പഴയ ലോക്കറ്റും കെട്ടിപ്പിടിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്ന നായികയാണ് പതിവ്രത. നായകന്‍ തിരികെ വന്ന് നായികയുടെ കുട്ടിക്കാലത്തെ കളിപ്പേര് വിളിക്കുമ്പോള്‍ മാത്രമേ തിരിച്ചറിയൂ. നായകന്‍ വേറെ കെട്ടി സന്തുഷ്ടകുടുംബജീവിതം നയിക്കുകയാണെങ്കിലും നായിക തല്‍സ്ഥിതി തുടരും. തനിക്കു പിറക്കാതെ പോയ നായകന്റെ മക്കളെ താലോലിച്ച് നായിക കഥയില്‍ തുടരുകയാണെങ്കില്‍ നായകന്റെ നിലവിലുള്ള ഭാര്യ തട്ടിപ്പോകാനും ക്ലൈമാക്‌സ് വരെ വെയ്റ്റ് ചെയ്യുന്ന നായികയും നായകനും പുതിയ ജീവിതം തുടങ്ങാനും നല്ല സാധ്യതയുണ്ട്.

8. ഓഫിസില്‍ പോകുന്ന നായികയാണെങ്കില്‍ ആവശ്യത്തിലേറെ വലിപ്പമുള്ള ലേഡീസ് ബാഗും കയ്യില്‍ ടു ഫോള്‍ഡ് കുടയും ഉറപ്പായും കരുതിയിരിക്കും (പക്ഷെ, കുട ബാഗില്‍ വയ്ക്കില്ല). വരവും പോക്കും പ്രൈവറ്റ് ബസിലായിരിക്കും (എത്ര തിരക്കുള്ള ബസില്‍ യാത്ര ചെയ്താലും നായികയുടെ വേഷത്തില്‍ ചുളിവുകള്‍ വീഴില്ല, മുടി പാറിപ്പറന്നുപോവുകയുമില്ല). നായിക കലക്ടര്‍, തഹസില്‍ദാര്‍ റേഞ്ചിലുള്ള ഹൈ പ്രൊഫൈല്‍ സര്‍ക്കാരുദ്യോഗസ്ഥയാണെങ്കില്‍ കണ്ണട ഉറപ്പാണ്. പോരെങ്കില്‍ കോട്ടണ്‍ സാരിയേ ഉടുക്കൂ. ചുമ്മാ ചിരിക്കുകയോ തമാശ പറയുകയോ ചെയ്യില്ല.

9. ഡ്രൈവിങ് അറിയാവുന്ന നായികമാര്‍ കുറവാണ്, അറിയാമെങ്കിലും ടൂവീലറേ ഓടിക്കൂ. കാറുണ്ടെങ്കില്‍ മാരുതി 800 അല്ലെങ്കില്‍ സെന്‍ മാത്രമേ നായിക ഉപയോഗിക്കാറുള്ളൂ. അപൂര്‍വമായേ നായിക ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യാറുള്ളൂ. കാറില്‍ മിനിമം 10 സുഹൃത്തുക്കളെങ്കിലും ഉണ്ടെങ്കിലേ നായികയ്ക്ക് ഡ്രൈവിങ് വരൂ. നായികയുടെ കാറിലെ സ്റ്റീരിയോയില്‍ നിന്ന് ഉച്ചത്തിലുള്ള ഇംഗ്ലിഷ് പാട്ടുകള്‍ മാത്രമേ കേള്‍ക്കൂ.

10. നായകനുമായി എപ്പോള്‍ പിണങ്ങിയാലും ശരി, എത്ര കോടീശ്വരിയാണെങ്കിലും ശരി, സ്വന്തം വീട്ടിലേക്കു പോകുമ്പോള്‍ ഒരു പെട്ടിയില്‍ കൊള്ളാവുന്ന സാധനങ്ങളേ നായിക കൊണ്ടുപോകൂ. വര്‍ഷങ്ങള്‍ക്കു ശേഷം പിണക്കം മാറി തിരികെ വരുമ്പോഴും ഒരുപെട്ടി സാധനങ്ങളേ കൊണ്ടുവരൂ.

11. നായകന് അവിഹിതമുണ്ടെന്നറിഞ്ഞാല്‍ നായിക കരയുക മാത്രമേയുള്ളൂ. തെറ്റ് മനസ്സിലാക്കി നായകന്‍ തിരികെ വരുന്നത് വരെ അവള്‍ വെയ്റ്റ് ചെയ്യും (നായകനില്ലാതെ അവള്‍ക്ക് ജീവിക്കാന്‍ പറ്റില്ല) എന്നാല്‍, അവിഹിതബന്ധമുള്ള നായികയെ ഹീറോയിസത്തില്‍ വിശ്വാസമുള്ള നായകന്‍ കൊല്ലുകയാണ് പതിവ്.

12. പണക്കാരുടെ മകളായി ജനിച്ച നായികയ്ക്ക് (അച്ഛന്‍ ബിസിനസിലും അമ്മ ക്ലബിലും മുഴുകിയതുകൊണ്ട്) ചെറുപ്പത്തില്‍ സ്‌നേഹം കിട്ടിയിട്ടുണ്ടാവില്ല. അഥവാ ധാരാളം സ്‌നേഹം കിട്ടിയിട്ടുണ്ടെങ്കില്‍ ബര്‍ത്ത്‌ഡേ പാര്‍ട്ടിക്കിടെ അധോലോക ചേട്ടന്മാര്‍ വന്ന് എല്ലാവരെയും വെടിവച്ച് കൊന്ന് ആ സന്തോഷം അവസാനിപ്പിച്ചിട്ടുണ്ടാവും.

13. നായിക പാറമടയില്‍ കല്ലുടയ്ക്കുകയാണെങ്കിലും കൈവിരലിലെ നഖങ്ങള്‍ ഭംഗിയായി നീട്ടി വൃത്തിയായി പോളിഷ് ഇട്ടിരിക്കും. അരിവാങ്ങാന്‍ കാശില്ലാതെ പട്ടിണിയിലാണെങ്കിലും മുടി എന്നും ഷാംപൂ ചെയ്ത് കുട്ടപ്പനാക്കി വച്ചിരിക്കും.

14. കോളജില്‍ പഠിക്കുന്ന നായികയാണെങ്കില്‍ കെമിസ്ട്രിയായിരിക്കും വിഷയം (ലാബിലെ പരീക്ഷണങ്ങള്‍ സിനിമക്കാര്‍ക്ക് ഒരു ഹരമാണ്).

15. നായിക കാലില്‍ എന്തു ധരിച്ചാലും ശരി നടക്കുമ്പോള്‍ ‘ഡക്, ഡക്, ഡക് ‘ എന്ന ശബ്ദമായിരിക്കും കേള്‍ക്കുക. നായികയുടെ കൊലുസിന് ചിലങ്കയുടെ ഇഫക്ടാണ്.

16. എല്ലാ നായികമാരും കാണുന്നത് ഒരേ ദുസ്വപ്നമായിരിക്കും: ഉറഞ്ഞുതുള്ളുന്ന തെയ്യക്കോലങ്ങളുടെ എക്‌സ്ട്രീം ക്ലോസപ്പ് അല്ലെങ്കില്‍ ഇടുങ്ങിയ ഇടനാഴിയിലൂടെ ഓടിയോടി ഒടുവില്‍ വഴിയവസാനിക്കുന്നിടത്തു കുടുങ്ങുന്നത്.

17. കാമുകനെ (ഭര്‍ത്താവിനെ) ‘എടാ’ ‘പോടാ’ ‘നീ’ എന്നൊക്കെ സംബോധന ചെയ്യുന്ന നായിക വളരെ ബോള്‍ഡ് ആയിരിക്കും. (ബാക്കി എല്ലാ കാര്യത്തിലും പഴഞ്ചനായാലും കുഴപ്പമില്ല).

നായിക മാത്രമല്ല സിനിമയിലെ സ്ത്രീസാന്നിധ്യം. അമ്മ, അമ്മായിയമ്മ, സഹോദരി, അയല്‍ക്കാരി അങ്ങനെ കിടക്കുകയാണ് സ്ത്രീപക്ഷം. എന്നാല്‍ അവര്‍ക്കുമുണ്ട് പെരുമാറ്റച്ചട്ടം. നായകന്റെയോ നായികയുടെയോ അമ്മയെ സ്ഥിരമായി വേട്ടയാടുന്നത് ഒരേ അസുഖമാണ്- കാല്‍മുട്ടിനു വേദന (നായികയുടെ അച്ഛന് നിര്‍ത്താതെയുള്ള ചുമ). നായകന് അമ്മ സ്ഥിരമായി വച്ചു നല്‍കുന്ന നായകന്റെ പ്രിയപ്പെട്ട കറി മാമ്പഴപുളിശ്ശേരി ആയിരിക്കും (അല്ലെങ്കില്‍ കുടംപുളിയിട്ടു വച്ച മീന്‍കറി). നായകന്‍ എത്ര വിദ്യാസമ്പന്നനും ബുദ്ധിമാനും ആയാലും ശരി നായകന്റെ സഹോദരി പത്താം ക്ലാസ് പാസ്സാവാന്‍ വിഷമിക്കുന്നത് സിനിമയിലുടനീളം പ്രേക്ഷകര്‍ കാണേണ്ടി വരും. നായകന്റെ ചേച്ചിക്കും വിദ്യാഭ്യാസമുണ്ടാവില്ല. യക്ഷിയാണ് കാലങ്ങളായി ഒരു വെറൈറ്റിയുമില്ലാതെ വന്നുപോകുന്ന കക്ഷി. വെള്ളസാരി, വെള്ള ബ്ലൗസ്, അഴിച്ചിട്ട മുടി (നീളമുള്ള മുടിയില്ലാത്തവര്‍ മരിച്ചാലും യക്ഷിയാവില്ല), കലാഭവന്‍ മണിയെപ്പോലെ ചിരിക്കാനുള്ള കഴിവ്, കണ്ണില്‍ പ്രത്യേകം കോണ്‍ടാക്റ്റ് ലെന്‍സ്: സിനിമ ഏതായാലും യക്ഷി എന്നും എപ്പോഴും ഒരേ ഫോര്‍മാറ്റിലായിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക