Image

പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:12 പ്രതികളെകൂടി തിരിച്ചറിഞ്ഞതായി പോലീസ്

Published on 13 July, 2012
പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:12 പ്രതികളെകൂടി തിരിച്ചറിഞ്ഞതായി പോലീസ്
ഗുവാഹാട്ടി: നഗരത്തിലെ തിരക്കേറിയ റോഡില്‍ പരസ്യമായി പെണ്‍കുട്ടിയെ അപമാനിച്ച സംഘത്തിലെ 12 പ്രതികളെകൂടി തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അറസ്റ്റിലായവരില്‍ സീരിയല്‍ നടനും ഉള്‍പ്പെടുന്നു. അതേസമയം സംഭവത്തെ നിസ്സാരവത്കരിക്കാന്‍ ശ്രമിച്ച ഡി.ജി.പി.യെ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരം വിമര്‍ശിച്ചു.

തിങ്കളാഴ്ച രാത്രി ഗുവാഹാട്ടിഷില്ലോങ് റോഡിലെ ബാറിന്പുറത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യം യു.ട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദമായത്.

സുഹൃത്തുക്കളായ നാല് പെണ്‍കുട്ടികള്‍ രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം രാത്രിബാറിലെത്തുകയായിരുന്നുവെന്ന് ഡി.ജി.പി. നാരായണ്‍ ചൗധരി പറഞ്ഞു. ബാറില്‍ ഇവര്‍തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് രണ്ട് കൂട്ടരെയും ജീവനക്കാര്‍ ബാറിന് പുറത്താക്കി.

പുറത്ത്‌വെച്ചും കലഹം മൂര്‍ച്ഛിച്ചതോടെ പരിസരത്തുണ്ടായിരുന്ന ചിലര്‍ അവസരം മുതലെടുക്കുകയായിരുന്നു. ഇതിലൊരു പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറാനും അപമാനിക്കാനും ഇവര്‍ ശ്രമിച്ചു. 11ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അപമാനത്തിനിരയായത്. അമ്പതോളം പേരുള്ള സംഘം ഏതാണ്ട് 40 മിനിറ്റോളം ഇത്തുടര്‍ന്നു. വിവരമറിഞ്ഞെത്തിയ പോലീസാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.

ഒരു കി.മീ. അകലെമാത്രമുള്ള സ്‌റ്റേഷനില്‍നിന്ന് പോലീസെത്തിയത് വിവരമറിയിച്ച് അരമണിക്കൂറിന് ശേഷമാണെന്ന് ആരോപണമുണ്ട്. എന്നാല്‍ എ.ടി.എമ്മില്‍ നിന്ന് പണം എടുക്കുംപോലെ കുറ്റകൃത്യം നടക്കുന്ന ഇടങ്ങളില്‍ പോലീസെത്തില്ലെന്നായിരുന്നു ഡി.ജി.പി. നാരായണ്‍ ചൗധരി ഇതിനോട് പ്രതികരിച്ചത്. ചണ്ഡീഗഢില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ കേന്ദ്രആഭ്യന്തരമന്ത്രി പി. ചിദംബരം പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ചു.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് വരുത്താന്‍ കര്‍ശനനടപടി എടുക്കാന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയി പോലീസിനും ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കി.

പെണ്‍കുട്ടിയെ അപമാനിച്ച സംഭവം:12 പ്രതികളെകൂടി തിരിച്ചറിഞ്ഞതായി പോലീസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക