Image

എയര്‍ ഇന്ത്യയുടെ അവഗണനയ്‌ക്കെതിരെ പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌

അനില്‍ കുറിച്ചിമുട്ടം Published on 13 July, 2012
എയര്‍ ഇന്ത്യയുടെ അവഗണനയ്‌ക്കെതിരെ പ്രവാസികള്‍ പ്രക്ഷോഭത്തിലേക്ക്‌
ദമാം: ആവശ്യത്തിനും അനാവശ്യത്തിനും നിരന്തരം സമരം ചെയ്‌തു ഗള്‍ഫ്‌ മലയാളികളെ എന്നും വെള്ളം കുടിപ്പിച്ചിട്ടുള്ള എയര്‍ ഇന്ത്യയുടെ അവഗനനയ്‌ക്കും കെടുകാര്യസ്ഥതയ്‌ക്കും എതിരെ ദമാമിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സങ്കടനകള്‍ ചേര്‍ന്ന രൂപംകൊടുത്ത ജനകീയ കൂട്ടായ്‌മ പ്രക്ഷോഭത്തിലേക്ക്‌. ഇതിന്റെ മുന്നോടിയായി ജൂലൈ 12ന്‌ രാവിലെ 10 നു കൊച്ചിയിലെ എയര്‍ ഇന്ത്യ ഓഫീസിലേക്കു വന്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തുമെന്ന്‌ പ്രവാസി കൂട്ടായ്‌മയുടെ നേതാക്കള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഒരു മാനദണ്ഡവുമില്ലാതെ അടിക്കടിയുള്ള ചാര്‍ജ്‌ വര്‍ധന- പ്രത്യേകിച്ച്‌ സ്‌കൂള്‍ അവധി സമയത്തുള്ള വന്‍ ചാര്‍ജ്‌ വര്‍ധന ഒഴിവാക്കുക, ഷെഡ്യൂള്‍ വെട്ടിച്ചുരുക്കുന്നത്‌ ഒഴിവാക്കുക, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമാന യാത്രക്കാരുള്ള കേരളത്തില്‍ നിന്നും ഗള്‍ഫ്‌ സെക്ടറിലേക്ക്‌ കേടുപാടുകള്‍ ഇല്ലാത്ത വിമാനങ്ങള്‍ ഉപയോഗിക്കുക, എയര്‍ ഇന്ത്യയെ അവശ്യ സര്‍വീസ്‌ ആയി പ്രഖ്യാപിക്കുക എന്നീ മുദ്രാവാഖ്യങ്ങള്‍ ഉയര്‍ത്തി തിരുവനന്തപുരം മുതല്‍ കാസര്‍കോടു വരെ നിലവില്‍ നാട്ടിലുള്ള പ്രവാസികളും അവരുടെ കുടുംബവും മാര്‍ച്ചില്‍ പങ്കെടുക്കും.

രാവിലെ 10 നു മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്‌ടില്‍ നിന്ന്‌ മാര്‍ച്ച്‌ ആരംഭിക്കും. എയര്‍ ഇന്ത്യ ഓഫീസില്‍ എത്തിച്ചേരുന്ന മാര്‍ച്ചില്‍ ഇടതു വലതു രാഷ്ട്രീയ സംഘടനകളുടെ നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ വിവിധ നേതാക്കളുടെ സാന്നിധ്യത്തില്‍ മെമ്മോറാണ്‌ടം എയര്‍ ഇന്ത്യ ഓഫീസര്‍ക്കു നല്‍കും. ഇതിന്റെ കോപ്പി കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും സംസ്ഥാന നേതൃത്വത്തിനും നല്‍കും.

മാര്‍ച്ചിന്‌ നവോദയയുടെ അനില്‍ പട്ടുവം, കെഎംസിസിയുടെ കാദര്‍ ചെങ്കല, നവയുഗത്തിന്റെ നസീര്‍ നിലമേല്‍, ഒഐസിസിയുടെ പി.എം. നജീബ്‌, ഹസന്‍ പെരുമ്പാവൂര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ച്ചില്‍ കുവൈറ്റിലെ ദെല എന്ന സംഘടനയും പങ്കാളിയാകും.

മാര്‍ച്ചിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ദമാമിലെ പൊതു സമൂഹവും സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കളും പങ്കെടുക്കുന്ന സമ്മേളനം 12 നു രാത്രി 8.30 ന്‌ ദമാമിലെ റോസ്‌ റസ്റ്റോറന്റില്‍ നടക്കുമെന്ന്‌ നേതാക്കള്‍ അറിയിച്ചു.

പത്രസമ്മേളനത്തില്‍ ഇ.എം. കബീര്‍, അലികുട്ടി ഒളവട്ടൂര്‍, സി. അബ്ദുള്‍ ഹമീദ്‌, കെ.ആര്‍. അജിത്‌ കുമാര്‍, അബ്ദുള്‍ സമദ്‌ എന്നിവര്‍ പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക