Image

സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് 15 വര്‍ഷമാക്കാന്‍ നീക്കം

Published on 14 July, 2012
സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് 15 വര്‍ഷമാക്കാന്‍ നീക്കം
കൊച്ചി: സിനിമകള്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിന് അവകാശം നല്‍കുന്നതു സംബന്ധിച്ചു കേരള ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് പുതിയ കരാറുണ്ടാക്കാന്‍ നീക്കം ആരംഭിച്ചു. ആജീവനാന്ത അവകാശം ഒഴിവാക്കി ഓരോ സിനിമയുടെയും പ്രദര്‍ശനാവകാശം 15 വര്‍ഷമായി നിജപ്പെടുത്തുന്ന കരാറിനാണു ഫിലിം ചേംബര്‍ പദ്ധതിയിട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചു കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന സിനിമാവ്യവസായ സംഘടനകളുടെ സംയുക്ത യോഗത്തില്‍ ധാരണയായി. 

സാറ്റ്‌ലൈറ്റ് റൈറ്റിന്റെ പേരില്‍ സിനിമാ പ്രദര്‍ശനാവകാശത്തിനു നിര്‍മാതാക്കള്‍ വന്‍തുക ഈടാക്കുന്നതില്‍ പ്രതിഷേധിച്ചു കേരള ടെലിവിഷന്‍ ഫെഡറേഷന്‍ സിനിമ വാങ്ങുന്നതു നിര്‍ത്തിവച്ച സാഹചര്യത്തിലാണു പുതിയ കരാറുമായി ഫിലിം ചേംബര്‍ രംഗത്തു വന്നിരിക്കുന്നത്. 

ആജീവനാന്ത കരാറിലൂടെ ഒരു സിനിമ സാറ്റ്‌ലൈറ്റ് വഴിയും ഇന്റര്‍നെറ്റ് വഴിയും വിമാനങ്ങളിലും മറ്റും പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവകാശമാണു ലഭിക്കുന്നത്. 99 വര്‍ഷമാണു കരാര്‍ കാലാവധി. ഈ കാലഘട്ടത്തില്‍ നിര്‍മാതാവിനു ലഭിക്കേണ്ട വലിയ ലാഭം ഇത്തരം കരാറിലൂടെ നഷ്ടമാകുന്നുവെന്നാണു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ വിലയിരുത്തല്‍. ഇത് ഒഴിവാക്കുന്നതിനാണു പ്രദര്‍ശനാവകാശം 15 വര്‍ഷമായി നിജപ്പെടുത്താന്‍ ഫിലിം ചേംബര്‍ ആലോചിക്കുന്നത്. ഇക്കാര്യം ടെലിവിഷന്‍ ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷനെ അറിയിച്ചിട്ടുണ്ട്. 17ന് ചേരുന്ന ഫെഡറേഷന്റെ എക്‌സിക്യൂട്ടീവില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അറിയുന്നു. ഇതിനുശേഷം 20നു ചേരുന്ന സംയുക്ത യോഗത്തില്‍ കരാര്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. 

എന്നാല്‍, സാറ്റ്‌ലൈറ്റ് തുക നിജപ്പെടുത്തുന്നതു സംബന്ധിച്ചോ ഏതൊക്കെ റൈറ്റുകളാണു നല്കുന്നതെന്നതിലോ ഇതുവരെ ധാരണയായിട്ടില്ല. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് 20ന് ചേരുന്ന യോഗത്തില്‍ തീരുമാനമായേക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക