Image

ടി.പി. വധം: നാല് സി.പി.എം. നേതാക്കളെക്കൂടി ചോദ്യംചെയ്തു

Published on 13 July, 2012
ടി.പി. വധം: നാല് സി.പി.എം. നേതാക്കളെക്കൂടി ചോദ്യംചെയ്തു
വടകര: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് നാല് സി.പി.എം. നേതാക്കളെ വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു.
പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റംഗം സി. ഭാസ്‌കരന്‍, ഒഞ്ചിയം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഇ.എം. ദയാനന്ദന്‍, ഏരിയാ കമ്മിറ്റിയംഗം കെ.കെ. കുമാരന്‍, വൈക്കിലശ്ശേരി ലോക്കല്‍ സെക്രട്ടറിയും ചോറോട് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ടി.എം. രാജന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് രണ്ടോടെ വടകരയില്‍ പ്രത്യേകാന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസില്‍ ഹാജരായ ഇവരെ ചോദ്യംചെയ്യലിനുശേഷം വൈകിട്ട് ആറരയോടെ വിട്ടയച്ചു.

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷണസംഘം ഇവര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. രണ്ടോടെ മുന്‍ എം.പി. അഡ്വ. പി. സതീദേവി, സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി, വടകര ഏരിയാ കമ്മിറ്റിയംഗം എം. പത്മനാഭന്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് ഇവര്‍ ക്യാമ്പ് ഓഫീസിലെത്തിയത്. ഈ സമയത്ത് അന്വേഷണോദ്യോഗസ്ഥര്‍ മാഹിയില്‍ യോഗത്തിലായിരുന്നു.

എങ്കിലും ക്യാമ്പ് ഓഫീസിലുണ്ടായിരുന്ന അന്വേഷണസംഘാംഗങ്ങള്‍ കെ.കെ. കുമാരന്‍, ടി.എം. രാജന്‍ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഈ സമയം സി. ഭാസ്‌കരനും ദയാനന്ദനും പുറത്തിറങ്ങി. പിന്നീട് ഇവരെയും വിളിപ്പിച്ചു. നാലരയോടെ എ.ഐ.ജി. അനൂപ് കുരുവിള ജോണ്‍, ഡി.വൈ.എസ്.പി.മാരായ കെ.വി. സന്തോഷ്, സോജന്‍, ജോസി ചെറിയാന്‍ തുടങ്ങിയവര്‍ ഓഫീസിലെത്തി. തുടര്‍ന്ന് നാലുപേരെയും എ.ഐ.ജി.യുടെ നേതൃത്വത്തില്‍ ചോദ്യംചെയ്തു.

സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റംഗമായ സി. ഭാസ്‌കരന്‍ ഒഞ്ചിയത്തെ പാര്‍ട്ടി പിളര്‍പ്പിനുശേഷം ഏരിയാ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷം പുറത്തിറങ്ങിയ ഭാസ്‌കരന്‍ 'ഈ കേസില്‍ ഞങ്ങള്‍ അവസാനത്തെ വേട്ടമൃഗങ്ങളാകട്ടെ' എന്നാണ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്. കേസില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് അന്വേഷണസംഘത്തിന് ബോധ്യമായതായും അവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക