Image

ശബരിമല ദേവപ്രശ്‌നക്കേസ്‌ ഹൈക്കോടതി റദ്ദാക്കി

Published on 13 July, 2012
ശബരിമല ദേവപ്രശ്‌നക്കേസ്‌ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: നടി ജയമാല പ്രതിയായ ശബരിമല ദേവപ്രശ്‌നക്കേസ്‌ ഹൈക്കോടതി റദ്ദാക്കി. ഹര്‍ജിക്കാരായ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കര്‍, നടി ജയമാല എന്നിവരുടെ ഹര്‍ജികള്‍ അനുവദിച്ചുകൊണ്‌ടാണ്‌ ഹൈക്കോടതി ഉത്തരവ്‌. ശബരിമലയില്‍ ദര്‍ശനം നടത്തിയപ്പോള്‍ താന്‍ ശ്രീകോവിലിനുള്ളില്‍ കയറി അയ്യപ്പവിഗ്രഹത്തെ തൊട്ടെന്ന അവകാശവാദമാണ്‌ വിവാദത്തിന്‌ തിരികൊളുത്തിയത്‌.

2006 ജൂണ്‍ 16 മുതല്‍ 19 വരെ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നത്തില്‍ സന്നിധാനത്തില്‍ സ്‌ത്രീസാന്നിധ്യമുണ്‌ടായിട്ടുണ്‌ടെന്ന ജ്യോത്സ്യന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്‌ണപ്പണിക്കരുടെ പരാമര്‍ശവും ഇതിനെ അനുകൂലിച്ചുകൊണ്‌ട്‌ നടി ജയമാല നടത്തിയ വെളിപ്പെടുത്തലുകളുമാണ്‌ വിവാദമായത്‌. പരാമര്‍ശം സാധൂകരിക്കാനായി പണിക്കരും ജയമാലയും ചേര്‍ന്ന്‌ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്‌.ജ്യോത്സ്യന്റെ വെളിപ്പെടുത്തലിന്‌ വിശ്വാസ്യത നല്‍കാനാണ്‌ ഇത്തരത്തില്‍ ഗൂഢാലോചന നടത്തിയതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

ഉണ്ണികൃഷ്‌ണപ്പണിക്കര്‍ കേസില്‍ ഒന്നാം പ്രതിയും സഹായിയായ രഘുപതി രണ്‌ടാം പ്രതിയും ജയമാല മൂന്നാം പ്രതിയുമായിരുന്നു. ഗൂഢാലോചന, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്‌.

കേസ്‌ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന്‌ ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക